കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും ശിക്ഷ. ശിക്ഷ വെവ്വേറെ അനുഭവിക്കണം. കോട്ടയം അഡീഷനൽ സെഷൻസ് ജഡ്ജി ജെ. നാസർ ആണ് ശിക്ഷ വിധിച്ചത്.
സ്വത്തുതർക്കത്തെ തുടർന്ന് സഹോദരൻ കാഞ്ഞിരപ്പള്ളി കരിമ്പനാൽ രഞ്ജു കുര്യൻ (50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലിൽ രാജു -78) എന്നിവരെ വെടിെവച്ചുകൊന്ന കേസിൽ കാഞ്ഞിരപ്പള്ളി കരിമ്പനാൽപടി കരിമ്പനാൽ വീട്ടിൽ ജോർജ് കുര്യൻ (പാപ്പൻ -54) കുറ്റക്കാരനാണെന്ന് വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു.
അപൂർവങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും വാദിച്ചു. അപ്രതീക്ഷിത പ്രകോപനത്തിന്റെ പേരിലായിരുന്നില്ല കൊലപാതകം. നേരത്തേ തന്നെ തയാറെടുപ്പുകൾ നടത്തിയാണ് പ്രതി എത്തിയത്. ഉന്നതനിലവാരമുള്ള സ്ഥാപനങ്ങളിൽ പഠിച്ച പ്രതിയുടെ ജീവിത സാഹചര്യങ്ങളും ഉയർന്ന നിലയിലായിരുന്നു. എന്നിട്ടും ക്രൂരകൊലപാതകമാണ് നടത്തിയത്. ഇത് കണക്കിലെടുത്താൽ പ്രതിക്ക് മാനസാന്തരം വരാനുള്ള സാധ്യതയില്ല. പ്രതി ദയ അർഹിക്കുന്നില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടർ വാദിച്ചു.
സ്വത്ത് തർക്കത്തെ തുടർന്ന് 2022 മാർച്ച് ഏഴിനായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ ജോർജ് കുര്യനാണ് പ്രതി എന്ന് കണ്ടെത്തിയിരുന്നു.
76 സാക്ഷിമൊഴികൾ 278 പ്രമാണങ്ങൾ , 75 സാഹചര്യ തെളിവുകൾ എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതി ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതമെന്ന് പ്രൊസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞു. ബാലിസ്റ്റിക് പരിശോധന റിപ്പോർട്ടും ഡിഎൻഎ റിപ്പോർട്ടും അടക്കം അന്വേഷണത്തിൽ നിർണായകമായി. അടുത്ത ബന്ധുക്കൾ ഉൾപ്പെടെ എല്ലാവരും കൂറുമാറിയ കേസിലാണ് സുപ്രധാന വിധി.
സുപ്രീംകോടതിയടക്കം വിവിധ കോടതികളിൽ ജാമ്യഹർജികൾ നൽകിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്ന് വിചാരണ തടവുകാരനായി ഇയാൾ കോട്ടയം സബ് ജയിലിൽ കഴിഞ്ഞുവരികയാണ്. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസ് അന്വേഷിച്ച് കോടതിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: