ചെങ്ങനാശ്ശേരി: സൗത്ത് സോണ്‍ വനിതാ അന്തര്‍ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് കോട്ടയം എംജി യുണിവേഴ്സിറ്റിയും കാലിക്കറ്റ് യുണിവേഴ്സിറ്റിയും.
ചെങ്ങനാശ്ശേരിയിലെ അസംപ്ഷന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന മത്സരത്തില്‍ ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിനെ(76-30) തകര്‍ത്താണ് സെമിയിലെത്തിയത്. അക്ഷയ ഫിലിപ്പ് 23 പോയിന്റുമായി ടോപ് സ്കോററായി.
കാലിക്കറ്റ് സര്‍വകലാശാല നിലവിലെ ചാമ്പ്യന്മാരായ ജെയിന് യൂണിവേഴ്സിറ്റി ബാംഗ്ലൂരിനെ (58-47) പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് കുതിച്ചത്. മറ്റു ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ എസ്ആര്‍എം യൂണിവേഴ്സിറ്റി ചെന്നൈ വിശ്വേശ്വര യൂണിവേഴ്സിറ്റി ബെലഗാവിയെ (74-36) പരാജയപ്പെടുത്തി. ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റി ബാംഗ്ലൂര്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായ മദ്രാസ് സര്‍വകലാശാലയെ (79-73) പുറത്താക്കി സെമിയില്‍ കടന്നു.
ആദ്യ സെമിയില്‍ എംജി യൂണിവേഴ്സിറ്റി ക്രൈസ്റ്റ് ബാംഗ്ലൂരിനെ നേരിടുമ്പോള്‍ രണ്ടാം പോരില്‍ എസ് ആര് എം യൂണിവേഴ്സിറ്റി ചെന്നൈ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി ഏറ്റുമുട്ടും. സെമിയിലെത്തിയ നാലു ടീമുകളും കുരുക്ഷേത്ര യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന അഖിലേന്ത്യ ചാമ്പ്യന്‍ഷിപ്പിലേക്ക് അര്‍ഹത നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: