ഹൈദ്രാബാദ് : പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ്. ഹൈദരാബാദ് പൊലീസാണ് നോട്ടീസ് നല്‍കിയത്.
ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സന്ധ്യ തിയേറ്റര്‍ ഉള്‍പ്പെടുന്ന ചിക്കട്പള്ളി പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. സ്വാഭാവിക നടപടിയാണിതെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് അല്ലു അര്‍ജുന്റെ അഭിഭാഷകര്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതിയാണ് ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) തിയറ്ററിലെ തിക്കിലും തിരക്കിലും അകപ്പെട്ട് മരിച്ചത്. അപ്രതീക്ഷിതമായി അല്ലു അര്‍ജുന്‍ തിയേറ്ററിലെത്തിയത് ആരാധകര്‍ തിങ്ങി കൂടാന്‍ കാരണമായതാണ് അപകട കാരണം .
തിയേറ്ററിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവെ രേവതിയും മകന്‍ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ദിവസങ്ങള്‍ക്കുശേഷം മകന് മസ്തിഷ്‌ക മരണം സംഭവിച്ചു.
സന്ധ്യാ തിയറ്റര്‍ ഉടമ, മാനേജര്‍, സെക്യൂരിറ്റി ഇന്‍ ചാര്‍ജ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെ അല്ലു അര്‍ജുനെ കേസില്‍ പ്രതി ചേര്‍ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ദിവസം ജയിലില്‍ കിടന്ന ശേഷമാണ് അല്ലു അര്‍ജുന്‍ പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക