പത്തനംതിട്ട : പന്തളം നഗരസഭയിൽ വീണ്ടും ഭരണം നിലനിർത്തി ബിജെപി. കൗൺസിലർ അച്ചൻകുഞ്ഞ് ജോണിനെ നഗരസഭാ അധ്യക്ഷനായി തിരഞ്ഞെടുത്തു. 19 വോട്ടുകളാണ് അച്ചൻകുഞ്ഞ് ജോണിന് ലഭിച്ചത്. 18 ബിജെപി അംഗങ്ങൾക്ക് പുറമെ സ്വതന്ത്രന്റെ വോട്ടും ബിജെപിക്ക് ലഭിച്ചു.
അതേ സമയം കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗം വോട്ട് ചെയ്തില്ല. നാല് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഇടത് വലത് മുന്നണികളെ ഞെട്ടിച്ചു കൊണ്ടായിരുന്നു ബിജെപി പന്തളം നഗരസഭ ഭരണം വീണ്ടും പിടിച്ചെടുത്തത്.
ബിജെപി ഭരണം അട്ടിമറിക്കാൻ വലിയ ഗൂഡാലോചനയാണ് പന്തളത്ത് കഴിഞ്ഞ ഒരു വർഷമായി നടന്നിരുന്നതെന്ന് ജില്ലാ അദ്ധ്യക്ഷൻ വി.എ സൂരജ് പ്രതികരിച്ചു. ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട അച്ചൻ കുഞ്ഞ് ജോണിനെയും ബിജെപിയെ പിന്തുണച്ച മുഴുവൻ കൗൺസിലർമാരെയും അദ്ദേഹം അഭിനന്ദിച്ചു.
ബിജെപി പ്രതിനിധിയായിരുന്ന നഗരസഭാ അധ്യക്ഷ സുശീല സന്തോഷിനെതിരെ എൽഡിഎഫ് – യുഡിഎഫ് കൂട്ടുകെട്ടിൽ അവിശ്വാസം അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അദ്ധ്യക്ഷ സുശീല സന്തോഷും ഉപാദ്ധ്യക്ഷ യു. രമ്യയും രാജി നൽകുകയായിരുന്നു. തുടർന്നാണ് പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
വിജയത്തിന് ശേഷം നഗരസഭയ്‌ക്ക് മുന്നിൽ ബിജെപി പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. പന്തളം നഗരസഭയുടെ സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ബിജെപി ജില്ലാ അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക