ഗദ്യംകൊണ്ട് കവിതയെഴുതിയ മഹാപ്രതിഭയാണ് എം.ടി. വാസുദേവന്‍ നായര്‍. മലയാള ഭാവനയുടെ തിരുസന്നിധിയില്‍ അദ്ദേഹം സമര്‍പ്പിച്ചകഥകളും നോവലുകളും തിരക്കഥകളും അതിവിപുലമായ അര്‍ത്ഥപ്രപഞ്ചം സൃഷ്ടിച്ചുകൊണ്ട് കാലിച്ചിതലിന്റെ ആക്രമണമേറ്റു ജീര്‍ണിക്കാതെ തീവ്രകാന്തിയോടെ നിലകൊണ്ടു. ആസ്വാദനശീലങ്ങളും മൂല്യനിര്‍ണയ മാനദണ്ഡങ്ങളും പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടും എംടിയുടെ ജനപ്രീതിക്ക് തെല്ലും കുറവുണ്ടായിട്ടില്ല. സര്‍ഗപ്രതിഭയുടെ പരാഗരേണുക്കള്‍ പുരളാത്ത ഒരു കലാസൃഷ്ടിയും ആ തൂലികത്തുമ്പില്‍ നിന്ന് പിറന്നുവീണിട്ടില്ല. ”എംടിയൊരിക്കലും എംപ്റ്റിയാവില്ല” എന്നെഴുതിയപ്പോള്‍ കുഞ്ഞിണ്ണിമാഷ് മനസ്സില്‍ കണ്ടതും ഇതേ സത്യം തന്നെ. തലമുറഭേദമില്ലാതെ ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഏകാന്തവിസ്മയത്തിന്റെ പേരാണ് എം.ടി. വാസുദേവന്‍ നായര്‍.
കല ജീവിതം തന്നെയാണെന്ന് കുട്ടികൃഷ്ണമാരാര്‍ പ്രഖ്യാപിച്ചതിന്റെ പ്രത്യക്ഷസാക്ഷ്യങ്ങളാണ് എംടി പണിതുയര്‍ത്തിയ അക്ഷരഗോപുരങ്ങള്‍. എംടി ചെത്തിക്കോരിയ കഥയുടെ നാട്ടുപാതകള്‍ ഗൃഹാതുരതയും നിഴലും നിറവും നിറഞ്ഞ ആസ്വാദനത്തിന്റെ പാരിതോഷികങ്ങളായി നാമിന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. കവിതകൊണ്ട് ചങ്ങമ്പുഴ സൃഷ്ടിച്ച കാല്പനിക ലോകത്തിന് സമാനമായൊരു ലോകം തനതായ ബിംബകല്‍പനകളിലൂടെയും കഥനമുഹൂര്‍ത്തങ്ങളിലൂടെയും സൃഷ്ടിച്ചത് പൊറ്റക്കാടിനൊപ്പം എം.ടി. വാസുദേവന്‍നായരായിരുന്നുവെന്ന് ഇന്ന് നാം തിരിച്ചറിയുന്നു. എംടിയുടെ ഭാവനാസ്പര്‍ശമേല്ക്കുമ്പോള്‍ ചരിത്രവും ഐതിഹ്യവും പുരാണവും പുതിയ രൂപഭാവങ്ങളാര്‍ജ്ജിക്കുന്നു.
രണ്ടാമൂഴവും വൈശാലിയും ഒരു വടക്കന്‍ വീരഗാഥയും പെരുന്തച്ചനും പഴശിരാജയും ഭാവുകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠിതമായത് ക്ഷീണിക്കാത്ത മനീഷിയും മഷിയുണങ്ങീടാത്ത പൊന്‍പേനയുമായി എംടി ജാഗ്രതയോടെ നിലകൊള്ളുന്നതുകൊണ്ടാണ്. ജീവിതത്തിന്റെ ക്രിയാവിചിത്രമായ ബാഹ്യസ്പന്ദനങ്ങളേക്കാള്‍ മാനസികലോകത്തിന്റെ ചലനങ്ങള്‍ സൂക്ഷ്മമായി ഒപ്പിയെടുത്തുകൊണ്ടാണ് എംടി അക്ഷരോപാസന നാളിതുവരെ നിര്‍വഹിച്ചുപോന്നത്. വള്ളുവനാട് ഗ്രാമീണ ജീവിത പശ്ചാത്തലത്തില്‍, ക്ഷയോമുഖമായ നായര്‍ത്തറവാടുകളില്‍ രൂപം കൊണ്ട സംഘര്‍ഷങ്ങളെ ആഴത്തില്‍ ചിത്രീകരിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. കാലത്തിന്റെയും ചരിത്രത്തിന്റെ ഗതിപരിണാമങ്ങളെയും അസ്വസ്ഥതകളെയും സൈദ്ധാന്തികഭാരങ്ങളില്ലാതെ വരച്ചുകാട്ടുന്നതില്‍ എംടിയോളം വിജയിച്ച എഴുത്തുകാരനുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരം. ആധുനികതയുടെയും ഉത്തരാധുനികതയുടെയും പ്രളയപ്പാച്ചിലില്‍ പേരിളകാതെ നിന്ന മഹാവൃക്ഷം കൂടിയാണ് എം.ടി. വാസുദേവന്‍ നായര്‍.
മോഹഭംഗത്തിന്റെയും ആത്മനിന്ദയുടെയും പശ്ചാത്താപത്തിന്റെയും പകയുടെയും പ്രണയത്തിന്റെയും ശാലീനതയുടെയും ആഴമെന്തെന്നത് ഏറിയകൂറും മലയാളിക്ക് ബോധ്യമായത് എംടിയെ വായിച്ചനുഭവിച്ചപ്പോഴാണ്. നഗരപ്രവാസികളായ യുവാക്കളുടെ അന്തസംഘര്‍ഷങ്ങളെയും സ്വന്തമായി വള്ളവും വലയുമുള്ള ഈ മഹാപ്രതിഭ പിഴവുകളില്ലാതെ കാട്ടിത്തന്നിട്ടുണ്ട്.
ഒ.വി. വിജയനും എം. മുകുന്ദനും മറ്റും സൃഷ്ടിച്ച സമൂഹഭ്രഷ്ടരും നിഷേധികളുമായ നായകന്മാരുടെ പൂര്‍വരൂപങ്ങള്‍ എം.ടിയുടെ കഥാപ്രപഞ്ചത്തില്‍ നിന്ന് കണ്ടെടുക്കാനാവും. ഇരുട്ടിന്റെ ആത്മാവ്, വാനപ്രസ്ഥം, ഷെര്‍ലക്, വളര്‍ത്തുമൃഗങ്ങള്‍, ചെറിയ ചെറിയ ഭൂകമ്പങ്ങള്‍, ഒരു പിറന്നാളിന്റെ, ഓര്‍മ, കുട്ട്യേടത്തി, ബന്ധനം, സുകൃതം തുടങ്ങിയ ചെറുകഥകള്‍ ഭാവഗീതത്തിന്റെ തലത്തിലേക്ക് കഥ ഉയര്‍ത്തിയതിന്റെ തെളിവുകളാണ്.
മഞ്ഞ്, നാലുകെട്ട്, കാലം, രണ്ടാമൂഴം, അസുരവിത്ത്, വാരാണസി തുടങ്ങിയ നോവല്‍ ശില്‍പ്പങ്ങള്‍ മലയാളിയുടെ സൗന്ദര്യശീലങ്ങളെ തന്നെ പുതുക്കിപ്പണിതിട്ടുണ്ട്. ആത്മ സ്പര്‍ശമുള്ള ഭാഷയും സങ്കീര്‍ണസ്വാഭാവികങ്ങളായ കഥാപാത്രങ്ങളുടെ സാന്നിധ്യവും ദേശകാലങ്ങളെപ്പോലും പുനര്‍നിര്‍വചിക്കുന്ന ആഖ്യാനതന്ത്രത്തിന്റെ മികവും ഈ നോവലുകളെ ജനപ്രിയമാക്കി. ആന്തിരക ശൈഥില്യങ്ങളിലും വിധി പ്രഹരങ്ങളിലും പെട്ടുഴലുന്ന മനുഷ്യരാണ് എംടിയുടെ ഒട്ടുമിക്ക കഥാപാത്രങ്ങളും. ശക്തമായ പരസ്യമുദ്രകളും അനുഷ്ഠാനാന്തരീക്ഷവും കൊണ്ട് നിര്‍ഭരമാണ് എംടിയുടെ സര്‍ഗപ്രപഞ്ചം.
സവര്‍ണഫ്യൂഡല്‍ പ്രത്യയശാസ്ത്രവും വരേണ്യഭാഷയും പ്രചരിപ്പിച്ച എഴുത്തുകാരനായി എം.ടിയെ മുദ്രകുത്തുവാന്‍ ചില കേന്ദ്രങ്ങള്‍ കുറേനാളായി പരിശ്രമിച്ചുവരുന്നുണ്ട്. നിളയും നിലവിളക്കും സര്‍പ്പക്കാവും സന്ധ്യാനാമജപവും ക്ഷേത്രവും കാവും നാലുകെട്ടും തുളസിത്തറയും നിറഞ്ഞ എംടിയുടെ സര്‍ഗാത്മകതയോട് ഒരുതരം പ്രതികാരഭാവമാണവര്‍ക്ക്. ഒ.വി. വിജയനോടും പി. കുഞ്ഞിരാമന്‍നായരോടും ഇതേ മനോഭാവമാണ് ഇവര്‍ വച്ചുപുലര്‍ത്തുന്നത്. കേരളീയതയോടും ഭാരതീയതയോടും ഒന്നുപോലെ അസഹിഷ്ണുത കാട്ടുന്ന ഇക്കൂട്ടരുടെ ഗൂഢോദ്ദേശ്യം എംടി വേണ്ടവിധം തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന സംശയം ബാക്കിയാവുന്നു. വ്യാസദര്‍ശനത്തിന്റെ ആഴവും ഗരിമയും വേണ്ടത്ര ഗ്രഹിക്കാതെ എംടിയെഴുതിയ ‘രണ്ടാമൂഴം’ എന്ന നോവലിനെതിരെ മാത്രം ഇക്കൂട്ടര്‍ ഒന്നും പറഞ്ഞുകണ്ടിട്ടുമില്ല. എംടി അധ്യക്ഷനായ തിരൂര്‍ തുഞ്ചന്‍പറമ്പിലെ എഴുത്തച്ഛന്‍ സ്മാരകത്തില്‍ ഭാഷാപിതാവിന്റെ പ്രതിമ സ്ഥാപിക്കുവാന്‍ സാംസ്‌കാരിക കേരളമൊന്നാകെ ആവശ്യപ്പെട്ടപ്പോള്‍ തടസവാദങ്ങളുന്നയിച്ചവരും ഇക്കൂട്ടര്‍ തന്നെ. .
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരെന്ന നിലയില്‍ എംടി പ്രവര്‍ത്തിച്ച കാലഘട്ടം ഭാഷയ്‌ക്കും സാഹിത്യത്തിനും അഭികാമ്യമായ ദിശാവ്യതിയാനം നിര്‍ദ്ദേശിച്ചത് നന്ദിയോടെ ഇത്തരുണത്തില്‍ സ്മരിക്കട്ടേ. കാഥികന്റെ പണിപ്പുര എന്ന കൃതിയെഴുതി കഥനകലയുടെ മാന്ത്രികലോകത്തിലേക്ക് മലയാളിയെ കൈപിടിച്ചുനടത്തിയതും മറക്കാനാവില്ല. ‘ഗോപുരനടയില്‍’ എന്ന നാടകമെഴുതി നാടക സാഹിത്യശാഖയ്‌ക്ക് പുതിയ മാനങ്ങളേകിയത് വേണ്ടതുപോലെ നിരൂപകര്‍ മനസ്സിലാക്കിയിട്ടില്ല എന്നുകൂടി സൂചിപ്പിക്കട്ടെ. നിര്‍മാല്യവും കടവും പരിണയവും സദയവും പഞ്ചാഗ്നിയും സുകൃതവും നഖക്ഷതങ്ങളും ഓളവും തീരവും അഭ്രപാളിയില്‍ സൃഷ്ടിച്ച അനശ്വരതയുടെ മുദ്രകളായി. എഴുതിയ യാത്രാവിവരണങ്ങളും ലേഖനങ്ങളും മുന്തിയ കൃതികള്‍ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: