വാഷിങ്ടണ്‍: ചെങ്കടലില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിക്കൊണ്ടിരുന്ന സ്വന്തം യുദ്ധവിമാനത്തെ അബദ്ധത്തില്‍ വെടിവച്ചിട്ട് അമേരിക്ക. അമേരിക്കയുടെ അതിപ്രധാന യുദ്ധക്കപ്പലായ ഹാരി എസ് ട്രൂമാനില്‍ നിന്ന് പറന്നുയര്‍ന്ന എഫ്/ എ-18 യുദ്ധവിമാനമാണ് അമേരിക്കയുടെ തന്നെ മറ്റൊരു യുദ്ധക്കപ്പലില്‍ നിന്നും തൊടുത്ത മിസൈലേറ്റ് നിലംപതിച്ചത്. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും രക്ഷപ്പെട്ടു.
ചെങ്കടലില്‍ അമേരിക്കയുടേത് ഉള്‍പ്പെടെയുള്ള കപ്പലുകള്‍ക്കുനേരെ ഹൂതികള്‍ ആക്രമണം നടത്തുന്നത് പതിവാണ്. അതിനാല്‍ തന്നെ കനത്ത സൈനിക നിരീക്ഷണം മേഖലയിലുണ്ട്. വിമാനം തകര്‍ന്നുവീണ ഉടന്‍ തങ്ങളുടെ തന്നെ മിസൈലേറ്റാണ് വിമാനം തകര്‍ന്നതെന്നും അബദ്ധം പറ്റിയതാണെന്നും വ്യക്തമാക്കി അമേരിക്ക രംഗത്തെത്തി.
വിമാനം തകര്‍ന്നതിന് പിന്നില്‍ തങ്ങളാണെന്ന് ഹൂതികള്‍ അവകാശവാദമുന്നയിച്ചേക്കുമോ എന്ന് ഭയന്നാണ് അമേരിക്ക തിടുക്കത്തില്‍ രംഗത്തെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൂതികള്‍ക്കെതിരെ ശക്തമായ നടപടികളാണ് അമേരിക്ക സ്വീകരിക്കുന്നത്. ചെങ്കടലിന് മുകളില്‍ പ്രത്യക്ഷപ്പെട്ട ഹൂതികളുടെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും നേരെ തങ്ങള്‍ വെടിയുതിര്‍ത്തുവെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നു. അതിന് തൊട്ടുപിന്നാലെയായിരുന്നു അവര്‍ക്ക് അബദ്ധം പിണഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക