കോട്ടയം:പരാതിരഹിത മണ്ഡലതീര്‍ഥാടനകാലം ഉണ്ടാകാന്‍ കാരണം കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെയും ഫലമാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താന്‍ ശബരിമല സന്നിധാനത്ത് സന്ദര്‍ശനത്തിനെത്തിയപ്പോള്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഒരുലക്ഷത്തിലേറെ തീര്‍ഥാടകര്‍ എത്തി. ദിവസമുണ്ടായിട്ടും ഒരാള്‍ പോലും ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മണ്ഡലകാലം പൂര്‍ത്തിയാകുമ്പോള്‍ വന്ന എല്ലാ അയ്യപ്പഭക്തന്മാര്ക്കും ദര്‍ശനം ഉറപ്പാക്കി.ആസൂത്രണത്തിലെ മികവാണ് കാരണം.പതിനെട്ടാം പടിയില്‍ മിനിട്ടില്‍ 85-90 പേര് കയറുന്ന സാഹചര്യം സൃഷ്ടിക്കാനായത് ദര്‍ശനം സുഗമാക്കാന്‍ സഹായിച്ചു. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും സന്നദ്ധസംഘടകളെക്കൂടി ഉള്‍പ്പെടുത്തി കാലേകൂട്ടി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചുലക്ഷത്തോളം ഭക്തരാണ് ഈ 41 ദിവസ കാലയളവില്‍ കൂടുതലായി എത്തിയത്. വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലാണെന്നാണ് താല്‍ക്കാലികമായുളള കണക്ക്. മലകയറിവന്ന എല്ലാവര്ക്കും സൗജന്യഭക്ഷണം ഉറപ്പാക്കാനായി. അപ്പവും അരവണയും എല്ലാവര്ക്കും ലഭിക്കുമെന്ന് ഉറപ്പാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മകരവിളക്ക് ഒരുക്കങ്ങള്‍ സംബന്ധിച്ച് ഡിസംബര്‍ 28ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: