India

പ്രധാനമന്ത്രി സൂര്യഘര്‍ യോജന: മസാലി ആദ്യ സോളാര്‍ അതിര്‍ത്തി ഗ്രാമം

Published by

അഹമ്മദാബാദ് (ഗുജറാത്ത്): പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മസാലി സമ്പൂര്‍ണ സോളാര്‍ ഗ്രാമമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ആദ്യ സോളാര്‍ അതിര്‍ത്തി ഗ്രാമമാണ് മസാലി. മസാലിക്ക് 40 കിലോമീറ്റര്‍ അകലെയാണ് പാകിസ്ഥാനുമായുള്ള ഭാരത അതിര്‍ത്തി.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി സൂര്യഘര്‍ സൗജന്യ വൈദ്യുതി പദ്ധതിയിലൂടെയാണ് ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ മസാലി ഗ്രാമം സമ്പൂര്‍ണ സോളാര്‍ ഗ്രാമമായത്. അതിര്‍ത്തിഗ്രാമങ്ങളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതികള്‍ക്ക് കീഴില്‍ സാരധിവാവ് താലൂക്കില്‍ ആകെയുള്ള 17 വില്ലേജുകളും സുഗം താലൂക്കിലെ ആറ് വില്ലേജുകളും സോളാര്‍ ഗ്രാമങ്ങള്‍ ആകാനുള്ള പ്രവര്‍ത്തനത്തിലാണ്. 119 വീടുകളിലായി 800 പേരാണ് മസാലിയില്‍ താമസിക്കുന്നത്. 119 വീടുകളുടെ മേല്‍ക്കൂരയിലും സോളാര്‍ മേല്‍ക്കൂരകള്‍ സ്ഥാപിച്ചു. ഇതുവഴി 225.5 കിലോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.

ആദ്യ സോളാര്‍ അതിര്‍ത്തി ഗ്രാമം മസാലിയാണെങ്കിലും ആദ്യ സൗരോര്‍ജ ഗ്രാമമായി മാറിയത് ഗുജറാത്തിലെ തന്നെ മൊധേരയാണ്. 2022ലാണ് മൊധേരയെ സൗരോര്‍ജ്ജ ഗ്രാമമായി പ്രഖ്യാപിച്ചത്. ഇവിടെ 1300 ലേറെ ഗ്രാമീണ വീടുകളിലാണ് സോളാര്‍ മേല്‍ക്കൂര സ്ഥാപിച്ചത്. ഇതിലൂടെ വൈദ്യുതി ബില്ലില്‍ 60-100 ശതമാനം വരെ ലാഭിക്കുന്നു.

ശുദ്ധമായ ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതില്‍ ഗുജറാത്ത് ഒരിക്കല്‍ കൂടി മുന്‍കൈയെടുത്തതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു. റവന്യൂ വകുപ്പ്, യുജിവിസിഎല്‍ (ഉത്തര്‍ ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡ്), ബാങ്കുകള്‍, സോളാര്‍ കമ്പനികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് 1.16 കോടി രൂപയുടെ പദ്ധതി ആരംഭിച്ചത്. പ്രധാനമന്ത്രി സൂര്യഘര്‍ യോജന പ്രകാരം 59.81 ലക്ഷം രൂപയുടെ സബ്സിഡി, 20.52 ലക്ഷം രൂപയുടെ പൊതു സംഭാവന, 35.67 ലക്ഷം രൂപയുടെ സിഎസ്ആര്‍ (കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്തം) എന്നിവ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയതെന്ന് ബനസ്‌കന്ത ജില്ലാ കളക്ടര്‍ മിഹിര്‍ പട്ടേല്‍ പറഞ്ഞു,

കേന്ദ്രപദ്ധതി മൂലം ഗ്രാമത്തിലെ വൈദ്യുതി പ്രശ്‌നം ശാശ്വതമായി അവസാനിച്ചെന്ന് മധ്പുര മസാലി ഗ്രാമപഞ്ചായത്ത് സര്‍പഞ്ച് മഗ്‌നിരാം റാവല്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക