കോഴിക്കോട്: എം.ടി വാസുദേവൻ നായർക്ക് അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊട്ടാരം റോഡിലെസിതാരയിലെത്തി. രാവിലെ 10.40 ഓടെയാണ് അദ്ദേഹം എത്തിയത്.മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
എം.ടി.യുടെ അവസാന പ്രസംഗം ഏറെ വിവാദമായിരുന്നു. രാഷ്‌ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റിയാണ് അതില്‍ അദ്ദേഹം പറഞ്ഞത്. കോഴിക്കോട് നടന്ന കെ എല്‍ എഫ് വേദിയിലായിരുന്നു അത്. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുട്ടുകളല്ല സ്വാതന്ത്ര്യം എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം മുഖ്യമന്ത്രിയോടുള്ള പ്രതികരണമായാണ് വിലയിരുത്തപ്പെട്ടത്.
റഷ്യയിലെ രാഷ്‌ട്രീയ, സാമൂഹ്യ അധികാരചരിത്രത്തെ ചൂണ്ടിക്കാട്ടി അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി എന്ന് കേരളത്തെ ഓർമ്മിപ്പിച്ചു. നയിക്കാൻ കുറച്ചു പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ ധാരണ തിരുത്തിയ പൂർവികർ നേതൃപൂജകളിൽ അഭിരമിച്ചിരുന്നില്ലെന്ന് പുതിയ കാലത്തെ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും തിരുത്തലിന്റെ കരുത്തുള്ള ആ വാക്കുകൾ വേദിയിൽ കേട്ടിരുന്നു.
അതേസമയം കോഴിക്കോട് കൊട്ടാരം റോഡും സിതാരയും നിറഞ്ഞ് ജനപ്രവാഹം. പ്രിയപ്പെട്ട കഥാകാരനെ അവസാനമായി ഒരു നോക്ക് കാണാനായി ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, നടൻ മോഹൻലാൽ, ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, സംവിധായകൻ ഹരിഹരൻ, വി.എം.വിനു, എഴുത്തുകാരായ പി.കെ. പാറക്കടവ്, കൽപറ്റ നാരായണൻ, ആലങ്കോട് ലീലാകൃഷ്ണൻ, യു.കെ. കുമാരൻ, എം.എം. ബഷീർ, കെ.പി. സുധീര, പി.ആർ. നാഥൻ, കെ.സി. നാരായണൻ, എം.പി. അബ്ദുസമദ് സമദാനി എം.പി, പി.ആർ.നാഥൻ, സുനിൽ സ്വാമി, ജോയ് മാത്യു, നടൻ വിനീത്, രമേശൻപലേരി, ലത്തീഫ് പറമ്പിൽ, എം.വി.ഗോവിന്ദൻ, ഫാദർ. വർഗീസ് ചക്കാലക്കൽ, സുരാജ് വെഞ്ഞാറമൂട്, തുടങ്ങി പ്രമുഖർ സിതാരയിലെത്തി അന്ത്യോപചാരമർപ്പിച്ചു. ഇന്ന് വൈകിട്ട് 4 മണി വരെയാണ് വീട്ടിൽ പൊതുദർശനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: