ലഖ്നൗ: ഔറംഗസീബ് ചക്രവര്‍ത്തിയുടെ പിന്മുറക്കാര്‍ റിക്ഷാവലിക്കാരാണെന്ന് യോഗി ആദിത്യനാഥ്. “പണ്ട് ക്ഷേത്രങ്ങളും ഹൈന്ദവ ഇടങ്ങളും തകര്‍ത്തില്ലായിരുന്നെങ്കില്‍ ആ മുഗള്‍ ചക്രവര്‍ത്തിയുടെ മക്കള്‍ നല്ല നിലയില്‍ എത്തുമായിരുന്നു. ഇത് കാലത്തിന്റെ കാവ്യനീതിയാണ്”.- യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യോഗി.
“മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ പിന്‍തലമുറക്കാരില്‍ ചിലര്‍ കൊല്‍ക്കത്തയില്‍ ഉള്ളതായി ചിലര്‍ എന്നോട് പറഞ്ഞിരുന്നു. അവര്‍ കൊല്‍ക്കൊത്തയില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ റിക്ഷ വലിക്കുകയാണെന്നും പറഞ്ഞു. ദൈവീകതയെ കളങ്കപ്പെടുത്തിയില്ലായിരുന്നെങ്കില്‍, ഹിന്ദു ക്ഷേത്രങ്ങളും മതസ്ഥാപനങ്ങളും കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ ഔറംഗസീബിന്റെ പിന്‍മുറക്കാര്‍ക്ക് ഈ ഗതികേട് വരില്ലായിരുന്നു. അവര്‍ നല്ല നിലയില്‍ കഴിയുമായിരുന്നു. ഇതാണ് കാലം അവര്‍ക്ക് കാത്ത് വെച്ച ദൈവനീതി”.- യോഗി ആദിത്യനാഥ് പറഞ്ഞു.
ബംഗ്ലാദേശിലും പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഹിന്ദുക്കള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളെയും യോഗി ആദിത്യനാഥ് അപലപിച്ചു. എല്ലാവരും സനാതനമൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും യോഗി ആദിത്യനാഥ് സദസ്സിനോട് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക