Kerala

പെരിയ ഇരട്ടക്കൊലപാതകം : സിബിഐ കോടതി ഡിസംബർ 28 ന് വിധി പറയും

2019 ഫെബ്രുവരി 17- നായിരുന്നു കൊലപാതകം നടന്നത്. കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സ‌ഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയുമാണ് അക്രമിസംഘം കൊലപ്പെടുത്തുന്നത്

Published by

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലപാതകത്തിൽ എറണാകുളം സിബിഐ കോടതി ഡിസംബർ 28 ന് വിധി പറയും. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഈ മാസം 28 ന് വിധി പറയുന്നത്.

സിപിഎം നേതാക്കളാണ് കേസിലെ പ്രതികൾ. പി. പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. സിപിഎം കാസർകോ‍ഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ കെ‌ വി കുഞ്ഞിരാമൻ ഇരുപതാം പ്രതിയാണ്. ആകെ 24 പ്രതികളുളള കേസിൽ 270 സാക്ഷികളുണ്ടായിരുന്നു.

2019 ഫെബ്രുവരി 17- നായിരുന്നു കൊലപാതകം നടന്നത്. കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സ‌ഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയുമാണ് കൊലപ്പെടുത്തുന്നത്. ബൈക്കിൽ പോകുകയായിരുന്ന ഇരുവരേയും പതിയിരുന്ന അക്രമിസംഘം വെട്ടി വീഴ്‌ത്തി. കൃപേഷ് സംഭവ സ്ഥലത്തും ശരത് ലാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു.

ഒന്നാം പ്രതി സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 12 പേരെ കൂടാതെ സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെ എം മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരെകൂടെ പ്രതി ചേർത്താണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. എങ്കിലും ഹൈക്കോടതി സിംഗിൾ ബെഞ്ച് 2019 സെപ്റ്റംബർ 30-ന് കേസ് സിബിഐയ്‌ക്ക് കൈമാറുകയായിരുന്നു.

ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് അന്വേഷണം നടത്തിയത്. ആദ്യം അറസ്റ്റിലായ 14 പേരില്‍ കെ. മണികണ്ഠന്‍, എന്‍. ബാലകൃഷ്ണന്‍, ആലക്കോട് മണി എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കി 11 പേര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by