മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നയിച്ച ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത മാവോയിസ്റ്റ് സംഘടനകള്‍ മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നേപ്പാളില്‍ യോഗം ചേര്‍ന്നതായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
മഹാരാഷ്‌ട്ര നിയമസഭയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം ഫഡ്‌നാവിസ് പറഞ്ഞത്. രാഹുലിന്റെ ഭാരത് ജോഡോ യാത്രയില്‍ 13 മാവോയിസ്റ്റ് സംഘടനകള്‍ പങ്കെടുത്തിരുന്നു. ഇവരാണ് കാഠ്മണ്ഡുവില്‍ കഴിഞ്ഞമാസം 15ന് യോഗം ചേര്‍ന്നത്. മഹാരാഷ്‌ട്രയിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇലക്‌ട്രോണിക് വോട്ടിങ് മെഷിനെതിരെ (ഇവിഎം) പ്രചരണം നടത്താനും ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരാനും ശ്രമിക്കാനും തീരുമാനിക്കുകയായിരുന്നു.
ജോഡോ യാത്രയില്‍ 180 സംഘടനകളാണ് പങ്കെടുത്തത്. ഇതില്‍ 40 എണ്ണം അര്‍ബന്‍ നക്‌സല്‍ സംഘടനകളാണ്. ഇവിഎമ്മിനെതിരെ ഇവര്‍ ലഘുലേഖ തയാറാക്കി. ഈ സംഘടനകള്‍ അര്‍ബന്‍ നക്‌സലുകളാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടിലിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് ഫഡ്‌നാവീസ് സംസാരിച്ചത്.
മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 2014 ഫെബ്രുവരി 18ന് ലോക്‌സഭയില്‍ 72 അര്‍ബന്‍ നക്‌സല്‍ സംഘടനകളുകളുടെ പേരുവിവരങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇതില്‍ ഏഴ് സംഘടനകള്‍ ജോഡോ യാത്രയില്‍ പങ്കെടുത്തിരുന്നു. 13 സംഘടനകള്‍ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുമായി ബന്ധപ്പെട്ടതാണ്. വോട്ട് ജിഹാദിനായി 114 കോടി രൂപ നിരവധി യുവാക്കളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നതായി ഫഡ്‌നാവിസ് ചൂണ്ടിക്കാട്ടി. നിരവധി യുവാക്കളാണ് ഇത് സംബന്ധിച്ച് പരാതിയുമായി രംഗത്തെത്തിയത്. സിറാജ് മുഹമ്മദ് എന്നായാളുടെയും മറ്റ് 14 പേരുടെയും പേരിലേക്കാണ് ഈ തുക തിരിച്ചുവിട്ടത്. മലേഗാന്‍ നാസിക് മര്‍ച്ചന്റ്‌സ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ 14 അക്കൗണ്ടുകള്‍ ഉണ്ടാക്കിയതും അതിനാവശ്യമായ 14 ആധാറും പാന്‍ കാര്‍ഡും സംഘടിപ്പിച്ചതും സിറാജ് മുഹമ്മദായിരുന്നു.
ഈ കേസ് ഇവിടെ മാത്രം ഒതുങ്ങുന്നതല്ലെന്നും 21 സംസ്ഥാനങ്ങളിലെ 201 അക്കൗണ്ടുകളിലേക്ക് ട്രാന്‍സാക്ഷന്‍ നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയിരം കോടി രൂപയുടെ ഇടപാടാണ് നടന്നിട്ടുള്ളത്. ബിജെപി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ വിഭജന രാഷ്‌ട്രീയമാണ് ജോഡോ യാത്രയിലൂടെ രാഹുല്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക