ന്യൂദല്‍ഹി: രേഖകളില്ലാതെ കുടിയേറിയ ബംഗ്ലാദേശികളെ കണ്ടെത്താന്‍ ദല്‍ഹി പോലീസിന്റെ കര്‍ശന നടപടി. വീടുകള്‍ തോറും കയറിയിറങ്ങിയാണ് പരിശോധന. ഇതിനകം 1,500ലേറെ ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞതായി ദല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് ആറിന് ഔട്ടര്‍ ദല്‍ഹി പ്രദേശത്ത് ആരംഭിച്ച പന്ത്രണ്ട് മണിക്കൂര്‍ പരിശോധനയില്‍ 175 പേരെയാണ് കണ്ടെത്തിയത്.
മതിയായ രേഖകളില്ലാതെ താമസിക്കുന്നവരെ തിരിച്ചറിയാനും കസ്റ്റഡിയിലെടുക്കാനുമാണ് പരിശോധന. അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന കര്‍ശന നടപടിക്ക് ഉത്തരവിട്ടത്. ഡിസംബര്‍ 11നാണ് ദല്‍ഹി പോലീസ് വ്യാപകമായ പരിശോധനയ്‌ക്ക് തുടക്കമിട്ടത്.
വീടുതോറും പരിശോധന നടത്തുന്നതിനും രഹസ്യാന്വേഷണത്തിനുമായി പ്രാദേശിക പോലീസ് സ്റ്റേഷനുകള്‍, വിവിധ സെല്ലുകള്‍, പ്രത്യേക യൂണിറ്റുകള്‍ എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. കാളിന്ദി കുഞ്ച്, ഹസ്രത്ത് നിസാമുദ്ദീന്‍ പ്രദേശങ്ങളില്‍ നിന്ന് ആയിരത്തിലധികം പേരെ തിരിച്ചറിഞ്ഞതായി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ രവി കുമാര്‍ സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക