Kerala

അഗസ്ത്യമലയുടെ അടിവാരത്തില്‍ മതംമാറ്റം വ്യാപകം

Published by

തിരുവനന്തപുരം: ഗോത്രജനതയുടെ തീര്‍ത്ഥാടനകേന്ദ്രമായ അഗസ്ത്യമലയുടെ അടിവാരവും പരിസരവും മതംമാറ്റം വ്യാപകമായതോടെ പട്ടികവര്‍ഗ ഗോത്രജനത പരിഭ്രാന്തിയില്‍. തങ്ങളുടെ ആചാരങ്ങളും ഗോത്ര ദൈവപ്പുരകളും മതംമാറ്റക്കാരാല്‍ അന്യംനില്‍ക്കുമെന്ന ഭീതിയിലാണ് പ്രദേശം. പ്രദേശത്ത് കൂട്ടത്തോടെ തമ്പടിച്ച ലൗജിഹാദ് സംഘങ്ങളും പരാധീനതകള്‍ മുതലെടുത്ത് എത്തുന്ന മിഷണറി സംഘങ്ങളുമാണ് മതംമാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്.

കുറ്റിച്ചല്‍ പഞ്ചായത്തിലെ മാങ്കോട് സെറ്റില്‍മെന്റിലും മുളമൂട് സെറ്റില്‍മെന്റിലും 7 കുടുംബങ്ങള്‍ വീതമാണ് മതംമാറിയത്. അഗസ്ത്യവന മേഖലയിലെ വാലിപ്പാറയില്‍ 10 കുടുംബങ്ങള്‍ മതംമാറി. കുമ്പിടി സെറ്റില്‍മെന്റിലാകട്ടെ 4 കുടുംബങ്ങളാണ് മതംമാറിയത്. അമ്പൂരി പഞ്ചായത്തിലെ തൊടുമല വാര്‍ഡില്‍ 10 കുടുംബങ്ങള്‍ മതംമാറി. പെരിങ്ങമ്മല പഞ്ചായത്തിലെ ഒരു പറയില്‍ 13 കുടുംബങ്ങളെ മതംമാറ്റി. നിരവധി സെറ്റില്‍മെന്റുകളില്‍ മതംമാറ്റം നിരന്തരം നടക്കുന്നുണ്ടെന്ന് പട്ടികവര്‍ഗ സെറ്റില്‍മെന്റിലെ താമസക്കാര്‍ പറയുന്നു. ഇവരെല്ലാംതന്നെ ക്രൈസ്തവ മിഷണറിമാരുടെ വലയില്‍പ്പെട്ടാണ് മതംമാറിയത്.

പെരിങ്ങമ്മല പഞ്ചായത്തില്‍ മുസ്ലീം വിഭാഗമാണ് പട്ടികവര്‍ഗ ജനതയെ ലക്ഷ്യമിട്ട് മതംമാറ്റത്തിന് തീവ്രശ്രമം ആരംഭിച്ചിട്ടുള്ളത്. ഞാറനീലിയിലെ കുറുപ്പുംകാലയില്‍ പട്ടികവര്‍ഗ പെണ്‍കുട്ടിയെ മഞ്ഞപ്പാറ പള്ളിയില്‍ വച്ച് മുസ്ലീം മതത്തിലേക്ക് മാറ്റുകയും പ്രദേശവാസിയായ മുസ്ലീം വിവാഹം ചെയ്യുകയും ചെയ്തു. ഇതിലൂടെ പട്ടികവര്‍ഗ കുടുംബത്തിന്റെ നാലേക്കറോളും ഭൂമിയും ഇയാള്‍ സ്വന്തമാക്കി. ഓരോ പെണ്‍കുട്ടിയേയും ലക്ഷ്യമിട്ട് ഇരുപതോളം പേര്‍വരുന്ന ലൗ ജിഹാദ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. പഠിക്കാന്‍പോകുന്ന പെണ്‍കുട്ടികളുടെ പിന്നാലെ കൂടുന്ന ഇവരിലാരെങ്കിലുമായി പെണ്‍കുട്ടിക്ക് അടുപ്പം തോന്നിയാല്‍ പിന്നെ എല്ലാപേരും ചേര്‍ന്നുള്ള ലൈംഗിക ചൂഷണത്തില്‍ വരെ ഇതെത്തുന്നു. ചില കുട്ടികളെ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് കൈമാറിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പൂര്‍ണമായും ഇവരുടെ കെണയില്‍പ്പെട്ടെന്ന് മനസിലാക്കുന്നതോടെ പെണ്‍കുട്ടികള്‍ ആത്മഹത്യയില്‍ അഭയം തേടുന്നു.

ലൗ ജിഹാദ് സംഘങ്ങള്‍ മദ്യവും മയക്കുമരുന്നും നല്‍കി സ്ഥലത്തെ യുവാക്കളെ ഇടനിലക്കാരാക്കി പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തിയ സംഭവങ്ങളും നിരവധിയാണ്. ബംഗാളില്‍ നിന്ന് വന്നവര്‍പോലും ഗോത്രജനതയ്‌ക്കിടയില്‍ വിവാഹബന്ധമുറപ്പിക്കുന്നതായ ആരോപണമുണ്ട്. ഇതിലൂടെ മതതീവ്രവാദികളും വനമേഖലകളില്‍ സുരക്ഷിത ഇടം കണ്ടെത്തിയേക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക