കുവൈറ്റ് സിറ്റി: നാല്പത്തിമൂന്ന് വര്‍ഷത്തിന് ശേഷം, നയതന്ത്രബന്ധത്തില്‍ പുതിയൊരു അധ്യായം കുറിച്ച് ഒരു ഭാരത പ്രധാനമന്ത്രി കുവൈറ്റ് സന്ദര്‍ശനം നടത്തി ചരിത്രം കുറിച്ചു. സാംസ്കാരിക സംഘടനയായ സേവാദര്‍ശന്‍ ഈ പരിപാടിയില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഈ സന്ദര്‍ശനം ഭാരത- കുവൈറ്റ് ബന്ധം കൂടുതല്‍ ഉജ്ജ്വലമാക്കുന്ന പുതിയ വഴിത്തിരിവ് കൂടിയാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈറ്റ് സന്ദര്‍ശനം പ്രവാസി ഭാരത സമൂഹത്തിനിടയില്‍ വലിയ ആവേശമുണ്ടാക്കി. ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ‘ഹലാ മോദി’ എന്ന പ്രത്യേക പരിപാടിയിലൂടെ പ്രധാനമന്ത്രി കുവൈറ്റിലെ ഭാരതീയരെ അഭിസംബോധന ചെയ്തു. വര്‍ഷങ്ങളായി കുവൈറ്റില്‍ കഴിയുന്ന പ്രവാസികള്‍ക്ക് പ്രധാനമന്ത്രിയെ നേരില്‍ കാണാനുള്ള അപൂര്‍വ അവസരം കൂടിയായിരുന്നു ഇത്.
പരിപാടിയില്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടേറെ ഭാരതീയര്‍ പങ്കെടുത്തു. അതുല്യമായ ആവേശത്തോടെയും ഹൃദയം നിറഞ്ഞ സ്വീകരണത്തോടെയുമാണ് പ്രധാനമന്ത്രിയെ കുവൈറ്റിലെ ഭാരത സമൂഹം വരവേറ്റത്. മനോഹരമായ സാംസ്കാരിക പരിപാടികളും ആകര്‍ഷകമായ ആസ്വാദന പരിപാടികളും ഈ വേളയെ കൂടുതല്‍ ഭംഗിയാക്കി.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുള്ള സുരക്ഷാപ്രശ്നങ്ങളൊന്നുമില്ലാതെ പരിപാടി സംഘടിപ്പിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിരുന്നു. ഇതിനാവശ്യമായ വോളന്റിയര്‍മാരെ എത്തിക്കാന്‍ സേവാദര്‍ശന്‍, ഭാരതീയ പ്രവാസി പരിഷത്ത് എന്നീ സംഘടനകള്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെ മുന്നോട്ടുവന്നു. കൃത്യമായ പദ്ധതികളും ഭാവനാത്മകമായ നേതൃത്വവുമാണ് ഇവരുടെ സവിശേഷത. ഇരുനൂറിലധികം വോളന്റിയര്‍മാരെ പരിപാടിയിലേക്ക് നിയോഗിച്ചിരുന്നു. ഇവരില്‍ പലരും മലയാളികളായിരുന്നു. തികച്ചും കര്‍മനിരതരായ ഈ സംഘത്തിന് പരിപാടി വിജയകരമായി നടത്താന്‍ കഴിഞ്ഞതില്‍ സംഘടനാ നേതാക്കള്‍ അഭിമാനിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടിയുടെ സംഘാടനത്തില്‍ വോളന്റിയറായി സേവനം ചെയ്യാന്‍ കഴിഞ്ഞതില്‍ ഓരോ പ്രവര്‍ത്തകനും ചാരിതാര്‍ത്ഥ്യവും അഭിമാനവും പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ പ്രസംഗം നേരിട്ട് കേള്‍ക്കാന്‍ ലഭിച്ച അവസരം വോളന്റിയര്‍മാര്‍ ഉള്‍പ്പെടെ എല്ലാ പങ്കാളികളും ഏറ്റവും വലിയ നേട്ടമായി കരുതി. ഭാരത- കുവൈറ്റ് ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: