India

തിരക്കിൽ പെട്ട് സ്ത്രീ മരിച്ച സംഭവം : അല്ലു അർജുന്റെ ബൗൺസർ ആന്റണി അറസ്റ്റിൽ , നടനെ ചോദ്യം ചെയ്തു

അപകട സമയത്ത് തിയേറ്ററിന്റെ നിയന്ത്രണം പൂർണമായും ബൗൺസർമാർ ഏറ്റെടുത്തിരുന്നു

Published by

ഹൈദരാബാദ്: പുഷ്പ 2 പ്രത്യേക പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുന്റെ ബൗൺസറായ ആന്റണി അറസ്റ്റിൽ. ആന്റണിയുടെ നേതൃത്വത്തിലുള്ള ബൗൺസർമാർ ആരാധകരെ തള്ളുകയും മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

അപകട സമയത്ത് തിയേറ്ററിന്റെ നിയന്ത്രണം പൂർണമായും ബൗൺസർമാർ ഏറ്റെടുത്തിരുന്നു. അതേസമയം സന്ധ്യ തിയേറ്ററിലെ തിരക്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ അല്ലു അർജുനെതിരായ കുരുക്ക് മുറുകുന്നുവെന്ന് സൂചന.

രാവിലെ സംഭവത്തിൽ പോലീസിന് മുന്നിൽ ഹാജരായ അല്ലു അർജ്ജുനെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചിക്കട്പള്ളി പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിനായി അല്ലു അര്‍ജുന്‍ ഇന്ന് രാവിലെ ഹാജരായത്. സുപ്രധാന ചോദ്യങ്ങളോട് എല്ലാം നടന്‍ മൗനം പാലിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. അനുമതി നിഷേധിച്ചിട്ടും റോഡ് ഷോ നടത്തിക്കൊണ്ട് തിയേറ്ററിലേക്ക് എത്തിയത് എന്തിനെന്നും സ്വകാര്യ സുരക്ഷാ സംഘം ജനങ്ങളെ മര്‍ദ്ദിച്ചതില്‍ ഇടപെടാതിരുന്നത് എന്തുകൊണ്ടെന്നും ചോദ്യങ്ങളുണ്ടായിരുന്നു.

സംഭവം നടന്ന സന്ധ്യ തിയേറ്ററില്‍ നിന്നുള്ള 10 മിനിറ്റ് വീഡിയോയും ചോദ്യംചെയ്യലിനിടെ അല്ലു അര്‍ജുന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. എപ്പോഴാണ് സ്ത്രീയുടെ മരണത്തെക്കുറിച്ച് അറിഞ്ഞതെന്നു പോലീസ് അല്ലുവിനോട് ചോദിച്ചു. മാധ്യമങ്ങളോട് പരസ്പര വിരുദ്ധമായല്ലെ സംസാരിച്ചതെന്നുമായിരുന്നു മറ്റൊരു ചോദ്യം. എന്നാല്‍ ഇതിനൊന്നും മറുപടി അല്ലു അര്‍ജുന്‍ മറുപടി നല്‍കിയില്ല.

ഡിസംബര്‍ 4 നാണ് പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും അവരുടെ ഇളയ മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by