Kerala

കോടതി ഉത്തരവ് ലംഘിച്ച് ക്ഷേത്ര സ്വത്തുക്കള്‍ക്ക് പട്ടയം; പ്രതിഷേധവുമായി ദേവസ്വം

Published by

കണ്ണൂര്‍: ഹൈക്കോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വകാര്യ വ്യക്തികള്‍ക്ക് മലബാറിലെ ക്ഷേത്ര സ്വത്തുക്കളില്‍ പട്ടയം അനുവദിക്കുന്നതായി ആക്ഷേപം.

മതിയായ രേഖകളോ പരിശോധനയോ ഇല്ലാതെ സ്വകാര്യ വ്യക്തികള്‍ക്ക് പട്ടയം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ട് ഫയല്‍ ചെയ്ത ഡബ്യുപിസി 8851/2020 അന്യായം പരിഗണിച്ച് ക്ഷേത്രസ്വത്തുക്കള്‍ക്ക് പട്ടയം അനുവദിക്കുന്നതില്‍ 2021 ഡിസംബര്‍ 15നും 2023 മാര്‍ച്ച് 14നും ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പട്ടയക്കേസുകളില്‍ ദേവസ്വങ്ങള്‍ക്ക് നോട്ടീസ് നല്‍കാനും വാദം കേള്‍ക്കാനും മതിയായ അവസരങ്ങള്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കേസ് 29ന് വീണ്ടും പരിഗണിക്കും.

1951 ലെ മദ്രാസ് റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്ടിലെ സെക്ഷന്‍ 29 പ്രകാരമുള്ള പാട്ടങ്ങള്‍ മാത്രമേ അടിസ്ഥാന രേഖയായി സ്വീകരിക്കാവൂ എന്ന് കോടതി പ്രത്യേകം ഉത്തരവിട്ടിരുന്നു. ഇത് മാനിച്ചാണ് ക്ഷേത്രസ്വത്തുക്കള്‍ പതിച്ച് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ചുമതലയേറ്റ ഉദ്യോഗസ്ഥന്‍ ഇത് മറികടക്കുകയാണെന്നാണ് ആക്ഷേപം.

ഹൈക്കോടതി വിധിയെ മറികടക്കാന്‍ ലാന്‍ഡ് ബോര്‍ഡ് പുറപ്പെടുവിച്ച കത്ത് അടിസ്ഥാനമാക്കിയാണ് ക്ഷേത്രസ്വത്തുക്കള്‍ തീറെഴുതി നല്‍കുന്നത്. ചിറക്കല്‍ ദേവസ്വം ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ ലാന്‍ഡ് റവന്യു ബോര്‍ഡ് ഉത്തരവ് റദ്ദ് ചെയ്യുകയും നേരത്തയുള്ള വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ പട്ടയം അനുവദിക്കാവുവെന്ന് 19ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

1963 ലെ ഭൂപരിഷ്‌കരണ നിയമം 74-ാം വകുപ്പില്‍ പ്രൊഹിബിഷന്‍ ഓഫ് ഫ്യൂച്ചര്‍ ടെനന്‍സികളെ കുറിച്ച് പ്രതിപാദിച്ചിരുന്നു. ഈ നിയമം വന്നതിനുശേഷം രൂപീകരിക്കുന്ന കുടിയായ്മകള്‍ക്ക് നിയമ സാധുതയില്ല. ഓരോ കേസിലെയും കുടിയായ്മകള്‍ നിയമം നിലവില്‍ വന്നതിനുശേഷം രൂപീകരിച്ചതാണോ മുമ്പ് രൂപീകരിച്ചതാണോയെന്ന് പരിശോധിക്കണമെന്ന് ഇടക്കാല ഉത്തരവില്‍ പറയുന്നുണ്ട്.

എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ക്ക് താത്പര്യമുള്ള കേസുകളില്‍ ദേവസ്വത്തിന്റെ വാദങ്ങള്‍ കേള്‍ക്കാന്‍ മതിയായ സമയം പോലും നല്‍കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയുള്‍പ്പെടെ സ്വീകരിക്കാനാണ് ഭക്തജനങ്ങളുടെയും ഹൈന്ദവ സംഘടനകളുടെയും നീക്കം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by