ജറുസലേം: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയെ ഇറാനിൽ വെച്ച് കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രയേൽ. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സാണ് പരസ്യമായി ഇക്കാര്യം സമ്മതിച്ചത്. ഇന്നലെ വൈകീട്ട് സൈനിക ഉദ്യോഗസ്ഥരെ ആദരിച്ച് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു തുറന്നുപറച്ചിൽ.
“ഞങ്ങൾ ഹൂതികൾക്കെതിരെ ശക്തമായ ആക്രമണം നടത്തും. അവരുടെ നേതൃത്വത്തിന്റെ തലയറുക്കും. ഹനിയ, സിൻവർ, നസ്‌റല്ല എന്നിവരെ ടെഹ്‌റാൻ, ഗാസ, ലെബനൻ എന്നിവിടങ്ങളിൽ ഞങ്ങൾ ചെയ്തതുപോലെ, ഞങ്ങൾ ഹൊദെയ്‌ഡയിലും സനയിലും അങ്ങനെ ചെയ്യും. ഇസ്രായേലിനെതിരെ ഉയർത്തുന്ന ആരുടെയും കൈ വെട്ടിമാറ്റപ്പെടും, ഐഡിഎഫിന്റെ (ഇസ്രായേൽ സൈന്യം) നീണ്ട കൈ അവരെ പ്രഹരിക്കുകയും ഉത്തരവാദികളെ പാഠം പഠിപ്പിക്കുകയും ചെയ്യും,” കാറ്റ്സ് പറഞ്ഞു.
ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ട് അഞ്ചു മാസം പിന്നിടുമ്പോഴാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രയേൽ രംഗത്തു വരുന്നത്. കഴിഞ്ഞ ജൂലൈയിൽ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഹനിയയും സംഘവും താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടാകുകയും ഹനിയ കൊല്ലപ്പെടുകയുമായിരുന്നു. സംഭവത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഹമാസ് ആരോപിച്ചിരുന്നെങ്കിലും കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ നേരിട്ട് അവകാശപ്പെട്ടിരുന്നില്ല. ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ 90 ശതമാനം പൂർത്തിയായെന്ന വാർത്തകൾക്കു പിന്നാലെയാണ് കാറ്റ്സിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: