Kerala

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം: പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു; എന്‍എസ്എസ്, എസ്എന്‍ഡിപി വേദികളില്‍ മുഖ്യാതിഥിയായി രമേശ് ചെന്നിത്തല

Published by

കോട്ടയം: നേതൃമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയതിനു പിന്നാലെ കോണ്‍ഗ്രസില്‍ ഭിന്നത ശക്തമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ എതിര്‍ക്കുന്നവര്‍ മുന്‍ മന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റുമായ രമേശ് ചെന്നിത്തലയ്‌ക്കു പിന്നില്‍ അണിനിരക്കുന്നു. എന്‍എസ്എസ്, എസ്എന്‍ഡിപി യോഗം പിന്തുണ ചെന്നിത്തലയ്‌ക്കുണ്ടെന്നാണ് ഈ പക്ഷം ചൂണ്ടിക്കാട്ടുന്നത്.

പതിനൊന്നു വര്‍ഷമായി എന്‍എസ്എസുമായി ഇടഞ്ഞു നിന്ന ചെന്നിത്തലയെ ഇത്തവണ മന്നം ജയന്തിക്ക് മുഖ്യ പ്രഭാഷകനായി ക്ഷണിച്ചിട്ടുണ്ട്. വൈക്കം എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ ഈ മാസം 28ന് പുറപ്പെടുന്ന ശിവഗിരി തീര്‍ത്ഥാടന പദയാത്ര ആശ്രമം ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുന്നത് ചെന്നിത്തലയാണ്.

സംസ്ഥാന കോണ്‍ഗ്രസിനുള്ളില്‍ കരുത്താര്‍ജിക്കാനായി ചെന്നിത്തലയുടെ നീക്കങ്ങള്‍ക്ക് പ്രമുഖ സമുദായ സംഘടനകളുടെ വേദികള്‍ തുണയാകുമോയെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ഉയരുന്നത്. എന്‍എസ്എസിനും എസ്എന്‍ഡിപിക്കും ഒരേസമയം തന്നെ ചെന്നിത്തല സ്വീകാര്യനായി മാറുന്നത് കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിനുള്ളില്‍ പുതിയ സമവാക്യങ്ങള്‍ക്ക് വഴിതുറന്നു കഴിഞ്ഞു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആണെങ്കിലും വി.ഡി. സതീശന്റെ നിയന്ത്രണത്തിലാണ് നിലവില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. സുധാകരനും സതീശനും തമ്മിലുള്ള മാനസിക ഐക്യമില്ലായ്മ പൊതുവേദിയില്‍ പോലും പ്രകടമാണ്. അനാരോഗ്യത്തിന്റെ പേരില്‍ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും സുധാകരനെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ശക്തമായതോടെയാണ് സതീശന് എതിരെ ഗ്രൂപ്പുകള്‍ക്ക് അതീതമായ നീക്കങ്ങള്‍ ശക്തമായത്. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ തുറന്നുപറച്ചിലും അതിനെ തുടര്‍ന്നുള്ള ചെന്നിത്തലയുടെ അഭിപ്രായങ്ങളും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സുധാകരന്‍ മാറേണ്ട സാഹര്യമില്ലെന്നുമുള്ള പ്രസ്താവനകളും കൂട്ടിവായിക്കുമ്പോള്‍ ലക്ഷ്യം വ്യക്തം.

വൈക്കത്തെ ചടങ്ങില്‍ എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശനും പങ്കെടുക്കും. ശിവഗിരിയിലേക്കുള്ള ഏറ്റവും വലിയ തീര്‍ത്ഥാടന പദയാത്രയാണിത്.

ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മന്നം ജയന്തി സമ്മേളന വേദിയിലേക്ക് രമേശ് ചെന്നിത്തലയ്‌ക്ക് ക്ഷണം ലഭിക്കുന്നത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരിക്കെ 2016 ജനുവരി രണ്ടിനാണ് മന്നം ജയന്തി സമ്മേളനവേദിയില്‍ ഇടം ലഭിച്ചത്. പിന്നീട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായുള്ള ബന്ധം ഉലഞ്ഞു. ഇപ്പോള്‍ ലഭിച്ച ക്ഷണം ഒരു മഞ്ഞുരുകലിന്റെ കൂടി ഭാഗമായിട്ടാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കാണുന്നത്.

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന രമേശ് ചെന്നിത്തല അവിടുത്തെ കനത്ത തോല്‍വിയുടെ പാപഭാരം ചുമന്ന് കേരളത്തിലെത്തി കളം ഉറപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു. ഇതിനിടയിലാണ് വീണുകിട്ടിയതു പോലെ എസ്എന്‍ഡിപിയില്‍ നിന്നും, എന്‍എസ്എസില്‍ നിന്നും ക്ഷണം കിട്ടിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക