Kerala

കൈരളിയുടെ ഓഹരി തട്ടിപ്പിൽ സിപിഎം ഒത്തുകളി വെളിപ്പെടുത്തുന്ന രേഖകൾ പുറത്തുവിട്ട് ഓഹരിയുടമ ഡോ. ആസാദ്

കൈരളി ചാനലിൽ തൻ്റെ അച്ഛനുണ്ടായിരുന്ന 100 ഓഹരികൾ ആവിയായിപ്പോയോ എന്ന ചോദ്യവുമായി മുൻ സി പി എം ബുദ്ധിജീവി ആസാദ്

Published by

തിരുവനന്തപുരം: കൈരളി ചാനൽ നാലു വർഷത്തിനകം ലാഭത്തിലാകുമെന്നും ഓഹരിയുടമകൾക്ക് ഡിവിഡൻ്റ് കിട്ടുമെന്നും വാഗ്ദാനം ചെയ്ത് സി പി എം സംഘടനാ രേഖ 1/2000 പാർട്ടി കത്ത് പുറത്തുവിട്ട് ഓഹരിയുടമ ഡോ. ആസാദ്.

കൈരളി ഓഹരിയുടമകളെ വഞ്ചിച്ച് ഡിവിഡൻ്റ് നിഷേധിക്കുകയും 10,000 രൂപയിൽ താഴെയുള്ള ഓഹരികളെ അസാധുവാക്കുകയും ചെയ്ത 2017 ലെ ഡയറക്ടർ ബോർഡ് തീരുമാനത്തെയാണ് ഡോ. ആസാദ് ചോദ്യം ചെയ്യുന്നത്. കൈരളിയിലെ തട്ടിപ്പിൽ സി പി എമ്മിന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നതിന്റെ തെളിവും സംഘടനാ രേഖയിലുണ്ട്.

കൈരളിയിൽ പാർട്ടി അംഗങ്ങളെല്ലാം കുറഞ്ഞത് 100 രൂപയുടെ ഓഹരി എങ്കിലും എടുത്തിരിക്കണം എന്നു നിർദേശിക്കുന്നതാണ് പാർട്ടി രേഖ. ഇതനുസരിച്ച് 10,000 രൂപയിൽ താഴെയുള്ള ഓഹരികൾ എടുത്തവരെയെല്ലാം വഞ്ചിച്ചു കൊണ്ടാണ് എം.ഡി : ജോൺ ബ്രിട്ടാസ് കമ്പനിനയം ഏകപക്ഷീയമായി മാറ്റിയത്.

കൈരളിയെ എക്കാലവും നഷ്ടത്തിൽ നിലനിർത്തി ഓഹരിയുടമകൾക്ക് ലാഭവിഹിതം നിഷേധിക്കാൻ നിയമവിരുദ്ധ കുൽസിത മാർഗവും ബ്രിട്ടാസ് ഏർപ്പെടുത്തി. കൈരളിയുടെ പരസ്യ, പരിപാടി വരുമാനങ്ങൾ കീശയിലാക്കാൻ ജോൺ ബ്രിട്ടാസ് ഡയറക്ടറായ മൂന്ന് സ്വകാര്യ കമ്പനികൾ ആരംഭിച്ചു. കൈരളി അറേബ്യ, എം സി എൽ പ്രൈവറ്റ് ലിമിറ്റഡ്, കൈരളി ടെലവിഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളിലേക്കാണ് ഭൂരിഭാഗം പരസ്യ വരുമാനവും എത്തുന്നത്. ഇതിന്റെ കണക്കുകൾ കൈരളി ചാനലിന്റെ ഉടമസ്ഥ സ്ഥാപനമായ മലയാളം കമ്യൂണിക്കേഷൻസിന്റെ അക്കൗണ്ടിൽ എത്തുന്നില്ല. പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ബ്രിട്ടാസിന്റെ തട്ടിപ്പുകൾ ചോദ്യം ചെയ്യാൻ പാർട്ടി സംസ്ഥാന നേതാക്കൾക്കു പോലും ഭയമാണ്.

സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനങ്ങൾ ഡയറക്ടർമാരായിരുന്ന സഖാക്കൾ തട്ടിയെടുത്തതു പോലെ കൈരളിയിലും സംഭവിക്കുമോയെന്ന ആശങ്കയും ഡോ. ആസാദ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പങ്കു വച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by