കൊച്ചി: കേന്ദ്ര സിലബസ് സ്‌കൂളുകളുടെ നാലാമത് സംസ്ഥാന കായികമേള 30, 31 തീയതികളില്‍ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍ കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന മീറ്റ് 30ന് ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. അഷറഫ് അലി, നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍ സെക്രട്ടറി ജന. ഡോ. ഇന്ദിര രാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹൈബി ഈഡന്‍ എം.പി. അധ്യക്ഷനാകും.
സംസ്ഥാനത്തെ സിബിഎസ്ഇ ഐസിഎസ്ഇ കേന്ദ്രീയ വിദ്യാലയ, നവോദയ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് സെന്‍ട്രല്‍ സ്‌കൂള്‍ സ്‌പോര്‍ട്സ് മീറ്റില്‍ പങ്കെടുക്കുക. ജില്ലാ കളക്ടര്‍മാര്‍ രക്ഷാധികാരിയായും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍ കേരളയും സംയുക്തമായി നടന്ന ജില്ലാതല മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ച കായിക പ്രതിഭകളാണ് സംസ്ഥാന മീറ്റില്‍ മാറ്റുരക്കുന്നത്. അണ്ടര്‍ 19, അണ്ടര്‍ 14, അണ്ടര്‍ 11 വിഭാഗങ്ങളിലായി 1600 ഓളം കായിക പ്രതിഭകള്‍ സംസ്ഥാന മീറ്റില്‍ പങ്കെടുക്കും.
വിജയികള്‍ക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. 31ന് ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന സമാപന സമ്മേളനം കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാന്‍ എംപി മുഖ്യാതിഥിയാകും. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എന്‍. രവി സമ്മാനദാനം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ കമ്മിറ്റി കണ്‍വീനര്‍മാരായ ഫാ. മാത്യു കരീത്തറ സിഎംഐ,എം നീലകണ്ഠന്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക