കൊച്ചി: ഏറെ ദുര്‍ഘടം പിടിച്ച ഘട്ടത്തിലൂടെ കടന്നുപോകുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് ഇനിയങ്ങോട്ട് എല്ലാം ജീവന്‍ മരണ പോരാട്ടങ്ങള്‍. ഇന്ന് നടക്കുന്ന ഹോം മാച്ചില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് ആണ് എതിരാളികള്‍.
2024-25 ലീഗ് സീസണില്‍ ഇതുവരെ ബ്ലാസ്‌റ്റേഴ്‌സിന്റെ പകുതി മത്സരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു. ഇതുവരെയുള്ള 12 മത്സരങ്ങളില്‍ ആകെ ജയിച്ചത് മൂന്നെണ്ണം മാത്രം. ഏഴ് തോല്‍വികള്‍ വഴങ്ങി. രണ്ട് മത്സരങ്ങള്‍ സമനിലയിലാക്കിയതിന്റെ കൂടി ബലത്തില്‍ 11 പോയിന്റുകള്‍ നേടിയിട്ടുണ്ട്. 13 ടീമുകളുള്ള ലീഗ് പട്ടികയില്‍ 11-ാം സ്ഥാനത്താണുള്ളത്.
ടീമിന്റെ നിറംമങ്ങിയ പ്രകടനത്തിന്റെ പേരില്‍ പ്രധാന പരിശീലകന്‍ മിക്കായേല്‍ സ്റ്റാറെയെ പുറത്താക്കി. നിലവില്‍ ഇടക്കാല പരിശീലകന്‍ ടി.ജി. പുരുഷോത്തമന് കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സ് തയ്യാറെടുക്കുന്നത്.
മുന്‍ ഭാരത താരമായ പുരുഷോത്തമന്‍ വിവിധ പ്രധാന പരിശീലകര്‍ക്ക് കീഴില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹ പരിശീലകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പ്രധാനമായും ഗോള്‍ കീപ്പിങ് പരിശീലകന്‍ എന്ന നിലയ്‌ക്കാണ് സേവനം തുടര്‍ന്നുവന്നത്. ഇപ്പോള്‍ താല്‍ക്കാലിക ചുമതലയിലേക്ക് ഉയരുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മലയാളി പരിശീലകന്‍ എന്ന ഖ്യാതി കൂടി നേടിയിരിക്കുകയാണ്. എന്നാല്‍ അദ്ദേഹം നേരിടുന്ന വെല്ലുവിളി ചില്ലറയല്ല. ഗോള്‍ കീപ്പിങ് പൊസിഷനിലും പ്രതിരോധത്തിലുമാണ് ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ മത്സരങ്ങളില്‍ കൂടുതല്‍ പിഴവുകള്‍ വരുത്തിയത്. ഇതു സംബന്ധിച്ച് ഇന്നലെ നടന്ന പ്രീമാച്ച് പ്രസ് കോണ്‍ഫറന്‍സില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മൊത്തത്തില്‍ ഒരു ടീം വര്‍ക്ക് ആണ്, ഏതെങ്കിലുമൊരു പൊസിഷനെ കുറിച്ച് വശകലനം
ചെയ്യുന്നതില്‍ കാര്യമില്ലെന്നായിരുന്നു പ്രതികരണം. മാത്രമല്ല ക്ലബ്ബിനകത്ത് ഇതുവരെ സംഭവിച്ചതിനെ കുറിച്ച് ഒന്നും പറയാനില്ല, വരുന്ന മത്സരങ്ങളെ നേരിടുകയെന്നതാണ് പ്രധാനം എന്നും അദ്ദേഹം പ്രതികരിച്ചു.
പട്ടികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ടീം ആണ് ഇന്നത്തെ എതിരാളികളായ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ്. ഇതുവരെ കളിച്ച 11 മത്സരങ്ങളില്‍ അവര്‍ ആകെ ഒരു മത്സരം മാത്രമാണ് വിജയിച്ചിട്ടുള്ളത്.
ഇളക്കം തട്ടാതെ പ്ലേഓഫ് സാധ്യത
2020-21ല്‍ ആകെ മൂന്ന് വിജയം നേടിയ ദയനീയ പ്രകടനത്തിന് ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് വലിയ തിരിച്ചടി നേരിട്ട സീസണ്‍ ആണിത്. ഇന്നത്തേതടക്കം ഇനി 12 മത്സരങ്ങള്‍ അവശേഷിക്കുന്നുണ്ട്. ഇപ്പോഴും ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് പോറലേറ്റിട്ടില്ല. ഇനിയും പൊരുതി കയറാനുള്ള സമയമുണ്ട്. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന ആറ് ടീമുകളാണ് പ്ലേ ഓഫ് യോഗ്യത നേടുക. കഴിഞ്ഞ ഏതാനും സീസണുകളിലെ വസ്തുത പരിശോധിച്ചാല്‍ വ്യക്തമാകുന്നൊരു ചിത്രം ഇങ്ങനെയാണ്- ആറാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കയറിപറ്റുന്ന ടീമുകള്‍ക്ക് ശരാശരി 28, 29 പോയിന്റുകളാണ് നേടിയിട്ടുള്ളത്. ഇപ്പോഴത്തെ 11 പോയിന്റുകള്‍ കൈയ്യിലിരിക്കെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ആറോ ഏഴോ ജയം നേടിയാല്‍ പോലും യഥാക്രമം 29, 32 പോയിന്റുകള്‍ സ്വന്തമാക്കാന്‍ സാധിക്കും. എങ്കിലും ഇന്നത്തേതടക്കം ജീവന്‍ മരണ പോരാട്ടത്തോടെ ഏറ്റെടുത്തെങ്കിലേ സീസണിലെ വലിയ നിരാശ ഒഴിവാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക