World

ഭാരതം തേടുന്ന കൊടുംകുറ്റവാളി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

Published by

വാഷിങ്ടണ്‍: രാജസ്ഥാനില്‍ നിരവധി കേസുകളില്‍ പ്രതിയും ഭാരതം തിരയുന്ന ലഹരി കടത്തുകാരന്‍ പഞ്ചാബ് സ്വദേശി സുനില്‍ യാദവ് യുഎസിലെ കാലിഫോര്‍ണിയയില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടു.

സംഭവത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയി സംഘവും രോഹിത് ഗോദര സംഘവും ഏറ്റെടുത്തു. കുറച്ചുവര്‍ഷം മുന്‍പ് പാകിസ്ഥാന്‍ വഴി ഭാരതത്തിലേക്ക് 300 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയ സംഭവത്തിലും സുനില്‍ യാദവിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. നേരത്തെ, ദുബായിലെ ഏജന്‍സികള്‍ വഴി സുനില്‍ യാദവിന്റെ സഹായിയെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യാദവിനെതിരെ അടുത്തിടെ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാളെ ഭാരതത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു രാജസ്ഥാന്‍ പോലീസ്.

2019ല്‍ പഞ്ചാബ് പോലീസുമായുള്ള ഏറ്റമുട്ടലില്‍ ഇവരുടെ സംഘാംഗമായ അങ്കിത് ഭാദു കൊല്ലപ്പെട്ടിരുന്നു. സുനില്‍ യാദവിന് ഇതില്‍ പങ്കുണ്ടെന്നും ഇതിനുള്ള പ്രതികാരമാണ് കൊലപാതകമെന്നും ബിഷ്‌ണോയി സംഘം ഫെയ്‌സ്ബുക്കിലൂടെ അവകാശപ്പെട്ടിരുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ യുവാക്കളെ മയക്കുമരുന്നിന് അടിമകളാക്കുകയും ചെയ്തത് ഇയാളാണെന്ന് പോലീസ് പറയുന്നത്.
പഞ്ചാബിലെ ഫാസില്‍ക ജില്ലയിലെ അബോഹര്‍ സ്വദേശിയാണ് സുനില്‍ യാദവ്. മുന്‍പ് ലോറന്‍സ് ബിഷ്ണോയ്- രോഹിത് ഗോദാര സംഘവുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ അങ്കിത് ഭാദുവിന്റെ കൊലപാതകത്തൊടെ സംഘവുമായി അകന്നു. പിന്നാലെ ഇയാള്‍ യുഎസിലേക്ക് കടക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by