ഭാരത സംസ്‌കാരത്തിന്റെ സുവര്‍ണ്ണമുദ്രകളും രാഷ്‌ട്രനിര്‍മാണത്തിന്റെ പരിശ്രമങ്ങളും സമ്പുഷ്ടമാക്കിയ ഒരു ഭരണഘടനയുടെ അവകാശികളാണ് നാമെല്ലാം. എന്നാല്‍, ഇവയോടൊപ്പം രാഷ്‌ട്ര ചരിത്രത്തിന്റെ ആകുലതകളും ഭാരതം നേരിട്ട വെല്ലുവിളികളും ഭരണഘടനയുടെ ഭാഗമാണ്. ലോകത്തെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയാണ് ഭാരതത്തിന്റേത് എന്ന വസ്തുത അംഗീകരിക്കുമ്പോഴും ഭാരതത്തിന്റെ ഭരണഘടനയെ സാധ്യമാക്കിയ, അതിനെ ഇപ്പോഴും ആദരപൂര്‍വം അംഗീകരിക്കുന്ന കോടിക്കണക്കിനു പൗരന്മാരിലാണ് ഭരണഘടനയെന്ന ദര്‍ശനം നിലകൊള്ളുന്നതെന്ന് വിസ്മരിക്കരുത്. വിമര്‍ശകര്‍ തിരസ്‌ക്കരിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും സാംസ്‌കാരിക പരികല്പനകളായ ‘സത്യമേവ ജയതേയും വസുധൈവ കുടുംബവും’ മുതല്‍ അഹിംസയും രാമരാജ്യസങ്കല്പങ്ങളും നമ്മുടെ ഭരണഘടനയെ സ്വാധീനിക്കുന്നുണ്ട്. മാത്രമല്ല, ‘ഏകം സദ് വിപ്ര ബഹുദാ വദന്തിയെന്ന’ ആര്‍ഷഭാരതപ്രമാണം ഭരണഘടനയുടെ അന്തസത്തയുമാണ്. വിവേചനരഹിതമായ ഒരു രാഷ്‌ട്രക്രമത്തെ നിര്‍വചിക്കാനും അതിനുവേണ്ടി നിലനില്‍ക്കാനും ഭരണഘടനയെ അനുവദിക്കുന്നത് ഈ പ്രപഞ്ചത്തിലെ മുഴുവന്‍ ചരാചരങ്ങളെയും തുല്യതയോടെ സമീപിക്കുന്ന ഋഷീശ്വരദര്‍ശനമുള്ള ഭാരതത്തിന്റെ സാംസ്‌കാരിക പശ്ചാത്തലമാണ്.
അതായത്, പരസ്പരവിനിമയത്തിലൂടെ ആശയതലങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്ന സാമൂഹികപരിസരങ്ങളും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഭരണഘടനയുമാണ് ഇവിടെയുള്ളത്.
എന്നാല്‍, ഭരണഘടനയുടെ അന്തസത്തയെ ഇല്ലാതാക്കാനും വ്യക്തിപൂജയില്‍ അഭിരമിച്ചു രാഷ്‌ട്രത്തെ ഏകാധിപത്യത്തിലേക്കു നയിക്കാനും കഴിഞ്ഞകാലത്തുടനീളം ശ്രമങ്ങളുണ്ടായിട്ടുണ്ട്. മാത്രമല്ല, ഭരണഘടനയെ രാഷ്‌ട്രീയ-സാമുദായിക താല്പര്യങ്ങള്‍ക്കുവേണ്ടി വ്യാഖ്യാനിക്കുകയും കണ്ണടച്ചിരുട്ടാക്കി ഭരണഘടനയുടെ തത്വങ്ങളെ ലംഘിക്കുകയും ചെയ്യുന്നത് തുടര്‍ച്ചയായിരുന്നു. ആര്‍ട്ടിക്കിള്‍ 35(എ) ഭരണഘടയില്‍ കൂട്ടിച്ചേര്‍ത്ത നെഹ്‌റുവിനും 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ഗാന്ധിക്കും ഭരണഘടനയോടുള്ള സമീപനം എന്തായിരുന്നുവെന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ, ഭരണഘടനയെ രാഷ്‌ട്രീയ ചിഹ്നമാക്കി ഉയര്‍ത്തികാണിക്കുകയും ഭരണഘടനാലംഘനമെന്ന വ്യാജപ്രതീതികള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത് ഭരണഘടനയുടെ ചരിത്രപരിസരങ്ങളെ അന്വേഷിക്കേണ്ടതുണ്ട്.
ഭാരതീയ നിയമദര്‍ശനങ്ങള്‍
ഭരണഘടനയുടെ ചരിത്രത്തെ സംബന്ധിക്കുന്ന ഒട്ടുമിക്ക ആഖ്യാനങ്ങളും ബ്രിട്ടീഷ് കൊളോണിയല്‍ വ്യവസ്ഥയുടെ ഒരു ഉപ-ഉല്‍പന്നം എന്ന നിലയിലാണ് ഭരണഘടനയെ സമീപിക്കുന്നത്. റെഗുലേറ്റിംഗ് നിയമം (1773), പിട്‌സ് ഇന്ത്യ നിയമം (1784), ചാര്‍ട്ടര്‍ നിയമം (1813) തുടങ്ങിയവയിലൂടെ വികസിക്കുന്ന ആധുനിക ഭരണഘടനാ ചരിത്രവ്യവഹാരം മാനവേന്ദ്രനാഥ് റോയ് , മോത്തിലാല്‍ നെഹ്റു, ഭരണഘടനാ നിര്‍മ്മാണ സഭ എന്നിവയിലൂടെ പൂര്‍ണ്ണമാകുമ്പോള്‍ ഒരു ജ്ഞാന-അപൂര്‍ണ്ണത നിര്‍മിക്കപ്പെടുന്നുണ്ട്. നമ്മുടെ ഭരണഘടനാ ചരിത്രത്തിലെ ഈ വൈകല്യം ഭാരതത്തിന്റെ പൗരാണിക നിയമസംവിധാനങ്ങളെ ഇരുട്ടില്‍ നിര്‍ത്തുന്നതിനൊപ്പം, ഭാരതത്തിന്റെ നിയമസംവിധാനങ്ങളുടെ അടിത്തറയെ വികലമാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു.
യഥാര്‍ത്ഥത്തില്‍, രേഖപ്പെടുത്തപ്പെട്ട നിയമക്രമത്തിന് ഭാരതത്തില്‍ വേദകാലത്തോളം പഴക്കമുണ്ട്. ‘അറിവിനെ സ്തുതിക്കൂക’ എന്ന അര്‍ഥം ദ്യോതിപ്പിക്കുന്ന ഋഗ്വേദത്തില്‍ തുടങ്ങുന്ന ശെരി/തെറ്റ് സങ്കല്‍പ്പങ്ങള്‍ ഭാരതീയ നിയമശാസ്ത്രദര്‍ശനങ്ങളുടെ (Jurisprudence) തുടക്കത്തെ സൂചിപ്പിക്കുന്നു. ‘ചൂതുകളിക്കരുത് പകരം കൃഷി ചെയ്യുക’ എന്നുപദേശിച്ച് പകിട/ചൂതുകളിയെ വിലക്കുന്ന അക്ഷസൂക്തത്തിലും കുടുംബജീവിതത്തെ പരാമര്‍ശിക്കുന്ന വൈവാഹികസൂക്തത്തിലും നിയമവ്യവസ്ഥ വ്യക്തമാണ്. ‘അച്ഛനമ്മമാരോടൊന്നിച്ചു കാലം കഴിക്കേണ്ടിവരുന്ന സ്ത്രീക്ക് തറവാട്ടില്‍ നിന്നും ഭാഗം ലഭിക്കുന്നതുപോലെ’ തുടങ്ങിയ പരാമര്‍ശങ്ങള്‍ വ്യക്തിയും സമൂഹവും തമ്മിലുള്ള നിയമപരമായ ഉത്തരവാദിത്വത്തെ സൂചിപ്പിക്കുന്നുണ്ട്. ഋഗ്വേദത്തില്‍ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ‘നിയമജ്ഞാനം’ തുടര്‍ന്നിങ്ങോട്ടുള്ള കൃതികളിലും ലഭ്യമാണ്. യജ്ഞങ്ങള്‍ പ്രദിപാദ്യവിഷയമാകുന്ന യജുര്‍വേദത്തിലും, യാഗ-ഗാനങ്ങള്‍ വിഷയമാകുന്ന സാമവേദത്തിലും ആയുസ്സും-ആരോഗ്യവിഷയങ്ങളും കൈകാര്യം ചെയ്യുന്ന അഥര്‍വ വേദത്തിലും നിയമദര്‍ശനം ഒരു അദൃശ്യഘടകമായി നിലനില്‍ക്കുന്നു. പ്രാചീന കൃതികളായ വേദങ്ങളിലെ നിയമജ്ഞാനത്തിനു കുറച്ചുകൂടി ഗൗരവസ്വഭാവം പില്‍ക്കാലത്തു രൂപം കൊള്ളുന്നുണ്ട്. ആരണ്യകങ്ങള്‍, ബ്രാഹ്മണങ്ങള്‍, ഉപനിഷത്തുകള്‍ എന്നിവയുടെയും പിന്നീടുണ്ടായ വേദാംഗങ്ങളായ ശിക്ഷ, കല്പം, നിരുക്തം, വ്യാകരണം, ഛന്ദസ്സ്, ജ്യോതിഷം എന്നിവയുടെയും അടിത്തറ നിയമദര്‍ശനങ്ങളും അവയോടുള്ള സമീപനവുമാണ്. ധര്‍മസൂത്രങ്ങള്‍, സ്മൃതികള്‍, ധര്‍മശാസ്ത്രങ്ങള്‍ തുടങ്ങിയവയിലും അര്‍ത്ഥശാസ്ത്രത്തിലും താന്ത്രിക കൃതികളിലുമെല്ലാം ഭാരതീയ നിയമജ്ഞാനത്തിന്റെ ആഴവും പരപ്പും പ്രകടമാണ്. കാര്‍ത്യായന്‍, ബ്രഹസ്പതി, ബൗദ്ധായനന്‍, അപസ്തംബന്‍, തുടങ്ങിയ പണ്ഡിതരും ജീമൂതവാഹന്റെ ദയാഭാഗം, വിജ്ഞാനേശ്വരന്റെ മിതാക്ഷരം എന്നീ കൃതികളും നമ്മുടെ നിയമജ്ഞാനത്തിനു പ്രത്യക്ഷ ഉദാഹരണങ്ങളാണ്. അധീശത്വ വിഭാഗമായിരുന്നു മുകളില്‍ സൂചിപ്പിച്ച പണ്ഡിതരെന്നും അതുകൊണ്ടുതന്നെ വൈജ്ഞാനിക സമൂഹത്തിന്റെ കൈവശമായിരുന്നു ഇത്തരം കൃതികളെന്നും തര്‍ക്കത്തിനുവേണ്ടി വാദിച്ചാലും സാധാരണക്കാരുടെ ജീവിതം പ്രമേയമായിവരുന്ന ഇതിഹാസങ്ങളിലും കാവ്യങ്ങളിലും പുരാണങ്ങളിലും വനവാസിജനസമൂഹമുള്‍പ്പെടെയുള്ളവരുടെ നിയമജ്ഞാനം പലതലങ്ങളിലായി കണ്ടെത്താവുന്നതാണ്. മാത്രമല്ല, പ്രാചീന ഗ്രാമസഭകളായ സഭ, സമിതി, ഗണ, വിധാത തുടങ്ങിയവയിലും അസംഖ്യം ശിലാലിഖിതങ്ങളിലും വിവിധമേഖലകളിലെ നിയമാധിഷ്ഠിത ജീവിതക്രമങ്ങള്‍ എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.
വ്യവസ്ഥാപിത കോടതികളും, കുറ്റവും ശിക്ഷയും പൗരാണിക ഭാരതത്തില്‍ ധര്‍മ്മബദ്ധമായ നിയമസംവിധാനത്തെ ഉറപ്പുവരുത്തിയിരുന്നു. ജനസമൂഹം അവരുടെ ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ച പ്രക്രിയകളെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ വേദകാലം മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ ഉത്തരമേരൂര്‍ ലിഖിതങ്ങളില്‍ വരെ വ്യക്തമാണെന്ന് കൂടി തിരിച്ചറിയുമ്പോഴാണ് ഭാരതത്തിന്റെ ഭരണഘടനാ പാരമ്പര്യം എന്താണെന്നു പൂര്‍ണ്ണമായും മനസ്സിലാവുക. അതായത് , നിയമജ്ഞാനവും അതിനോട് ആദരപൂര്‍വ്വം പ്രതികരിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക ചരിത്രമാണ് ഭാരതത്തിനു പങ്കുവെക്കാനുള്ളതെന്നും അതിന്റെ തുടര്‍ച്ചയാണ് ആധുനിക ഭരണഘടനയെന്നും തിരിച്ചറിയണം.
സുദൃഢമായ ഈ നിയമജ്ഞാന വ്യവസ്ഥയാണ് ആധുനിക ഭരണഘടനകളെ സംബന്ധിക്കുന്ന ആലോചനകള്‍ക്ക് ഇവിടെ തുടക്കമിട്ടത്. ഭരണഘടനാ നിര്‍മ്മാണ സഭയുടെ തുടക്കത്തിന് മുന്‍പുതന്നെ പല നാട്ടുരാജ്യങ്ങള്‍ക്കും ഭരണഘടനയുണ്ടായിരുന്നു. 1946 നു മുന്‍പുതന്നെ മധ്യപ്രദേശിലെ നാട്ടുരാജ്യമായ രേവാ ഒരു ഭരണഘടനാ നിര്‍മാണ കമ്മിറ്റിയെ നിയമിച്ചിരുന്നു. രാജസ്ഥാനിലെ ഷഹപുര നാട്ടുരാജ്യമാകട്ടെ, മൗലിക അവകാശങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഭരണഘടനയാണ് 1947 ആഗസ്ത് പതിനാലാം തീയതി നടപ്പിലാക്കിയത്. നമ്മുടെ നാട്ടുരാജ്യമായ തിരുവിതാംകൂറിലെ ദിവാനായ സര്‍ സി. പി. രാമസ്വാമിയാകട്ടെ ഒരു പടികൂടികടന്ന് അമേരിക്കന്‍ മോഡല്‍ ഭരണഘടനയെയാണ് അവതരിപ്പിച്ചത്.
അധികാരപ്രയോഗവും ധര്‍മ്മവും
നിയമപ്രക്രിയയില്‍ ആചാരബദ്ധമായ നീതിശാസ്ത്രത്തിനുള്ള സ്ഥാനം കൂടി മനസ്സിലാക്കിയാലേ ഭാരതീയ നിയമശാസ്ത്രത്തെ സംബന്ധിക്കുന്ന ചിത്രം പൂര്‍ണ്ണമാവൂ. പാശ്ചാത്യസമൂഹത്തെപ്പോലെ ഭരണകൂടമായിരുന്നില്ല ഭാരതത്തിലെ നിയമസംവിധാനത്തിന്റെ അളവുകോല്‍. പാശ്ചാത്യ-ഭാരതീയ നിയമവ്യവസ്ഥയിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചു പാണ്ഡുരംഗ വാമന്‍ കാനേ, ഡങ്കന്‍ ഡിററ്റ് തുടങ്ങിയ പണ്ഡിതരുടെ കൃതികള്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഭരണകൂടത്തിന്റെ/ഭരണാധികാരിയുടെ താല്‍പര്യങ്ങള്‍ക്കു പരമോന്നത പരിഗണന നല്‍കുന്നതിന് പകരം രിത-ധര്‍മ്മ സങ്കല്പമായിരുന്നു ഭാരതത്തെ മുന്നോട്ടു നയിച്ചത്. ഭരണകൂടത്തെ ഭയന്ന് നിയമം പാലിക്കേണ്ടതിനുപകരം ഓരോ വ്യക്തിയും തന്റെ പ്രവര്‍ത്തികള്‍ ലോകഹിതത്തിനുവേണ്ടിയാകണം എന്നുകരുതി ഇടപെടുന്നതാണ് രിത-ധര്‍മ്മ സങ്കലപ്പത്തിന്റെ കാതല്‍. അതുകൊണ്ടുതന്നെ, ഏതെങ്കിലും ഒരു ഭരണാധികാരിക്കോ നിയമത്തിനോ അതതു കാലങ്ങളിലെ ധര്‍മ്മ സങ്കല്‍പ്പങ്ങള്‍ക്ക് ഘടകവിരുദ്ധമായി ഇടപെടാന്‍ സാധിക്കുമായിരുന്നില്ല. ഈ ധാര്‍മ്മിക ബോധം സമൂഹ മനസ്സിന്റെ അടിത്തറയില്‍ നിലകൊള്ളുന്നതുകൊണ്ടാണ് അവസരങ്ങള്‍ വീണുകിട്ടുമ്പോഴും ഭരണഘടനാവിരുദ്ധ നിലപാടുകള്‍ക്ക് ഭാരതത്തില്‍ സ്ഥാനമില്ലാതാകുന്നത്. ഇതിനേറ്റവും നല്ല രണ്ടുദാഹരണങ്ങള്‍ നമ്മുടെ ആധുനിക ചരിത്രത്തിലുണ്ട്.
ഒന്നാമതായി, ഭരണഘടനാ നിര്‍മ്മാണ സഭ ഭാരതത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന ഏറ്റവും ഗൗരവപൂര്‍ണമായ ചര്‍ച്ചകളില്‍ ഇടപെട്ടുകൊണ്ടിരുന്ന 1948 കളില്‍ ഭരണഘടനയെയും സ്വാതന്ത്ര്യത്തെയും രാഷ്‌ട്രത്തിന്റെ ഐക്യത്തെയും തള്ളിപ്പറഞ്ഞുകൊണ്ട് തെരുവുകളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത്. കല്‍ക്കട്ട തീസിസ് പ്രകാരം അവര്‍ കലാപത്തിനിറങ്ങിയെങ്കിലും കോടാനുകോടി ഭാരതീയര്‍ തയ്യാറായിക്കൊണ്ടിരുന്ന ഭരണഘടനക്കൊപ്പം നില്‍ക്കുകയാണുണ്ടായത്. അല്ലായിരുന്നെങ്കില്‍, അടിക്കടി സൈനിക കലാപം നേരിടുന്ന പാകിസ്ഥാന്റെ അവസ്ഥയിലേക്ക് ഭാരതം മാറുമായിരുന്നു . യഥാര്‍ത്ഥത്തില്‍, പാകിസ്ഥാനിലെ സൈനിക കലാപങ്ങളുടെ തുടക്കത്തിനൊരു കമ്മ്യൂണിസ്റ്റ് ബന്ധമുണ്ടന്നതാണ് വാസ്തവം. പാകിസ്ഥാനിലെ സൈനിക അട്ടിമറികളുടെ ആരംഭം ലിയാഖത് അലി സര്‍ക്കാരിനെതിരായ 1951 ലെ റാവല്‍പിണ്ടി ഗൂഢാലോചനയിലൂടെയാണ് തുടങ്ങിയത്. അതിന്റെ തലപ്പത്തുണ്ടായിരുന്നതാകട്ടെ പാകിസ്ഥാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സജാദ് സഹീറും. സഹീറിന്റെ അട്ടിമറിശ്രമങ്ങള്‍ അന്ന് വിജയിച്ചില്ലങ്കിലും അതിന്റെ തുടര്‍ച്ചയായി ധാരാളം സൈനിക അട്ടിമറികള്‍ പിന്നീട് പാകിസ്ഥാനു നേരിടേണ്ടിവന്നു.
രണ്ടാമതായി, സ്വന്തം താല്പര്യസംരക്ഷണത്തിനായി ഭരണഘടനയെ തിരസ്‌കരിച്ചു ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ 1975 ല്‍ ഭാരത സൈനിക മേധാവിയായിരുന്നു ടി.എന്‍. റെയ്‌ന. ഈ സൈനികമേധാവിക്ക് വേണമെങ്കില്‍ അടിയന്തരാവസ്ഥയില്‍ ഭരണം പിടിച്ചടക്കമായിരുന്നു. അദ്ദേഹം അതിനുശ്രമിച്ചില്ലന്നു മാത്രമല്ല, അനാവശ്യകാര്യങ്ങളില്‍ സൈനത്തെ ഇടപെടുത്താന്‍ ശ്രമിച്ച സഞ്ജയ് ഗാന്ധിയുടെ വിശ്വസ്തന്‍ ബെന്‍സിലാലിനെ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്.
ഭരണഘടനയും ഡോ. അംബേദ്കറും
ബ്രിട്ടീഷ്രാജിന്റെ പതനം സുവ്യക്തമായ 1946 കളില്‍ തുടങ്ങിയ ഭരണഘടനാ നിര്‍മ്മാണസഭ ഏകദേശം മൂന്നുവര്‍ഷമെടുത്താണ് ഭരണഘടന തയ്യാറാക്കിയത്. 1949 വരെ നീണ്ടുനിന്ന വാദപ്രതിവാദങ്ങളുടെയും തീക്ഷ്ണമായ ചര്‍ച്ചകളുടെയും പര്യവസാനമായിട്ടായിരുന്നു 1950 ജനുവരി 26 നു ഭരണഘടന പ്രാബല്യത്തില്‍ വന്നത്. ഭാരത സമൂഹത്തിന്റെ ഒരു പരിച്ഛേദമായിരുന്നു ഭരണഘടനാ നിര്‍മ്മാണ പ്രക്രിയകളില്‍ പങ്കെടുത്തിരുന്നത്. സാമൂഹിക-സാമ്പത്തിക ശേഷിയുണ്ടായിരുന്ന ഉന്നതര്‍ക്കൊപ്പം ആദിവാസികളുടെയും മറ്റു പ്രാന്തവത്കരിക്കപ്പെട്ടവരുടെയും ശബ്ദവും ഭരണഘടനാ നിര്‍മാണ സമിതിയില്‍ തുടര്‍ച്ചയായി മുഴങ്ങിയിരുന്നു. 5546 പേജുകളിലായി പടര്‍ന്നുകിടക്കുന്ന ഭരണഘടനാ സംവാദങ്ങള്‍ ഒരു കൂട്ടം വരേണ്യര്‍ കണ്ടെത്തിയതാണ് ഭരണഘടനയെന്ന വാദത്തെ പാടെ തിരസ്‌കരിക്കുന്നുണ്ട്. മാത്രമല്ല, ഭരണഘടനാസഭയിലെ ചര്‍ച്ചള്‍ക്കു പുറത്തും അനൗദ്യോഗിക സംഭാഷണങ്ങളിലും കൂടി ഉരുത്തിരിഞ്ഞുവന്നവയാണ് ഭരണഘടനയിലെ ആശയങ്ങള്‍.
ഈയൊരു ബഹുമുഖ സാഹചര്യത്തില്‍ ഭരണഘടനാ ശില്പിയായ ഡോ. ബി. ആര്‍. അംബേദ്കറില്ലായിരുന്നുവെകില്‍ നമ്മുടെ ഭരണഘടന സാധ്യമാകുമായിരുന്നോയെന്ന ആലോചന പ്രസക്തമാണ്.
ഏഴംഗ ഭരണഘടനാനിര്‍മാണ സമിതിയുടെ അധ്യക്ഷനെന്ന നിലയില്‍ ഡോ അംബേദ്കര്‍ ചെയ്ത ത്യാഗത്തെക്കുറിച് മറ്റംഗങ്ങള്‍ പലപ്പോഴും സൂചിപ്പിക്കുന്നുണ്ട്. സമിതിയിലെ അധ്യക്ഷനായിരുന്ന ടി. ടി. കൃഷ്ണമാചാരി സൂചിപ്പിച്ചതുപോലെ ഡോ. അംബേദ്കറായിരുന്നു ഭരണഘടനാ തയ്യാറാക്കുന്നതിന്റെ ഒട്ടുമിക്ക ഉത്തരവാദിത്വങ്ങളും നിറവേറ്റിയത്. പ്രമേഹബാധിതനും രക്തസമ്മര്‍ദം കൊണ്ട് വിഷമിക്കുകയും ചെയ്തുവെങ്കിലും ഏകദേശം നൂറു ദിവസത്തോളമാണ് അദ്ദേഹം ഭരണഘടനാ നിര്‍മ്മാണസമിതിയെ അഭിസംബോധന ചെയ്തത്.
ദൗര്‍ഭാഗ്യമെന്ന് പറയട്ടെ, ഡോ അംബേദ്കറിനെ വ്യക്തിപരമായി ആക്രമിച്ചതും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളായിരുന്നു. ക്ലേശകരമായ ഭരണഘടനാ നിര്‍മാണത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അദ്ദേഹത്തെ സാമ്രാജ്യത്വ ചാരനെന്നും തൊഴിലാളിവിരുദ്ധനെന്നും മുദ്രകുത്തിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആക്രമിച്ചത്. ഭരണഘടനയെ തള്ളിപ്പറഞ്ഞും അംബേദ്കര്‍ സ്ഥാപിച്ച ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷനെ ഇല്ലാതാക്കാന്‍ ശ്രമിച്ചും അദ്ദേഹത്തെ ആക്രമിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് പിന്നീട് ഭരണഘടനയെ അംഗീകരിക്കേണ്ടിവന്നതാണ് ചരിത്രത്തിന്റെ കാവ്യനീതി.
ഭരണഘടനയുടെ സംരക്ഷണം?
മൗലികാവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍ , അധികാരവികേന്ദ്രീകരണം, സ്വതന്ത്ര ജുഡീഷ്യറി തുടങ്ങിയ ആശയങ്ങളുടെ കേന്ദ്രമാണ് ഭാരതത്തിന്റെ ഭരണഘടന. എന്നാല്‍ നമ്മുടെ ഭരണഘടനയിലെ ഇത്തരം ആശയങ്ങളെയെല്ലാം കാറ്റില്‍പറത്തിയതും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ നിരാകരിച്ചതും ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളായിരുന്നു. അടിയന്തരാവസ്ഥയും സംസ്ഥാനസര്‍ക്കാരുകളുടെ പിരിച്ചുവിടലുമെല്ലാം ഒഴിവാക്കിയാലും മറ്റു ഗുരുതര ഭരണഘടനാ ലംഘനങ്ങള്‍ ധാരാളമായി കോണ്‍ഗ്രസ്സ്-കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.
ഏതു ഭരണഘടന പ്രകാരമാണ് ബസ്തറിലെ പ്രവീര്‍ചന്ദ്ര ദിയോയെന്ന ഒരു പഴയ രാജാവിനെ രാജ്യദ്രോഹിയും ഉന്മാദരോഗിയുമാക്കി ചിത്രീകരിച്ച് 1966 ല്‍ കൊലപ്പെടുത്തിയത്? ആന്ധ്രാപ്രദേശിലെ മുഖ്യമന്ത്രിയായിരുന്ന ടി. അന്‍ജൈയ്യയെ 1982 ല്‍ ഇന്ദിര ഗാന്ധി പുറത്താക്കിയത് ഏതു ഭരണഘടനാമൂല്യങ്ങള്‍ക്കുവേണ്ടിയായിരുന്നു? ബംഗ്ലാദേശില്‍ നിന്നും അഭയംതേടി വന്ന നൂറില്‍പ്പരം കുട്ടികളും സ്ത്രീകളുമടങ്ങുന്ന നാമശൂദ്രദളിതരെ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ബംഗാളിലെ ജ്യോതിബസു സര്‍ക്കാര്‍ 1979 ല്‍ സുന്ദര്‍ബനിയിലെ റെയ്മംഗള്‍ നദിയിലേക്ക് വെടിവെച്ചിട്ടത്? ഉത്തരങ്ങളില്ലാത്ത ഈ സമസ്യകളാണ് യഥാര്‍ത്ഥത്തില്‍ ഭരണഘടനയെ സംബന്ധിക്കുന്ന വര്‍ത്തമാനകാല ചര്‍ച്ചകളാകേണ്ടത്. ഇത്തരം ചര്‍ച്ചകളിലാണ് ഭരണഘടനയെന്നത് വെറുതെ ഉയര്‍ത്തിക്കൊണ്ടുനടക്കാവുന്ന ഒരു കൈപുസ്തകമല്ലെന്നും , പകരം പാലിക്കപ്പെടേണ്ട ധാര്‍മിക തത്വങ്ങളുടെ സംഹിതയാണെന്നും തിരിച്ചറിയുവാന്‍ കഴിയുക. അത്തരം തിരിച്ചറിവുകളിലാണ് നമ്മുടെ ഭരണഘടന ആദരപൂര്‍വം സംരക്ഷിക്കപ്പെടുന്നതും.
(ചങ്ങനാശേരി എന്‍.എസ്.എസ്. ഹിന്ദു കോളജില്‍ ചരിത്രവിഭാഗം അധ്യാപകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: