രാമാനുജന്
മലയാള ചലച്ചിത്ര താരം സലിംകുമാര്‍ ഈയിടെ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഏറെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത ഒന്നാണ് ഈ അഭിമുഖം. കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ചതു കാരണം അച്ഛനോടുള്ള വാക്ക് തെറ്റാതിരിക്കാന്‍ വേണ്ടി മാത്രം കോണ്‍ഗ്രസ്സുകാരനായി തുടരുന്ന ആളാണ് താന്‍ എന്നദ്ദേഹം പറയുന്നു. ഇതുവരെ യാതൊരു മത – സാമുദായിക ചായ്വും കാണിച്ചിട്ടില്ലാത്ത, പൊതുവേ എന്തിനേയും തമാശയായി കണ്ട് സമീപിക്കുന്ന ഒരു വ്യക്തിയാണ് സലിംകുമാര്‍. വിവാദവിഷയമായ സംഭാഷണം കാണുന്ന ഒരാള്‍ക്കും അങ്ങനെയേ തോന്നാന്‍ വഴിയുള്ളൂ. സലിംകുമാറിന്റെ സമീപനം മാറിയിട്ടില്ലെങ്കിലും, സമൂഹം വളരെയേറെ മാറി എന്ന കാര്യം അദ്ദേഹത്തിനും മറ്റു മലയാളികള്‍ക്കും തിരിച്ചറിയാന്‍ ഏറ്റവും ഒടുവില്‍ വീണു കിട്ടിയ ഒരു അവസരമാണ് ഈ അഭിമുഖം.
“നാളെ എന്തെന്ന് അറിയാത്ത മനുഷ്യരുടെ ഉത്കണ്ഠയാണ് ഭക്തി” എന്ന് ഈ ഇന്റര്‍വ്യൂവില്‍ സലിം കുമാര്‍ അഭിപ്രായപ്പെട്ടു. അത് വിശദമാക്കാന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പല ഉദാഹരണങ്ങളും പറയുന്നു. പതിനെട്ടു വര്‍ഷം ശബരിമലയില്‍ പോയിട്ടുണ്ടെന്നും, എന്നാല്‍ എല്ലായിടത്തും കച്ചവടമാണ് കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നു. “ഞങ്ങള്‍ക്ക് ഭക്ഷണത്തിന് വഴിതരണേ എന്ന് പ്രാര്‍ഥിക്കാന്‍ അമ്പലങ്ങളില്‍ ചെല്ലുമ്പോള്‍ പായസവും പപ്പടവും ഒക്കെ അങ്ങോട്ട് ചോദിക്കുകയാണ്”. അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍. ഇത്രയും പറഞ്ഞ് നിര്‍ത്തിയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. എന്നാല്‍ മനുഷ്യന് ജീവിച്ചു മതിയാകുന്നില്ല എന്നതിന്റെ പേരില്‍ പല ബാലിശമായ അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചു കൊണ്ട് മറ്റൊരു ഉദാഹരണം കൂടി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വൈറലായ പാലിന്റെയും തേനിന്റെയും മദ്യത്തിന്റെയും പുഴകളെ പറ്റി ദൃക്സാക്ഷിയെന്ന പോലെ വര്‍ണ്ണിക്കുന്ന ഒരു മൊല്ലാക്കയുടെ പ്രഭാഷണത്തെ പറ്റിയാണ് സൂചിപ്പിച്ചത്. കുടുംബത്തോടൊപ്പം ഇടയ്ക്ക് ശ്രീലങ്കയില്‍ പോകാറുണ്ടെന്നും, ഏതാനും വര്‍ഷം മുമ്പ് അത്തരം ഒരു സന്ദര്‍ശന വേളയില്‍ താന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തന്നെ ബോംബ് സ്ഫോടനം ഉണ്ടായെന്നും സലിംകുമാര്‍ പറയുന്നു. തന്റെ സുഹൃത്തായ അവിടത്തെ ഒരു നഴ്സില്‍ നിന്നും അറിഞ്ഞ വിചിത്രമായ ഒരു കാര്യം അദ്ദേഹം പങ്കു വയ്ക്കുന്നു. മരിച്ച ഏഴു പേരുടെ കൂട്ടത്തില്‍ ഒരാളിന്റെ ലിംഗത്തില്‍ ഇരുമ്പുറ ഇട്ടിരുന്നുവത്രേ ! “ബാക്കി ശരീരം മുഴുവനും തകര്‍ന്ന് മരിച്ചാലും കുഴപ്പമില്ല, സ്വര്‍ഗ്ഗത്തില്‍ എത്തുമ്പോള്‍ ഹൂറികളോടൊപ്പം കഴിയാന്‍ അത് ബാക്കിയാവണം ! ഇങ്ങനെ ചിന്തിക്കുന്ന വിധം മനുഷ്യരില്‍ അന്ധവിശ്വാസം വളര്‍ന്നിരിക്കുന്നു” അദ്ദേഹം പറഞ്ഞു. പോരേ പൂരം ?
ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ സലിംകുമാറിനെ ആക്രമിക്കുന്നവരുടെ തിരക്കാണ്. ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി അദ്ദേഹം പൊളി പറഞ്ഞു, മതത്തെ അപമാനിച്ചു എന്നൊക്കെയാണ് കോലാഹലം. സ്വര്‍ഗ്ഗത്തിലെ പാലും തേനും മദ്യവും ഒഴുകുന്ന പുഴകളെ പറ്റി മതപണ്ഡിതര്‍ തന്നെ വര്‍ണ്ണിക്കുന്ന വീഡിയോ ജനങ്ങള്‍ നേരിട്ട് ഇഷ്ടം പോലെ കേട്ടിട്ടുള്ളതാണ്. അതുകൊണ്ട് അത് ചര്‍ച്ചയാകുന്നില്ല. സലിംകുമാറിന്റെ ഇല്ലാക്കഥയാണതെന്ന് പറഞ്ഞാല്‍ വിലപ്പോകില്ല. ശ്രീലങ്കയിലെ ഭീകരന്റെ മൃതദേഹത്തിന്റെ കാര്യത്തില്‍ അദ്ദേഹം കേട്ടറിഞ്ഞ കാര്യത്തിന് തെളിവ് ഹാജരാക്കാന്‍ പ്രയാസവുമാണ്. എന്നാല്‍ നെറ്റില്‍ തിരഞ്ഞാല്‍ അത്തരം സംഭവങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി കാണാം. ഇതില്‍ ചിരിച്ച് തള്ളിക്കളയാന്‍ കഴിയാത്ത ഗൗരവമേറിയ മനശ്ശാസ്ത്ര വശങ്ങള് ഉണ്ട്. എന്തുകൊണ്ട് ചിലര്‍ ആത്മഹത്യാ ബോംബാക്രമണങ്ങള്‍ക്ക് മുതിരുന്നു ? എന്താണ് അവരെ അതിനായി പ്രചോദിപ്പിക്കുന്നത് ? രാഷ്ട്രീയവും മതപരവും മറ്റുമായ കടുത്ത അനീതിയും ചൂഷണവുമാണോ ഇത്തരം പ്രതികരണത്തിന് പ്രേരിപ്പിക്കുന്നത് ? ശക്തരായ എതിരാളികളോട് പൊരുതാന്‍ ആയുധബലമില്ലാത്ത ചൂഷിതര്‍ക്ക് ഇതല്ലാതെ വേറെ വഴിയില്ല എന്നാണ് പലപ്പോഴും നമുക്കിടയിലെ ഇസ്ലാമിസ്റ്റുകളുടെ ന്യായീകരണം. സൈനിക ശക്തികളായ ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെ ഹമാസും ഐസിസും നടത്തുന്ന ആത്മഹത്യാ ബോംബാക്രണങ്ങള്‍ ഇത്തരത്തില്‍ ഉള്ളവയാണത്രേ ! കേള്‍ക്കുമ്പോള്‍ ശരിയല്ലേ എന്ന് ഏവര്‍ക്കും തോന്നും.
എന്നാല്‍ ജിഹാദ് ചെയ്യുന്നവര്‍ക്കായി ദൈവം ഒരുക്കി വച്ചിട്ടുള്ള സ്വര്‍ഗ്ഗീയ സുഖങ്ങളെ കുറിച്ചുള്ള വര്‍ണ്ണനകള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ തന്നെ ഉള്ളതാണ്. അവ വിശദീകരിച്ച് ഉസ്താദുമാര്‍ പറയുന്നതു കേട്ടാല്‍ ഇത്തരം സാഹസങ്ങള്‍ മതാന്ധവിശ്വാസത്തിന്റെ ഫലമാണെന്ന് കാണാന്‍ പ്രയാസമില്ല. കാരണം യഥാര്‍ത്ഥ ജീവിതം ഇവിടെയല്ല, മരണാനന്തരം പരലോകത്തിലാണ് എന്നാണ് വിശ്വാസിയുടെ ബോദ്ധ്യം. ഇവിടെ എത്രയൊക്കെ നല്ല നിലയ്ക്ക് ജീവിച്ചാലും അതില്‍ തൃപ്തി വരില്ല. നിറം പിടിപ്പിച്ച ആ ലോകത്തേക്ക് എത്തിപ്പെടാനുള്ള തിടുക്കത്തിലാണ് അത്തരക്കാര്‍. മതത്തിനു വേണ്ടി മരിക്കുന്നവരുടെ എല്ലാ തെറ്റുകളും ദൈവം പൊറുത്തു കൊടുക്കുമെന്നും ഓഫറുണ്ട്. അപ്പോള്‍ പിന്നെ യാതൊരു ഗുണവുമില്ലാത്ത ഈ ലോകത്ത് വെറുതേ ചുറ്റിത്തിരിഞ്ഞ് സമയം കളയുന്നതെന്തിന് എന്നാണ് ഒരു മതതീവ്രവാദി ചിന്തിക്കുക. എത്രയും പെട്ടെന്ന് ജിഹാദ് ചെയ്ത് പരലോകത്തേക്ക് എത്താനുള്ള അവസരം അത്തരക്കാര്‍ തേടിക്കൊണ്ടിരിക്കും. ശ്രീലങ്കയില്‍ 2019 ഏപ്രില്‍ 21 ന് (ഈസ്റ്റര്‍ ദിനം) നടന്ന ഭീകരാക്രമണം അത്തരത്തില്‍ ജിഹാദിന് അവസരം തേടി കഴിഞ്ഞിരുന്ന ഒരു പറ്റം മതം തീനികളുടെ പ്രവൃത്തിയായിരുന്നു.
ശ്രീലങ്കയില്‍ നടന്ന ബോംബ് സ്ഫോടനത്തിന്റെ പ്രധാന കണ്ണികള്‍ ഇല്ഹം ഇബ്രാഹിം, ഇന്‍ഷാദ് ഇബ്രാഹിം എന്നിവരായിരുന്നു. ബിസിനസ് മേഖലയില്‍ വിജയം വരിച്ച യുവാക്കളായ രണ്ട് സഹോദരന്മാര്. അവരുടെ പിതാവ് സുഗന്ധ ദ്രവ്യ ബിസിനസ്സിലൂടെ രാജ്യത്തെ ഏറ്റവും വലിയ ധനികരില്‍ ഒരാളായി മാറിയ മുഹമ്മദ് യൂസഫ് ഇബ്രാഹിം. മൂന്ന് പുത്രിമാര്‍ ഉള്‍പ്പെടെ ഒമ്പത് മക്കളാണ് അദ്ദേഹത്തിന്. യാതൊരു അല്ലലും അലട്ടും ഇല്ലാതെ ജീവിച്ചിരുന്ന കുടുംബം. മുസ്ലീങ്ങള്‍ക്കെതിരെ യാതൊരു പ്രശ്നങ്ങളും നിലവിലില്ലാത്ത സുന്ദരമായ രാജ്യം. അവിടെയാണ് ഒരു ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ ഏട്ടേ മുക്കാലോടെ ഒരു ക്രിസ്ത്യന്‍ പള്ളിയിലെ പ്രാര്‍ഥനാ യോഗത്തിലും തൊട്ടു പുറകേ മൂന്ന് സ്റ്റാര്‍ ഹോട്ടലുകളിലും ഒന്നിനു പുറകേ ഒന്നായി ആത്മഹത്യാ ബോംബര്‍മാര്‍ പൊട്ടിത്തെറിച്ചത്. മറ്റൊരു സ്റ്റാര്‍ ഹോട്ടലില്‍ ഭീകരന് സ്ഫോടനം നടത്താന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് കൃത്യമായി പ്രവര്‍ത്തിക്കാത്തതു കൊണ്ട് ബോംബ് പൊട്ടിയില്ല. അന്ന് ഉച്ച തിരിഞ്ഞ് വസതിയില്‍ റെയിഡിന് എത്തിയ പോലീസ് സംഘത്തിനു നേരെ ഇല്ഹം ഇബ്രാഹിമിന്റെ ഗര്‍ഭിണിയായ ഭാര്യ മനുഷ്യബോംബായി പൊട്ടിത്തെറിച്ചു. അവരുടെ മൂന്നു കുട്ടികളും മൂന്നു പോലീസുകാരും കൊല്ലപ്പെട്ടു. ഗര്‍ഭസ്ഥ ശിശു ഉള്‍പ്പെടെ സ്വന്തം മൂന്നു കുട്ടികളെ കൂടി കുരുതി കൊടുത്തു കൊണ്ട് സ്വര്‍ഗ്ഗം നേടാന്‍ ശ്രമിക്കുന്ന ഈ മാനസികാവസ്ഥയെ മനോരോഗം എന്നല്ലാതെ മറ്റെന്താണ് പറയുക ?
മതത്തിന്റെ മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ച് ജിഹാദ് ചെയ്യാനുള്ളതാണ് വിശ്വാസിയുടെ ശരീരം എന്നാണ് മതമൗലിക വാദികള്‍ വിശ്വസിക്കുന്നത്. ആ വിശ്വാസത്തിന്റെ അനന്തര ഫലമാണ് അവയവ ദാനത്തിനുള്ള മതപരമായ വിലക്ക്. “ശരീരം നമുക്ക് തന്നത് സ്രഷ്ടാവാണ്. അതുകൊണ്ട് അത് ദാനം ചെയ്യാനുള്ള അനുവാദം നമുക്കില്ല”. ഇതാണ് ഒരു വാദം. എന്നാല്‍ ബോംബ് കെട്ടിവച്ച് ശരീരം സ്വയം പൊട്ടിച്ചിതറാന്‍ ഈ വാദം ഒരു തടസ്സമല്ല താനും. മറ്റൊന്ന് ഒരു വിശ്വാസി തന്റെ അവയവം ദാനം ചെയ്യുകയും, അത് സ്വീകരിക്കുന്ന വ്യക്തി ആ അവയവം ഉപയോഗിച്ച് അള്ളാഹുവിന് നിരക്കാത്ത കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ അതിന്റെ പാപവും ശിക്ഷയും അവയവം ദാനം ചെയ്ത വ്യക്തിക്കാണത്രേ ! ഉദാഹരണമായി ഒരു ഉസ്താദ് പറയുന്നത് വിശ്വാസിയുടെ കണ്ണ് സ്വീകരിക്കുന്ന വ്യക്തി അതുപയോഗിച്ച് ബ്ലൂ ഫിലിം കണ്ടാല്‍, ആ കണ്ണ് ദാനം ചെയ്ത വ്യക്തിക്ക് ശിക്ഷയുണ്ട് എന്നാണ്. അതുകൊണ്ട് അവയവ ദാനം നിഷിദ്ധമാണ്. ഇത്തരക്കാരെ എങ്ങനെയാണ് സാമാന്യ ബോധത്തിലേക്ക് കൊണ്ടു വരിക ?
വിശ്വാസങ്ങളെ ഒരു ആധുനിക സമൂഹം എങ്ങനെ ഉള്‍ക്കൊള്ളണം എന്ന് ഗൗരവമായി ചിന്തിപ്പിക്കുന്ന അനുഭവങ്ങളാണ് ഇന്ന് ഓരോ ദിവസവും നേരിട്ടു കൊണ്ടിരിക്കുന്നത്. അത്തരം എല്ലാ വിശ്വാസങ്ങളേയും മാനിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ല എന്നതുറപ്പാണ്. വ്യക്തികള്‍ക്കും സമൂഹത്തിനും ദോഷം ചെയ്യാത്ത നിരുപദ്രവമായ വിശ്വാസങ്ങള്‍ മാത്രമേ ഇനിമേല്‍ മാനിക്കപ്പെടുകയുള്ളൂ. ചിരിയും ചിന്തയും ഉണര്‍ത്തി സലിംകുമാര്‍ ചൂണ്ടിക്കാണിച്ച ഈ ജീര്‍ണ്ണതയെ ഏറെനാള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: