Main Article

എസ്എസ്എല്‍സി മിനിമം മാര്‍ക്കും മാര്‍ക്‌സിസ്റ്റ് ഇരട്ടത്താപ്പും

Published by

എസ്എസ്എല്‍സി പരീക്ഷയില്‍ ജയിക്കാന്‍ എഴുത്തു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും 30 ശതമാനം മാര്‍ക്ക് വേണമെന്ന തീരുമാനത്തിനെതിരെ ഇടതുപക്ഷ സംഘടനകള്‍ തന്നെ രംഗത്തുവന്നിരിക്കുന്നു. ഈ അദ്ധ്യയന വര്‍ഷം എട്ടാം ക്ലാസ്സില്‍ തുടങ്ങി അടുത്ത വര്‍ഷം ഒന്‍പതിലും 2027 ല്‍ പത്താം ക്ലാസ്സിലും ഈ പരിഷ്‌കാരം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. കരിക്കുലം കമ്മിറ്റിയും വിദ്യാഭ്യാസ വിചക്ഷണന്മാരും തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍ എസ്എഫ്ആ-കെഎസ്ടിഎ, ബാലസംഘം തുടങ്ങിയ വര്‍ഗ ബഹുജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. അതിലത്ഭുതപ്പെടാനൊന്നുമില്ല. ഭരണവും സമരവും കമ്യൂണിസ്റ്റുകാര്‍ക്ക് പുത്തരിയല്ലല്ലൊ. മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ ഇതില്‍ പലരും പിന്‍വാങ്ങി. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനതല പ്രതിഷേധ ജാഥയുമായി രംഗത്തുവന്നിരിക്കുന്നു. പരിപാടിക്ക് ഇടതുപക്ഷ സംഘടനകളുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് അവകാശപ്പെടുന്നു. ജാഥയുടെ പേര് തന്നെ വിദ്യാഭ്യാസ സംരക്ഷണ ജാഥയെന്നാണ്. എന്താണിക്കൂട്ടര്‍ സംരക്ഷിക്കാന്‍ പോവുന്നത് ?

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ് വരെ നൂറു ശതമാനം ക്ലാസ്് കയറ്റം കൊടുക്കണം. പത്തിലെത്തിയാല്‍ ഡി പ്ലസ് കിട്ടുന്ന കുട്ടികളാണ് പാസ്സാവുന്നത് .

ഇത് നേടാന്‍ 30 ശതമാനം മാര്‍ക്ക് മതി. അതില്‍ 20 മാര്‍ക്ക് നിരന്തര മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമായി അദ്ധ്യാപകര്‍ ഇട്ടുകൊടുക്കുന്നതാണ്. നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണ്ണയമെന്ന് കേള്‍ക്കുമ്പോള്‍ ആരും ഭയപ്പെടണ്ട. ഹാജര്‍ പട്ടികയില്‍ പെട്ടു പോയാല്‍ അവര്‍ക്കെല്ലാം യാതൊരു ഉപാധിയും കൂടാതെ വാരിക്കോരി കൊടുക്കുന്നതാണീ മാര്‍ക്ക്. നിരന്തര മൂല്യനിര്‍ണ്ണയം വസ്തുനിഷ്ഠമല്ലാതായെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ തന്നെ തുറന്ന് പറഞ്ഞത് വെറുതെയല്ല. പിന്നീട് ടെര്‍മിനല്‍ പരീക്ഷക്ക് വെറും 10 മാര്‍ക്ക് കൂടി കിട്ടിയാല്‍ പാസ്സായി. പാസ്സാവുന്നവരില്‍ ഭൂരിഭാഗവും മിനിമം മാര്‍ക്കുകാരായ ഡി പ്ലസ്സുകാര്‍ തന്നെ.

പത്തു മാര്‍ക്കിന്റെ കാര്യം അതിലേറെ വിചിത്രമാണ്. ചോദ്യ നമ്പറിട്ട് എന്തെങ്കിലും എഴുതിയാല്‍ കുട്ടി എഴുതാന്‍ ഉദ്ദേശിച്ച ആശയം ഇന്നതാണെന്ന് ഊഹിച്ച് മാര്‍ക്ക് കൊടുക്കാന്‍ അദ്ധ്യാപകന് അധികാരമുണ്ട് ! (നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസം എങ്ങോട്ട് ? പേജ് 4 .

ബിജു പ്രഭാകര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ) തവള എന്നാണ് ഉത്തരമെങ്കില്‍ കഷ്ടിച്ച് ത എന്ന അക്ഷരം വരച്ചുവച്ചാല്‍ ഉത്തരത്തെക്കുറിച്ച് എന്തോ ധാരണയുണ്ടെന്ന ഊഹത്തിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകന് ലേബര്‍ മാര്‍ക്ക് കൊടുക്കാം. പറഞ്ഞ പണിയെടുത്തില്ലെങ്കിലും എടുത്ത പണിക്ക് കൂലിയുണ്ട്. ഇതിനെല്ലാം പുറമെ ലിബറല്‍ വാല്യൂവേഷനും മോഡറേഷനും പുറകെ വരുന്നുണ്ട്. ലോകത്തെവിടെയെങ്കിലും ഇത്രയും പരിഹാസ്യമായ ഒരു പരീക്ഷ കാണുമോ? കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എഴുതുന്ന പരീക്ഷയാണിതെന്നു കൂടി ഓര്‍ക്കുണം. മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ വിജയശതമാനം പരസ്പരം മത്സരിച്ചുയര്‍ത്തി ഒരു തലമുറയെ അപ്പാടെ കുരുതി കൊടുക്കുകയാണ്. എ പ്ലസ് നേടിയ കുട്ടിക്ക് സ്വന്തം പേര് പോലും അക്ഷരത്തെറ്റ് കൂടാതെ എഴുതാനറിയില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ തുറന്നു പറഞ്ഞത് മറക്കാറായിട്ടില്ല . അപ്പോള്‍ ഡി പ്ലസുകാരന്റെ കാര്യം പറയേണ്ടതില്ല. പ്രാകൃതമായ ഈ സമ്പ്രദായമാണ് എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തും വര്‍ഗ്ഗ ബഹുജനസംഘടനകളും കട്ടായം പറയുന്നത്. ഉച്ച കഴിഞ്ഞിട്ടും നേരം പുലര്‍ന്നില്ലെങ്കില്‍ എന്തു ചെയ്യും ?

2000 ത്തില്‍ എസ്എസ്എല്‍സി വിജയശതമാനം 56.18% ആയിരുന്നു. എന്നാല്‍ 2013 ആയപ്പോഴേക്കും അത് 94 .17 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തോടെ വിജയ ശതമാനം ക്രമാനുഗതമായി ഉയര്‍ന്ന് 99.69 % ആയി. ഊതി വീര്‍പ്പിച്ച ഈ ശതമാനക്കണക്കില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്നു വിളമ്പരം ചെയ്യുന്നതാണ് കൂണുപോലെ മുളച്ചുപൊങ്ങുന്ന സിബിഎസ്ഇ-ഐസിഎസ്ഇ സ്്കൂളുകള്‍ . ഇടത്തരക്കാര്‍ മാത്രമല്ല താഴേത്തട്ടിലുള്ളവര്‍ പോലും പൊതുവിദ്യാലയങ്ങളില്‍ നിന്നകലുകയാണ്. സൗജന്യ വിദ്യാഭ്യാസം, ഉച്ചഭക്ഷണം യോഗ്യതയുള്ള അദ്ധ്യാപകര്‍, 99 ശതമാനം വിജയം . അപ്പോഴും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കാന്‍ നാട്ടുകാര്‍ മടിക്കുന്നു.

2011 ല്‍ 25 കുട്ടികളില്‍ താഴെ ക്ലാസ്സ് ആവറേജുള്ള സ്‌കൂളുകളാണ് അണ്‍ എക്കണോമിക് സ്‌കൂള്‍ എന്നു നിര്‍വചിച്ചത്. 10 വര്‍ഷം മുമ്പ് ഈ ഗണത്തില്‍ വരുന്ന സ്‌കൂളുകളുടെ എണ്ണം 4614 ആയിരുന്നു. അവിടെയും നില്‍ക്കാതെ വന്നപ്പോള്‍ ക്ലാസ്സ് ആവറേജ് 15 കുട്ടികളില്‍ താഴെ എന്നാക്കി പുനര്‍നിര്‍വചിച്ചു. ഫലമുണ്ടായില്ല. പല സ്‌കൂളുകളിലും പേരിനു പോലും കുട്ടികളില്ലെന്നായി. അന്ത്യശ്വാസം വലിക്കുന്ന – ദയാവധം കാത്തു കഴിയുന്ന സ്‌കൂളുകള്‍ നിരവധി. അപ്പോഴും നമ്പര്‍ വണ്‍ കേരളത്തിന്റെ പതാകാവാഹകര്‍ കാലോചിതമായ മാറ്റത്തിന്നു നേരെ പുറം തിരിഞ്ഞു നില്‍ക്കുകയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖല നാഥനില്ലാക്കളരിയായിട്ട് കാലമേറെയായി. എല്ലാ അര്‍ത്ഥത്തിലും ലക്ഷണമൊത്ത ഈജിയന്‍ തൊഴുത്ത്. സ്വന്തമായി ഒന്നും ചെയ്യില്ല ആരെയും ചെയ്യാന്‍ അനുവദിക്കുകയുമില്ല എന്നതാണ് ഇടതു സര്‍ക്കാരിന്റെ പ്രഖ്യാപിത വിദ്യാദ്യാസ നയം. പിഎം ശ്രീ പദ്ധതിക്കെതിരെ കൈക്കൊണ്ട നിലപാട് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ദേശീയവിദ്യാഭ്യാസ നയത്തെ എന്തു വില കൊടുത്തും പ്രതിരോധിക്കാനാണ് തീരുമാനം. വിവിധ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികള്‍ നടാപ്പാക്കാന്‍ നിലവില്‍ വന്ന സമഗ്ര ശിക്ഷാ കേരളയുടെ പ്രവര്‍ത്തനം അതോടെ അനിശ്ചിതത്വത്തിലായി. ഒപ്പം അതിനായി അനുവദിച്ച കോടികളും നഷ്ടമായി. ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ തയ്യാറാവാതെ മാറിനില്‍ക്കുന്ന കാരണം എസ്എസ്‌കെയ്‌ക്ക് അനുവദിച്ച ഒന്നാം ഗഡുവായ 953.12 കോടി കേരളത്തിന് നഷ്ടപ്പെടുകയാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ കാര്യം അതിലേറെ ദയനീയമാണ്. നിലവാരത്തകര്‍ച്ച കാരണം ദേശീയ, അന്തര്‍ദേശീയ പരീക്ഷകളില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ പുറത്താവുന്നു. ഐഎഎസ്-ഐപിഎസ് പരീക്ഷാഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നത് അതിലേക്കാണ്. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് അനന്തമായി നീളുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യയനവര്‍ഷം തന്നെ നഷ്ടമാവുന്നു. അന്വേഷണമില്ല. നടപടിയുമില്ല. ഇന്ന് യൂണിവേഴ്‌സിറ്റി കോഴ്‌സുകളില്‍ അപേക്ഷകരില്ലാത്തതിനാല്‍ സീറ്റുകള്‍ വ്യാപകമായി ഒഴിഞ്ഞു കിടക്കുന്നു. വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വകലാശാലകളിലേക്ക് ചേക്കേറുന്നു . പ്രതിവര്‍ഷം 45000 വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വകലാശാലകളില്‍ അഭയം തേടുന്നതായി വിദ്യാഭ്യാസ വകുപ്പു മന്ത്രിതന്നെ നിയമസഭയില്‍ പറയുകയുണ്ടായി. 2021 നെ അപേക്ഷിച്ച് 2022-23 ല്‍ 200 ശതമാനം വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ കാണിക്കുന്നു.

SCERT തയ്യാറാക്കി 2007 ല്‍ പുറത്തിറക്കിയ കേരള പാഠ്യപദ്ധതിയുടെ ഉള്ളടക്കം ഏറെ ചര്‍ച്ച ചെയ്തതാണ്. അതിന്റെ രണ്ടാം ഖണ്ഡികയില്‍ പറയുന്നതു നോക്കുക, ‘ഇത്രയേറെപ്പേര്‍ക്ക് തൊഴില്‍ കിട്ടാതിരിക്കാന്‍ കാരണം അവര്‍ക്ക് തൊഴില്‍ ചെയ്യുന്നതിനുള്ള പരിശീലനം ലഭിക്കാത്തതാണ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം മുന്നില്‍ കണ്ട് നാം ആരംഭിച്ച ടെക്‌നിക്കല്‍ സ്‌കൂളുകളും ഏറെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വിഎച്ച്എസ്ഇയും ലക്ഷ്യം നേടിയോ’. വിദ്യാഭ്യാസ മേഖല നേരിടുന്ന ഗുരതര പ്രതിസന്ധി വിളംബരം ചെയ്യുന്നതാണീ പരാമര്‍ശം. ഉത്തരം ഇല്ല എന്നു തന്നെയാണ്. കാരണം കണ്ടെത്താനോ പരിഹാരം കാണാനോ നടപടിയുണ്ടായില്ല. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഘടനാപരവും നിര്‍ണ്ണായകവുമായ മാറ്റങ്ങള്‍ക്കു വഴിതുറക്കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്നീട് ഖാദര്‍ കമ്മിറ്റി മൂന്നാട്ടുവച്ചു. നിര്‍ദ്ദേശങ്ങളില്‍ ഒന്ന് സ്‌കൂള്‍ സമയം രാവിലെ 8 മണിയാക്കണമെന്നതായിരുന്നു. മദ്രസ പഠനത്തെ ബാധിക്കുമെന്ന് പറഞ്ഞ് തല്‍പ്പരകക്ഷികള്‍ രംഗത്തുവന്നതോടെ റിപ്പോര്‍ട്ട് ഒളിവില്‍ പോയി. പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവന്നത്. റിപ്പോര്‍ട്ടിന്റെ കാതലായ ഭാഗം ഇപ്പോഴും അജ്ഞാത വാസത്തിലാണ്. വലുത് വോട്ട് ബാങ്ക് തന്നെ. ഒരു തലമുറയുടെ ഭാവിക്ക് അവിടെ പുല്ലു വില.

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇറങ്ങുന്നവരെ ഏതെങ്കിലും തൊഴിലിനോ ജീവിതായോധനത്തിനൊ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ഐടി വിദ്യാഭ്യാസം കൊണ്ടുവന്നത്. നൂറുശതമാനം സാക്ഷരതയുണ്ടായിട്ടും ഐടി മേഖലയില്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണ്ണാടകയും ബഹുദൂരം മുന്നേറിയപ്പോള്‍ കേരളം എവിടേയുമെത്തിയില്ല. ചുരുക്കത്തില്‍ പത്തും പന്ത്രണ്ടും വര്‍ഷം പഠിച്ചിട്ട് എവിടെയുമെത്താതെ നാടിനും വീടിനും ഭാരമാകുന്ന ഒരു തലമുറയെ ഇനിയും വാര്‍ത്തെടുക്കണോ എന്നതാണ് ചോദ്യം.

എസ്എസ്എല്‍സി പാസ്സാവാന്‍ മിനിമം 30 ശതമാനം മാര്‍ക്ക് വേണമെന്ന നിര്‍ദ്ദേശത്തിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന തല പ്രതിഷേധ ജാഥ ചര്‍ച്ചയാകുന്നതിവിടെയാണ്. 30 ശതമാനം മാര്‍ക്ക് പോലും പരിമിത മാണെന്നിരിക്കെ എഴുതിയവരെയെല്ലാം പാസ്സാക്കണമെന്ന പ്രാകൃത നിലപാടുമായി മുന്നോട്ടു പോവുന്നതിന് എന്ത് ന്യായീകരണമാണുള്ളത്. സിപിഎം ആവട്ടെ നിലപാട് വ്യക്തമാക്കാതെ ഇരട്ടത്താപ്പിന്റെ പാതയിലാണ്. സര്‍ക്കാര്‍ തീരുമാനം ഒന്ന്. വര്‍ഗ്ഗ ബഹുജന സംഘടനകളുടെ തീരുമാനം മറ്റൊന്ന്.

ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ ഭരണത്തിന്റെ സിരാകേന്ദ്രം എക്കാലവും എകെജി സെന്ററാണ്. തീരുമാനങ്ങളല്ലാം കൈക്കൊള്ളുന്നതവിടെ നിന്നാണ്. അങ്ങനെ വരുമ്പോള്‍ തീരുമാനം കീഴ്‌മേല്‍ മറിയുമോ എന്ന് കണ്ടറിയണം. അങ്ങനെ വന്നാല്‍ കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതു തന്നെ.

(ബിജെപി ദേശീയ സമിതി അംഗമാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by