Business

കൊപ്രയുടെ മിനിമം താങ്ങുവില കേന്ദ്രം ഉയര്‍ത്തി

Published by

ന്യൂദല്‍ഹി: കൊപ്രയുടെ മിനിമം താങ്ങുവില കേന്ദ്രം ഉയര്‍ത്തി. മില്ലിങ് കൊപ്ര ക്വിന്റലിന് 11,582 രൂപയായും ഉണ്ട കൊപ്ര ക്വിന്റലിന് 12,100 രൂപയുമായാണ് മിനിമം താങ്ങുവില ഉയര്‍ത്തിയത്. കേന്ദ്രമന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കര്‍ഷകര്‍ക്ക് ആദായകരമായ വരുമാനം ഉറപ്പാക്കുന്നതിനായി മിനിമം താങ്ങുവില ഉയര്‍ത്തുമെന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ഭാഗമാണിത്.

ഉയര്‍ന്ന എംഎസ്പി നാളികേര കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുക മാത്രമല്ല, ആഭ്യന്തരവും അന്തര്‍ദേശീയമായും നാളികേര ഉത്പന്നങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കൊപ്ര ഉത്പാദനം വ്യാപിപ്പിക്കുന്നതിന് കര്‍ഷകരെ പ്രേരിപ്പിക്കും. നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും (നാഫെഡ്), നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷനും (എന്‍സിസിഎഫ്) കൊപ്രയും തൊണ്ട് നീക്കം ചെയ്ത തേങ്ങയും സംഭരിക്കുന്നതിനുള്ള കേന്ദ്ര നോഡല്‍ ഏജന്‍സികളായി തുടര്‍ന്നും പ്രവര്‍ത്തിക്കും.

2014ലെ വിപണന സീസണില്‍ മില്ലിങ് കൊപ്ര ക്വിന്റലിന് 5,250 രൂപയും ഉണ്ട കൊപ്ര ക്വിന്റലിന് 5,500 രൂപയുമായിരുന്നു. ഇതാണ് 2025 വിപണന സീസണില്‍ 11,582 രൂപയും 12,100 രൂപയുമായി ഉയര്‍ത്തിയത്. മിനിമം താങ്ങുവിലയില്‍ മില്ലിങ് കൊപ്ര ക്വിന്റലിന് 121 ശതമാനവും ഉണ്ട കൊപ്ര ക്വിന്റലിന് 120 ശതമാനവുമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക