Kerala

ജീവപര്യന്തം ശിക്ഷ കിട്ടി ജയില്‍ കിടന്ന മുന്‍ ഐജിക്ക് പെന്‍ഷന്‍: വീട്ടില്‍ പോലീസ് കാവല്‍

Published by

തിരുവനന്തപുരം: കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയ്‌ക്ക് പെന്‍ഷന്‍ നല്‍കിയത് വിവാദമാകുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച കുറ്റവാളി കെ. ലക്ഷ്മണ കഴിഞ്ഞ 14 വര്‍ഷമായി പെന്‍ഷന്‍ വാങ്ങിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷ്മണയുടെ ഒരു മാസത്തെ പെന്‍ഷന്‍ 53,825 രൂപ. ശിക്ഷ കിട്ടിയതിനുശേഷം മാത്രം 90,42,600 രൂപ (1 കോടിയോളം) പെന്‍ഷന്‍ വാങ്ങി. സിസ്റ്റര്‍ അഭയ കൊലകേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചതിനെ തുടര്‍ന്ന് ഫാ. കോട്ടൂര്‍ കോളേജ് പ്രൊഫസര്‍ എന്ന നിലയില്‍ പെന്‍ഷന്‍ വാങ്ങിക്കുന്നത് സംസ്ഥാന ധനകാര്യവകുപ്പ് (പെന്‍ഷന്‍ബി) തടഞ്ഞിരുന്നു. എന്നിട്ടും റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയ്‌ക്ക് ഇതു ബാധകമല്ലേ എന്നാണ് ആക്ഷേപം ഉയരുന്നത്. ജീവപര്യന്തം ശിക്ഷ അനുഭവിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കുമ്പോള്‍ എല്ലാ മാസവും മുടങ്ങാതെ പെന്‍ഷന്‍ വാങ്ങിക്കുന്നുണ്ടായിരുന്നു.
നക്‌സല്‍ വര്‍ഗീസ് കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയായിരുന്നു ലക്ഷ്മണ. ഡിവൈഎസ്പി ആയിരുന്ന ലക്ഷ്മണയുടെയും ഡിഐജി ആയിരുന്ന വിജയന്റെയും നിര്‍ദേശപ്രകാരം ഒന്നാം പ്രതി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ വര്‍ഗീസിനെ വെടിവച്ചു കൊന്നുവെന്നായിരുന്നു കേസ്. രാമചന്ദ്രന്‍ നായര്‍ വിചാരണയ്‌ക്കിടെ മരിച്ചു. ലക്ഷ്മണയ്‌ക്ക് സിബിഐ കോടതി ജീവപര്യന്തം തടവ് വിധിച്ചു. 2010 ഒക്ടോബര്‍ മുതല്‍ രണ്ടേമുക്കാല്‍ വര്‍ഷത്തോളം അദ്ദേഹം ജയിലില്‍ കഴിഞ്ഞു.75 വയസ്സ് കഴിഞ്ഞ തടവുകാരെ വിട്ടയയ്‌ക്കാമെന്ന ചട്ടമനുസരിച്ച് 2013 ജൂലൈയില്‍ ലക്ഷ്മണയെ സര്‍ക്കാര്‍ ജയില്‍മോചിതനാക്കി. കേസ് നടത്താന്‍ തനിക്ക് 33 ലക്ഷം രൂപ ചെലവായെന്നും അത് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു ലക്ഷ്മണ 2015ല്‍ കഴിഞ്ഞ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. അതു പരിഗണിച്ച സര്‍ക്കാര്‍ 11.65 ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. എന്നാല്‍ വിവാദമായതോടെ തീരുമാനം നടപ്പിലാക്കിയില്ല.
്. ലക്ഷ്മണ തിരുവനന്തപുരത്ത് കവടിയാര്‍ ശ്രീവിലാസ് ലൈനിലെ വീട്ടിലാണ് താമസിച്ചുവരുന്നത്. ഇവിടെ വര്‍ഷങ്ങളായിട്ട് രണ്ട് പോലീസുകാര്‍ സംരക്ഷണം നല്‍കിവരികയാണ്. ലക്ഷ്മണയുടെ വീട്ടു ജോലികളെല്ലാം ചെയ്യുന്നത് പോലീസുകാരാണ്. റിട്ടയേര്‍ഡ് ഡി.ജി.പി. ക്കു പോലും പോലീസ് സംരക്ഷണം ഇല്ലാത്തിടത്ത് കോടതി ശിക്ഷിച്ച ലക്ഷ്മണയ്‌ക്ക് നിയമവിരുദ്ധമായി രണ്ടു പോലീസുകാരെ സഹായത്തിന് വച്ചിരിക്കുന്നതിലും സേനയക്കുളളില്‍ എതിര്‍പ്പുണ്ട്.

1970 ഫെബ്രുവരി പത്തിനാണു വയനാട്ടിലെ തിരുനെല്ലി കാട്ടില്‍ വര്‍ഗീസ് കൊല്ലപ്പെട്ടത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചുവെന്നായിരുന്നു അധികൃതര്‍ പ്രചരിപ്പിച്ചിരുന്നത്. വര്‍ഗീസിനെ പിടികൂടി വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു 1998ല്‍ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തുകയായിരുന്നു. ഇതെ തുടര്‍ന്നാണു സിബിഐ അന്വേഷണം നടത്തിയതും ലക്ഷ്മണ അടക്കമുള്ളവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയതും. വര്‍ഗീസിനെ വധിച്ചതാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഈയിടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: k Lekshmana