ജീവന്‍ നല്‍കിയ വേഷങ്ങളൊക്കെ പകരക്കാരനില്ലാത്തവിധം ആടിത്തിമിര്‍ത്ത, മലയാള സിനിമയുടെ രോമാഞ്ചമായിരുന്ന നടന്‍ എം.ജി. സോമന്റെ വിയോഗത്തിന് രണ്ടര പതിറ്റാണ്ട്. ക്ഷുഭിത യൗവ്വനത്തിന്റെ അമരക്കാരനായി അഭ്രപാളിയില്‍ തുടക്കമിട്ട സോമന്‍, കാല്‍നൂറ്റാണ്ടോളമാണ് തിളക്കമാര്‍ന്ന അഭിനയശൈലി കൊണ്ട് മലയാള സിനിമയെ ഉള്ളം കയ്യിലിട്ട് അമ്മാനമാടിയത്. 1970ല്‍ എയര്‍ഫോഴ്‌സില്‍ നിന്ന് വിരമിച്ച് നാടകരംഗത്ത് എത്തിയ സോമന്‍, കൊട്ടാരക്കര ശ്രീധരന്‍ നായരുടെ സംഘത്തിലും, കായംകുളം കേരള ആര്‍ട്‌സ് തിയേറ്റേഴ്‌സിലുമായി മേല്‍വിലാസം ഉറപ്പിച്ചാണ് വെള്ളിത്തിരയിലെത്തിയത്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഗായത്രിയിലെ നിഷേധിയായ രാജാമണിയെന്ന ബ്രാഹ്മണ യുവാവിന്റെ കഥാപാത്രത്തിന് ഭാവപ്പകര്‍ച്ച നല്‍കി, മലയാള സിനിമയില്‍ വരവറിയിച്ചു.
70 കളുടെ തുടക്കത്തില്‍ പ്രേംനസീര്‍ നായകനായ പിക്‌നികില്‍ ചുടല മുത്തുവെന്ന വില്ലന്‍ കഥാപാത്രത്തിന് പുതിയ രൂപവും ഭാവവും നല്‍കിയതോടെ സോമന്‍, മലയാള സിനിമയില്‍ തന്റെ ഇരിപ്പിടവും ഉറപ്പിച്ചു. ഗായത്രിയിലൂടെ തുടങ്ങിയ പ്രയാണം, 1997-ല്‍ ജോഷിയുടെ ലേലത്തില്‍ അവസാനിക്കുമ്പോള്‍ 24 വര്‍ഷത്തിനിടെ മികവാര്‍ന്ന അഭിനയശൈലി കാഴ്‌ച്ചവെച്ച് അദ്ദേഹം മലയാള സിനിമയില്‍ പകരക്കാരനില്ലാത്ത വിധം നിറഞ്ഞുനിന്നു. ഇടിമുഴക്കം കണക്കെ ഒരു ബിഷപ്പിന്റെ മുഖത്തുനോക്കി ലേലം എന്ന ചിത്രത്തില്‍ ആനക്കാട്ടില്‍ ഈപ്പച്ചനെന്ന അബ്കാരിയുടെ ഗര്‍ജനം കേട്ട്, തിയേറ്ററില്‍ പ്രേക്ഷകര്‍ ആര്‍ത്തുവിളിച്ചപ്പോള്‍, അത് മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി. അവസാനമായി താന്‍ അഭിനയിച്ച ലേലം 100 ദിവസം പിന്നിട്ട് നിറഞ്ഞ സദസില്‍ ഓടുക. അതറിയുന്നതാകട്ടെ, മരണത്തെ മുഖാമുഖം കണ്ട് ആശുപത്രിയില്‍ കിടക്കുമ്പോള്‍.
ആനക്കാട്ടില്‍ ഈപ്പച്ചനെന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ സോമന്‍, അന്നേ വിധിയെഴുതിയിരുന്നു, ലേലം മലയാള സിനമയെ ലേലത്തില്‍ എടുക്കുമെന്ന്. അദ്ദേഹത്തിന്റെ പ്രവചനം തെറ്റിയില്ല. ലേലം കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച് 150 ദിവസത്തിലേറെ നിറഞ്ഞ സദസില്‍ ഓടി. അഭിനയ കലയെ സ്ഫുടംചെയ്‌തെടുത്ത അനുഭവ സമ്പത്തിന്റെ ഉള്‍ക്കരുത്തില്‍, എം.ജി. സോമനെന്ന ഉജ്ജ്വല പ്രതിഭ ലേലത്തിലെ ഈപ്പച്ചനാകുമ്പോഴേക്കും അദ്ദേഹത്തിന്റെ കൈപിടിയില്‍ ഭദ്രമായി കഴിഞ്ഞിരുന്നു, മലയാള സിനിമ. ചേരാത്ത വേഷങ്ങളൊന്നും സോമന്‍ ആടിയിട്ടില്ല, ആടിയ വേഷങ്ങള്‍ ഒന്നും സോമന് ചേരാതിരുന്നിട്ടുമില്ല. അതായിരുന്നു, എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതമാരംഭിച്ച് മലയാള സിനിമയില്‍ ചിരപ്രതിഷ്ഠ നേടിയ മണ്ണടിപ്പറമ്പില്‍ ഗോവിന്ദ പ്പണിക്കരെന്ന എം.ജി. സോമന്‍. ഐ.വി. ശശിയുടെ ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന് മലയാള സിനിമയില്‍ മേല്‍വിലാസം നേടി കൊടുത്തത്.
1991 ല്‍ ഐ.വി. ശശി സംവിധാനം ചെയ്ത ഭൂമിക എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവായ സോമന്‍, എം.ജി.ആറിനൊപ്പം നാളൈ നമതെ എന്ന തമിഴ് ചിത്രത്തിലും വേഷമിട്ടു. എം.കെ. മേനോന്റെ (വിലാസിനി) രചനയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത ഊഞ്ഞാല്‍ എന്ന സിനിമയില്‍ ജീവനുതുല്യം സ്‌നേഹിച്ച മുറപ്പെണ്ണ് മറ്റൊരാളുടെ ഭാര്യയായി തീര്‍ന്നതോടെ, ഒരുതുണ്ട് കയറില്‍ ജീവിതം അവസാനിപ്പിക്കുന്ന സ്‌നേഹനിധിയായ രാജനെന്ന ഒരൊറ്റ കഥാപത്രം മതിയാകുമായിരുന്നു, സോമന് മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍. അതുപോലെ എത്രയെത്ര കഥാപാത്രങ്ങള്‍… ആരാന്റെ മുല്ല കൊച്ചുമുല്ല, ഗുരുവായൂര്‍ കേശവന്‍, ഇതാ ഇവിടെ വരെ, ഹര്‍ഷ ബാഷ്പം, ആശിര്‍വാദം, അവള്‍ വിശ്വസ്തയായിരുന്നു, ഒരുവര്‍ഷം ഒരുമാസം, അവളുടെ രാവുകള്‍, രക്തമില്ലാത്ത മനുഷ്യന്‍, സായൂജ്യം, അനുഭവം, പക്ഷെ തുടങ്ങി നാനൂറോളം ചിത്രങ്ങളില്‍ സോമന്‍ ഉജ്ജ്വല പ്രകടനം കാഴ്‌ച്ചവെച്ചു. 1975 ല്‍ ചുവന്ന സന്ധ്യകള്‍, സ്വപ്‌നാടനം എന്നീ ചിത്രങ്ങളിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ്, 1976 ല്‍ തണല്‍, പല്ലവി എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് എന്നിവ കരസ്ഥമാക്കി. 1977 ല്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ (47 ചിത്രങ്ങള്‍) അഭിനയിച്ച നടന്‍ എന്ന നേട്ടവും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. താര സംഘടനയായ എഎംഎംഎയുടെ ആദ്യകാല പ്രസിഡന്റായും, കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ അംഗമായും സേവനമനുഷ്ഠിച്ച സോമന്‍,
മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് എറണാകുളം പിവിഎസ് ഹോസ്പറ്റലില്‍ വെച്ചാണ് അന്തരിച്ചത്. 1997 ഡിസം.12 ന് 56-ാം വയസിലാണ് ചമയങ്ങളഴിച്ചുവെച്ച് നാട്യങ്ങളില്ലാത്ത ലോകത്തേക്ക് മാഞ്ഞുപോയത്. എണ്ണമറ്റ ചിത്രങ്ങള്‍ക്ക് ഭാവപ്പകര്‍ച്ച സമ്മാനിച്ച് ആകാശ നീലിമയിലും ജ്വലിക്കുന്ന നക്ഷത്രമായി തീര്‍ന്ന ആ അഭിനയ പ്രതിഭയെ നഷ്ടമായിട്ട് 27-വര്‍ഷം പിന്നിട്ടു. പ്രത്യുഷ നിദ്രയില്‍ വര്‍ണച്ചിറകുള്ള സുന്ദര സ്വപ്‌നങ്ങള്‍ കണ്ട്, ഒരു ചിത്രപതംഗമായ് മാറിയ സോമനെന്ന നടനെ പ്രേക്ഷകര്‍ ഇപ്പോഴും മറന്നിട്ടില്ല. അത്രമാത്രം കരുത്തുറ്റ കഥാപാത്രങ്ങളാണ് സോമന്‍ സമ്മാനിച്ചത്. ഭാര്യ: സുജാത സോമന്‍. മക്കള്‍: സജി സോമന്‍, സിന്ധു സോമന്‍.
(ഗ്രാഫിക് ഡിസൈനിങ്ങ്: വിനോദ് ഒരുമനയൂര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: