World

അമേരിക്കയില്‍ വന്‍ സ്വാധീനം; ഭാവിയില്‍ ഇലോണ്‍ മസ്‌ക് പ്രസിഡന്റാകുമോ? ചോദ്യത്തിന് ഉത്തരം നല്‍കി ട്രംപ്

Published by

വാഷിംഗ്ടണ്‍: കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വെച്ച ഇലോണ്‍ മസ്‌കാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അമേരിക്കയില്‍ ജനുവരിയോടെ അധികാരത്തിലെത്തുന്ന ഡൊണാള്‍ഡ് ട്രംപ് ഭരണത്തില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന് കാര്യമായ സ്വാധീനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.  ട്രംപിനൊപ്പം പൊതു-സ്വകാര്യ പരിപാടികളില്‍ ഇപ്പോള്‍ നിറ സാന്നിധ്യവുമാണ് ഇലോണ്‍ മസ്‌ക്.

ടെക് കോടീശ്വരനും ലോകത്തിലെ ഏറ്റവും വലിയ ധനികനുമായ ഇലോണ്‍ മസ്‌കിനെ ‘പ്രസിഡന്റ് മസ്‌ക്’ എന്നാണ് ഡെമോക്രാറ്റിക് ക്യാംപില്‍ നിന്നുള്ളവരടക്കം വിശേഷിപ്പിക്കുന്നത്. അങ്ങനെയുള്ള മസ്‌കിന് ഒരു ദിവസം അമേരിക്കന്‍ പ്രസിഡന്റാകാന്‍ കഴിയുമോ? ഒളിഞ്ഞും തെളിഞ്ഞും ഉയരുന്ന ചോദ്യമാണിത്.

അരിസോണയിലെ ഫീനിക്‌സില്‍ നടന്ന റിപ്പബ്ലിക്കന്‍ സമ്മേളനത്തിനിടെയാണ് ഇത്തരം ഒരു ചോദ്യത്തിന് മുന്നില്‍ ട്രംപ് കുടുങ്ങിയത്. എന്നാല്‍, രാജ്യത്തെ നിയമങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഇല്ല എന്ന് ഉത്തരം നൽകി. ‘‘എന്തുകൊണ്ടാണ് മസ്‌കിന് പ്രസിഡന്റ് ആകാന്‍ കഴിയാത്തതെന്ന് നിങ്ങള്‍ക്ക് അറിയുമോ? കാരണം, അദ്ദേഹം ഈ രാജ്യത്തല്ല ജനിച്ചത്,’’ ട്രംപ് വ്യക്തമാക്കി.

”അദ്ദേഹം പ്രസിഡന്റാകാന്‍ പോകുന്നില്ല, അത് ഞാന്‍ നിങ്ങളോട് പറയാം. എന്തുകൊണ്ടാണ് അദ്ദേഹത്തിന് പ്രസിഡന്റ് ആകാന്‍ കഴിയാത്തതെന്ന് നിങ്ങള്‍ക്കറിയാമോ? അദ്ദേഹം ഈ രാജ്യത്തല്ല ജനിച്ചത്” പ്രസിഡന്റ് സ്ഥാനം മസ്‌കിന് വിട്ടുകൊടുക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങളോട് പ്രതികരിച്ച ട്രംപ് ജനക്കൂട്ടത്തിന് ഉറപ്പുനല്‍കി ‘ഇല്ല, അത് സംഭവിക്കില്ല.’ ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ടെസ്ല, സ്‌പേസ് എക്സ് മേധാവിയെക്കുറിച്ച് ട്രംപ് പറഞ്ഞു.

ടെസ്ല, സ്‌പെയ്‌സ് എക്‌സ് എന്നീ സ്ഥാപനങ്ങളുടെ മേധാവിയായ മസ്‌ക് ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചത്. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ യുഎസില്‍ ജനിച്ചയാൾ ആയിരിക്കണമെന്ന് അമേരിക്കന്‍ ഭരണഘടനയില്‍ നിഷ്‌കര്‍ഷിക്കുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടി മസ്‌കിന് ഒരിക്കലും യുഎസ് പ്രസിഡന്റായിരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ജനക്കൂട്ടത്തിന് ഉറപ്പുനല്‍കി. ട്രംപ് സര്‍ക്കാരിന്റെ കാര്യക്ഷമത വകുപ്പിന്റെ മേധാവിയായാണ് മസ്‌കിനെ നിയമിച്ചിരിക്കുന്നത്.  തിരഞ്ഞെടുക്കപ്പെടാത്ത ഒരു പൗരന് ഇത്രയധികം അധികാരം എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയും എന്ന ചോദ്യങ്ങളാണ് വിമര്‍ശകര്‍ പ്രധാനമായും ഉയര്‍ത്തുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by