പുതിയ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി)മുന്നോട്ടുവച്ച സുപ്രധാന തീരുമാനമായിരുന്നു പൊതുപ്രവേശന പരീക്ഷകള്‍. 2021 വരെ കേന്ദ്ര സര്‍വകലാശാലകളിലെ യു.ജി – പി.ജി കോഴ്സുകളില്‍ പ്രവേശനം നേടുന്നതിനായി സെന്‍ട്രല്‍ യൂണിവേഴ്സിറ്റീസ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സിയുസിഇടി) നടത്തിയിരുന്നു. എന്നാല്‍, അപ്പോഴും ജെഎന്‍യു, ദല്‍ഹി യൂണിവേഴ്സിറ്റി , പോണ്ടിച്ചേരി യൂണിവേഴ്സിറ്റി എന്നീ സര്‍വകലാശാലകള്‍ സ്വന്തം നിലയില്‍ എന്‍ട്രന്‍സ് നടത്തുകയാണ് ചെയ്തിരുന്നത്. ഇതിനായി വിദ്യാര്‍ഥികള്‍ ഒടുക്കേണ്ടി വന്നിരുന്നത് ഭീമമായ അപേക്ഷാ ഫീസാണ്. ഈ പരീക്ഷകള്‍ ഒരേ സമയം വന്നിരുന്നത് മൂലം എഴുതാന്‍ സാധിക്കാതെ വരുന്നതായിരുന്നു മറ്റൊരു പ്രശ്നം. ഇതിനൊരു പരിഹാരമായാണ് 2022 മുതല്‍ കോമണ്‍ യൂണിവേഴ്സിറ്റീസ് എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) വിഭാവനം ചെയ്യപ്പെട്ടത്.
ഒരൊറ്റ പരീക്ഷ എഴുതുന്നതിലൂടെ രാജ്യത്തെ 44 കേന്ദ്ര സര്‍വ്വകലാശാലകളിലെ കോഴ്സുകള്‍ക്കും അപേക്ഷിക്കാനുള്ള അവസരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. നിലവില്‍ സിയുഇടി യുജിയില്‍ 33 ഭാഷാ പേപ്പറുകളും, 27 സബ്ജക്ട് പേപ്പറുകളും ഉള്‍പ്പെട്ടിട്ടുണ്ട്. സിയുഇടി പിജിയില്‍ 22 ജനറല്‍ പേപ്പറുകളും, 41 ഭാഷാ പേപ്പറുകളും, സയന്‍സ്, ഹ്യുമാനിറ്റീസ്, മറ്റു വിഷയങ്ങള്‍ എന്നിങ്ങനെ 94 വിഷയാധിഷ്ഠിത പേപ്പറുകളും ഉള്‍പ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍വകലാശാലകള്‍ക്ക് പുറമെ, കല്പിത-സ്വകാര്യ സര്‍വകലാശാലകള്‍ക്കും, സംസ്ഥാന സര്‍വകലാശാലകള്‍ക്കും സിയുഇടി സ്കോര്‍ മുഖാന്തരം അഡ്മിഷനുകള്‍ നടത്താനുള്ള സാഹചര്യവും ഇതിലൂടെ നിലവില്‍ വന്നു.
ജെഇഇ, നീറ്റ് എന്നീ പരീക്ഷകള്‍ പോലെ വിദ്യാര്‍ത്ഥികള്‍ എഴുതുന്ന ഒരു പ്രവേശന പരീക്ഷയായി സിയുഇടി ഇതിനോടകം മാറി. 13,47,820 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം സിയുഇടി യുജി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) നടത്തുന്ന ഈ പരീക്ഷകളുടെ സുതാര്യത ഉറപ്പ് വരുത്താനും ഉന്നതാധികാര സമിതികള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും, വിദ്യാഭ്യാസ വിചക്ഷണരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും യുജിസി സ്വീകരിച്ചുവരുന്നു. അത്തരത്തില്‍ വരും വര്‍ഷത്തില്‍, സിയുഇടിയില്‍ സമൂല മാറ്റങ്ങള്‍ക്ക് യുജിസി തയ്യാറെടുക്കുകയാണ്.
പുതിയ മാറ്റങ്ങള്‍
നിലവിലുള്ളതു പോലെ സിയുഇടി, യുജി, പിജി പരീക്ഷകള്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രം നടത്തും. യു.ജി കോഴ്സുകളില്‍ പരമാവധി 5 വിഷയങ്ങളിലാണ് ഒരു വിദ്യാര്‍ത്ഥിക്ക് അപേക്ഷിക്കാനാവുക. പന്ത്രണ്ടാം ക്ലാസില്‍ പഠിച്ച ഐച്ഛിക വിഷയങ്ങള്‍ക്ക് പുറമെയുള്ള പേപ്പറുകള്‍ക്കും ഒരു വിദ്യാര്‍ത്ഥിക്ക് അപേക്ഷിക്കാവുന്നതാണ്. എന്‍ഇപി പ്രകാരം ഇനി മുതല്‍ ഡിഗ്രി പ്രവേശന യോഗ്യത എന്നത് സിയുഇടിയില്‍ ആ തത്തുല്യ പേപ്പറിലെ സ്കോര്‍ മാത്രമാണ്, അവിടെ പ്ലസ് ടു വിഷയം ഒരു മാനദണ്ഡമാകുന്നില്ല. ഉദാഹരണത്തിന് പ്ലസ്ടുവിന് കൊമേഴ്സ് മാത്രം പഠിച്ച വിദ്യാര്‍ത്ഥിക്ക് സിയുഇടി യുജി പേപ്പര്‍ നമ്പര്‍ 319 ആയ മാത്തമാറ്റിക്സ്/ അപ്ലൈഡ് മാത്തമാറ്റിക്സ് എഴുതി സ്കോര്‍ നേടുന്നത് വഴി ബിഎസ്സി മാത്തമാറ്റിക്സ് കോഴ്സിന് പ്രവേശനം നേടാന്‍ സാധിക്കും. ഒരു പേപ്പറിന്റെ സമയ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ ആയി നിജപ്പെടുത്തിയിട്ടുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം. ഒപ്പം തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുകളും ഉണ്ടായിരിക്കും. എന്‍സിഇആര്‍ടി സിലബസില്‍ അധിഷ്ഠിതമായ പരീക്ഷ ഭാരതത്തിലെ 13 ഭാഷകളില്‍ നടത്തപ്പെടും. ഇംഗ്ലീഷ്, മലയാളം , ഹിന്ദി , ആസാമീസ്, ബംഗാളി , ഗുജറാത്തി, കന്നട , മറാഠ , ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു മുതലായ ഭാഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളെഴുതാം. 20 വിദേശ ഭാഷകള്‍ക്ക് പൊതു അഭിരുചി പരീക്ഷ മുഖാന്തരം തന്നെയായിരിക്കും പ്രവേശനം.
നിലവില്‍ നടത്തി വന്നിരുന്ന സംരംഭകത്വം, ടീച്ചിങ് ആപ്റ്റിറ്റിയൂഡ്, ഫാഷന്‍ സ്റ്റഡീസ് , ടൂറിസം , ലീഗല്‍ സ്റ്റഡീസ്, എന്‍ജിനീയറിങ്, ഗ്രാഫിക്സ മുതലായ പേപ്പറുകള്‍ ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ഇനി മുതല്‍ 23 സബ്ജക്ട് പേപ്പറുകളാവും ഉണ്ടാവുക. ഒഴിവാക്കിയ പേപ്പറുകള്‍ക്ക് പൊതു അഭിരുചി പരീക്ഷ ആയിരിക്കും ഇനിമുതല്‍ പ്രവേശന മാനദണ്ഡം. യുജിസി മാനദണ്ഡം വഴി മാത്രമാകണം അഡ്മിഷന് എന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. സിയുഇടി പിജ പരീക്ഷയെ സംബന്ധിച്ചിടത്തോളം, ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യം ആയിരിക്കും ഒരു പേപ്പറിനുണ്ടാവുക. പരീക്ഷ ഇംഗ്ലീഷിന് പുറമെ ഹിന്ദിയിലും നടത്തപ്പെടും. ജനറല്‍ പേപ്പറില്‍ തൊഴില്‍ – നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്കുന്ന ചോദ്യങ്ങളും ഉണ്ടായിരിക്കും . സിയുഇടി വന്നതിന് ശേഷവും പല സര്‍വകലാശാലകളും സ്വന്തം നിലയില്‍ പ്രവേശന പരീക്ഷകള്‍ നടത്തുന്നത് തുടരുന്നുണ്ട്. അതേപോലെ, ചിലയിടങ്ങളില്‍ ഡിഗ്രിയുടെ മാര്‍ക്ക് മാത്രമായിരിക്കും പ്രവേശന മാനദണ്ഡം. ഈ സഹചര്യത്തില്‍ സര്‍വകലാശാലകള്‍ക്ക് എത്രത്തോളം വെയിറ്റേജ് സിയുഇടിക്ക് നല്‍കാമെന്നും തീരുമാനിക്കാവുന്നത്. ധാരാളം പുതിയ കോഴ്സുകള്‍ വരുന്ന സാഹചര്യത്തില്‍ സിയുഇടിയുടെ തന്നെ പല പേപ്പറുകളുടെ വെയിറ്റേജ് ഏത് രീതീയില്‍ വിഭജിക്കണമെന്നതും സര്‍വകലാശാലകളുടെ വിവേചനാധികാരമാണ്.
ന്യൂനതകള്‍
സിയുഇടി പ്രഖ്യാപനത്തോടെ എല്ലാ ഭാഷകളിലും പരീക്ഷകള്‍ നടത്തുമെന്ന തീരുമാനം ഉണ്ടായിരുന്നെങ്കിലും , സിയുഇടി യുജിക്ക് മാത്രമാണ് നിലവില്‍ 13 ഭാഷകളിലെങ്കിലും ഇത് സാധ്യമായത്. ഇതുവരെ, സിയുഇടി പിജി പരീക്ഷകള്‍ അത്തരത്തില്‍ നടത്തുന്നതിനെപ്പറ്റി നടപടികള്‍ ഉണ്ടായിട്ടില്ല. അതേപോലെ ഈ വര്‍ഷം മുതല്‍ സിയുഇടി ഒരധ്യയന വര്‍ഷത്തില്‍ രണ്ടു തവണ നടത്തപ്പെടും എന്ന തീരുമാനം മുന്‍പ് വന്നിരുന്നെങ്കിലും പ്രാബല്യത്തിലായില്ല. എന്‍ഇപിയുടെ പ്രധാനപ്പെട്ട നിര്‍ദേശം ഒരു വര്‍ഷത്തില്‍ , രണ്ട് തവണ അഡ്മിഷന് നടത്താന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തയ്യാറാകണം എന്നുള്ളതായിരുന്നു.
ഒരു പ്രവേശന പരീക്ഷ മാത്രം ഉപയോഗിച്ച്, രണ്ട് തവണ എപ്രകാരം അഡ്മിഷന് നടത്തും എന്നതില്‍ വ്യക്തതയില്ല. സിയുഇടി വിഭാവനം ചെയ്തതിന്റെ പ്രധാന ഉദ്ദേശം തന്നെ പല പരീക്ഷകളും, പല അപേക്ഷാ ഫീസുകളും നടപടിക്രമങ്ങളും ഒഴിവാക്കാം എന്നതായിരുന്നു. ഇന്നും പല സര്‍വകലാശാലകളും ആപ്ലിക്കേഷന്‍ ഫീസ് ഇനത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കുന്നതായി കാണുന്നുണ്ട്. ഈ ന്യൂനതകളും പരിഹരിക്കാന്‍ യു.ജി.സി തയ്യാറാകണം. പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 26 വരെ ഈ വിഷയങ്ങളിലുള്ള നിര്‍ദേശങ്ങള്‍ യുജിസി പോര്‍ട്ടല്‍ മുഖേന അറിയിക്കാവുന്നതാണ്.
(എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിയംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: