തിരുവനന്തപുരം: മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തത് കേരളത്തിന്റെ തന്നെ സംസ്കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളത് നേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല. അങ്ങനെയുള്ളവരാണ് കാലത്തെ അതിജീവിക്കുന്നത്.
അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ കണ്മുന്നില് കാണുന്ന നിളാ നദിയെ ഇഷ്ടപ്പെട്ട, മനുഷ്യാവസ്ഥയെ ലളിതമായും കഠിനമായും ആവിഷ്ക്കരിച്ച, ആത്മസംഘര്‍ഷങ്ങളും സങ്കടചുഴികളും നഷ്ട്ടപ്പെടലിന്റെ വേദനയും ആഹ്ളാദത്തിന്റെ കൊടുമുടികളും കടന്ന് മൗനത്തിന്റെ തീവ്രതയെ അളവു കോലില്ലാതെ അടയാളപ്പെടുത്തിയ എം.ടി ഒരു മഹാമനുഷ്യനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: