സഹൃദയരില്‍ ഭാവലയം ഉളവാക്കുന്നതില്‍ കാവ്യത്തിലെ ഭാഷാക്രമീകരണം വലിയ പങ്കുവഹിക്കുന്നു. കാവ്യക്രമീകരണത്തില്‍ താളാത്മകതയ്ക്കാണ് പരമപ്രാധാന്യം. അനുരൂപപദങ്ങളുടെ പ്രയോഗവും അവയുടെ താളാത്മകമായ ചിട്ടപ്പെടുത്തലും കാവ്യത്തിന് രൂപസൗന്ദര്യവും അനുവാചകര്‍ക്ക് കാവ്യാനുഭൂതിയും നല്കുന്നു. ഇതിനായിട്ടാണ് വൃത്തം, പ്രാസം എന്നിവയെ ആശ്രയിക്കുന്നത്. പഴയകാലത്തെ കാവ്യങ്ങള്‍ വൃത്തനിബദ്ധമായിരുന്നു. പ്രാസത്തിനും പ്രാധാന്യം കല്പിച്ചിരുന്നു. ഒരുകാലത്ത് മലയാള കവികളുടെയിടയില്‍ ദ്വീതീയാക്ഷരപ്രാസം ഒരു വിവാദവിഷയമായിരുന്നു. ഇന്നത്തെ കവികള്‍ ഇത്തരം കടുംപിടിത്തങ്ങളില്‍ നിന്ന് മുക്തരാണ്. എന്നാല്‍ ഈ മുക്തിയില്‍ ഗുണവും ദോഷവും അടങ്ങിയിട്ടുണ്ട്. പ്രധാന ഗുണമെന്നത്, അര്‍ത്ഥത്തെ ബലികഴിച്ചുകൊണ്ട് ശബ്ദഭംഗി വരുത്തുന്നതില്‍ കാര്യമില്ലെന്ന് കവികള്‍ തിരിച്ചറിഞ്ഞതാണ്. തന്റെ കാവ്യത്തെ എപ്രകാരം മോഡിപിടിപ്പിക്കണമെന്ന കാര്യത്തില്‍ കവി സ്വതന്ത്രനായിരിക്കണം. ഇതുകാരണം ഇന്നത്തെ കാവ്യരംഗം ചില ദോഷവശങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നതു കാണാം. ഒന്ന്, പുതിയ കവികള്‍ വൃത്തം, പ്രാസം എന്നിവയില്‍ നിന്നൊക്കെ മോചനം നേടിയതോടെ ആര്‍ക്കും കവിതയെഴുതാമെന്നായി. അതിനാല്‍ കാവ്യപ്രതിഭയുടെ വര്‍ദ്ധനവുകൊണ്ടല്ല ഇന്ന് കാവ്യങ്ങള്‍ പെരുകുന്നത്. കാവ്യത്തിന്റെ താളാത്മകതയെ നഷ്ടപ്പെടുത്തുന്നവരായിത്തീരുന്നു ഇന്നത്തെ കവികള്‍ എന്നതാണ് മറ്റൊരു ദോഷം. ബാഹ്യക്രമീകരണമില്ലാതെയും, കാവ്യം ഹൃത്തില്‍ ഉടലെടുക്കുമ്പോള്‍ത്തന്നെ താളാത്മകമാകാം. എന്നാല്‍ ഈ ആന്തരിക താളവും ബാഹ്യക്രമീകരണവുമില്ലാത്ത കാവ്യങ്ങളാണ് ഇന്ന് പെരുകിക്കൊണ്ടിരിക്കുന്നത്.
വാഗര്‍ത്ഥങ്ങളെ താളാത്മകമായി ഭാവാത്മകമായി അവതരിപ്പിക്കുന്ന ഗദ്യകാവ്യങ്ങളുമുണ്ട്. പക്ഷേ കാവ്യാനുഭൂതിയുളവാക്കാന്‍ കെല്പുള്ള താളാത്മകമായ ഗദ്യകാവ്യം നിര്‍മിക്കുന്നത് എളുപ്പമല്ല. വൃത്തം മുതലായ ബാഹ്യോപാധികളെ ആശ്രയിക്കാത്തതിനാല്‍ ഗദ്യകാവ്യം കവിയുടെ ആന്തരിക താളത്തെയാണ് മുഖ്യമായി ആശ്രയിക്കേണ്ടത്. അതിനാല്‍ ഗദ്യകവികള്‍ യഥാര്‍ത്ഥ കവിത്വവൈഭവമുള്ളവരായിരിക്കണം. പക്ഷേ ഇന്നത്തെ പല കൃതികളും കാവ്യമെന്നമട്ടില്‍ വെറും ചുരുക്കെഴുത്തു ഗദ്യമായും സാധാരണ വ്യവഹാര ഭാഷയിലും അവതരിപ്പിക്കപ്പെടുന്നവയാണ്. ലയഹീനത കാരണം ഇവ കാവ്യമല്ലാതെയും വിരസഗദ്യമായും അനുഭവപ്പെടുന്നു.
ഉത്തരാധുനിക ചിന്തയുടെ ഉലപ്പന്നമാകുന്ന വ്യക്തി സ്വാതന്ത്ര്യവാദത്തില്‍ വളര്‍ന്നുവരുന്ന പ്രവണതകളാണ് അമിത ഭൗതികതയും അതിലൈംഗികതയും മൂല്യനിഷേധവും. ഇക്കാരണത്താലാണ് ആത്മീയതയും ധാര്‍മികതയുമടങ്ങുന്ന പൈതൃക സംസ്കാരത്തെ അന്ധവിശ്വാസമെന്ന പേരുചാര്‍ത്തി അധിക്ഷേപിക്കുന്ന കൃതികള്‍ പെരുകുന്നത്. ഇന്ന് കലാസാഹിത്യരംഗത്ത് കാണുന്ന ദുരവസ്ഥയാണിത്. സാംസ്കാരിക മൂല്യങ്ങള്‍ ത്യജിച്ചുകൊണ്ട് ഒരു സമൂഹത്തിനും വളരാനാവില്ല. സമത്വ ദര്‍ശനത്തിനും സദാചാരബോധത്തിനും ആധാരശിലകളാകുന്ന മൂല്യങ്ങളെ കാത്തു സൂക്ഷിക്കാന്‍ കാവ്യത്തെ മാധ്യമമാക്കിയിരുന്നു പഴയ കവികള്‍. കാരണം കലാസാഹിത്യം സംസ്കാരത്തില്‍ നിന്നന്യമല്ല, സംസ്കാരത്തിന്റെ ഘടകമാണ്. അതിനാല്‍ സംസ്കാരത്തെ വളര്‍ത്താനും തളര്‍ത്താനും കലാസാഹിത്യത്തിന് സാധിക്കുന്നു. തിരിച്ചും സംഭവിക്കും. സാംസ്കാരിക മൂല്യത്തകര്‍ച്ച കലാസാഹിത്യത്തെയും ശോഷിപ്പിക്കും. സാംസ്കാരിക അംഗവൈകല്യം കലാസാഹിത്യത്തില്‍ വികല വീക്ഷണങ്ങള്‍ കുത്തിനിറയ്ക്കുന്നതിലേക്ക് നയിക്കുന്നു.
വാക്കും വ്യാകരണവും
കാവ്യത്തില്‍ വ്യാകരണം ഗദ്യത്തിലേതുപോലെ സ്പഷ്ടമല്ലെങ്കിലും സൂചിതമാകേണ്ടതുണ്ട്. എന്നാല്‍ വ്യാകരണം അന്തര്‍ലീനമല്ലാത്ത കാവ്യങ്ങളാണിന്ന് ഏറെയും. പുരാതന ഭാരതത്തില്‍ വൈയാകരണന്മാരും നയ്യായികരന്‍മാരും തമ്മിലും, ഉത്തരാധുനിക കാലത്ത് പാശ്ചാത്യരുടെ ഇടയില്‍ ചോമ്സ്കിയും ദറിദയും തമ്മിലും ഭാഷയില്‍ വ്യാകരണത്തിന്റെ മേല്‍ക്കോയ്മയെയും പദങ്ങളുടെ സ്വാതന്ത്ര്യത്തെയും ചൊല്ലി വലിയ തര്‍ക്കങ്ങള്‍ നടന്നിരുന്നു. ഇതില്‍ ദറിദയെ പിന്തുടരുന്ന ഉത്തരാധുനിക കവികള്‍ വാക്കുകളുടെ സ്വതന്ത്രമായ ധ്വനനശേഷിയില്‍ അമിതമായി വിശ്വസിച്ചുകൊണ്ട് അവയെ പെറുക്കി അടുക്കി കാവ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ്. ഇന്നത്തെ പല കാവ്യങ്ങളിലും ധാരാളം കോമളപദങ്ങള്‍ വാരി വിതറിയിരിക്കുന്നതു കാണാം. അവയില്‍ ഔചിത്യപൂര്‍വ്വമായ ഭാഷാപ്രയോഗമോ അന്തര്‍ലീനമായ വ്യാകരണമോ കാണാന്‍ കഴിയില്ല. അതിനാല്‍ അര്‍ത്ഥസംവേദനം നടക്കുകയില്ല. തല്‍ഫലമായി കാവ്യം തികച്ചും ദുര്‍ഗ്രാഹ്യമായിരിക്കും.
ഇന്നത്തെ മറ്റൊരു പ്രവണത, കാവ്യത്തിന്റെ കുറവുകള്‍ പരിഹരിക്കുന്നതിനായി കവികള്‍ അവയ്ക്ക് കൃത്രിമ രാഗങ്ങള്‍ നല്കി നീട്ടിയും കുറുക്കിയും വൈകാരിക തീവ്രതയോടെ പാടി കേള്‍പ്പിക്കുന്നുവെന്നതാണ്. കാവ്യം സംഗീതാത്മകമാകാമെങ്കിലും അത് നിര്‍ബന്ധമല്ല. കാവ്യത്തിലെ ഭാഷാക്രമീകരണം താളാത്മകതയെയാണ് പ്രധാനമായി ആശ്രയിക്കുന്നത്. സംഗീതത്തില്‍ പ്രധാനമായി രാഗലയ സൗന്ദര്യമാണ് ഭാവലയത്തിലേക്കെത്തിക്കുന്നതെങ്കില്‍, കാവ്യത്തില്‍ രാഗത്തെക്കാള്‍ പ്രാധാന്യം താളലയത്തിനാണ്.
മഹത്തായ കവിതകള്‍ സഹൃദയ പക്ഷത്തുനിന്നുള്ള വ്യക്തിഗതമായ ആസ്വാദനം കൊണ്ടുമാത്രമല്ല കാലാതിവര്‍ത്തിയാവുന്നത്. ഇത്തരം കവിതകള്‍ അവയിലെ സൗന്ദര്യാംശത്തിനു പുറമേ സംസ്കാരത്തിന്റെ സവിശേഷമായ മുദ്രകള്‍ പേറുന്നവയുമായിരിക്കും. രാമായണം പോലുള്ള മഹാകാവ്യങ്ങള്‍ ഒരു ജനതയെ സഹസ്രാബ്ദങ്ങളിലൂടെ നന്മയിലേക്കും ധാര്‍മിക ജീവിതത്തിലേക്കും കൈപിടിച്ചു നടത്തുന്നു.
അവസാനിച്ചു
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഫിലോസഫി വിഭാഗം മുന്‍ മേധാവിയും തപസ്യ കലാസാഹിത്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷയും കവയത്രിയുമാണ് ലേഖിക.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: