India

ഭരണഘടനയെ ബഹുമാനിച്ചും അനുസരിച്ചും മുന്നോട്ടു പോവുക എന്നത് എല്ലാ പൗരന്മാരുടെയും ധര്‍മ്മം: : ഡോ. മോഹന്‍ ഭാഗവത്

Published by

പൂനെ: ഭരണഘടനയെ ബഹുമാനിച്ചും അനുസരിച്ചും മുന്നോട്ടു പോവുക എന്നത് എല്ലാ പൗരന്മാരുടെയും ധര്‍മ്മമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നമ്മുടെ രാഷ്‌ട്രം പരോപകാരവും ജീവകാരുണ്യ പ്രവര്‍ത്തനവും ആദര്‍ശമാക്കിയ നാടാണ്. ഈ ആദര്‍ശം സനാതനമാണ്. നമ്മള്‍ മാത്രമാണ് ശരി എന്നത് ഭാരതത്തിന്റെ ഭാവമല്ല.

എല്ലാ വിശ്വാസങ്ങളോടും വിചാരധാരകളോടും നമുക്ക് ബഹുമാനമുണ്ട്. എന്നാല്‍ അതിന്റെ അര്‍ത്ഥം മാനബിന്ദുക്കളായ ദേവതകളെ ആക്രമിക്കുന്നവരോട്, നിര്‍ബന്ധിത മതം മാറ്റം നടത്തുന്നവരോട് ഒരു തരത്തിലുള്ള സഹിഷ്ണതയും ഭാരതം കാട്ടില്ല, അദ്ദേഹം പറഞ്ഞു. പൂനെയില്‍ സഹജീവന്‍ പ്രഭാഷണ പരമ്പരയില്‍ വിശ്വഗുരു ഭാരതം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വിഭവങ്ങളുമുണ്ടായിട്ടും ലോകത്ത് സമാധാനമില്ല. ലോകം ഇന്ന് ഒരു ഗുരുവിനെ ആഗ്രഹിക്കുന്നു. ആ ഗുരു ഭാരതമാകുമെന്നാണ് ലോകത്തിന്റെ പ്രതീക്ഷ. ഈ പ്രതീക്ഷ നിറവേറണമെങ്കില്‍ നമ്മള്‍ നിലവാരം പുലര്‍ത്തുകയും അതനുസരിച്ച് പെരുമാറുകയും വേണം. ഇങ്ങനെ ചെയ്താല്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ നമുക്ക് വിശ്വഗുരു സ്ഥാനത്തെത്താനാകും.

കുറച്ച് വര്‍ഷങ്ങളായി ഭാരതം ദ്രുതഗതിയിലുള്ള ഭൗതിക പുരോഗതി കൈവരിക്കുകയാണ്. ഇതോടൊപ്പം ധാര്‍മിക പുരോഗതിയും ഉണ്ടാകണം. സ്വാമി വിവേകാനന്ദന്‍ സ്വപ്‌നം കണ്ടതുപോലെ ഭാരതം ലോകനേതാവാകുന്ന കാഴ്ച നമുക്ക് കാണാന്‍ കഴിയും, അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ മാര്‍ഗനിര്‍ദേശ തത്വങ്ങളും പൗരന്മാരുടെ അവകാശങ്ങളും കടമകളും ആദരവോടെ പാലിക്കണം. ഈ കടമകള്‍ സമൂഹത്തിലും വീട്ടിലും ചര്‍ച്ച ചെയ്യണം. ട്രാഫിക് നിയമങ്ങള്‍ പാലിക്കല്‍, പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, മാലിന്യ സംസ്‌കരണം തുടങ്ങിയ ചെറിയ കാര്യങ്ങള്‍ വ്യക്തിപരമായി പാലിക്കേണ്ടത് ആവശ്യമാണ്.

ശതാബ്ദിയോടനുബന്ധിച്ച്, സാമാജിക സമരസത, പരിസ്ഥിതി, കുടുംബ മൂല്യങ്ങളുടെ സംരക്ഷണം, സ്വദേശി, പൗരധര്‍മ്മം എന്നീ അഞ്ച് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് സംഘം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സര്‍സംഘചാലക് പറഞ്ഞു.

റിട്ട. ജനറല്‍ വി.കെ. സിങ്, എക്സ്-സര്‍വീസ്മെന്‍ സര്‍വീസ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് വിഷ്ണുകാന്ത് ചതുര്‍വേദി, സാജിദ് യൂസഫ് ഷാ, സമ്രീന്‍ ഖാന്‍, രവീന്ദ്ര ഖാരെ എന്നിവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക