Kerala

രാജ്യത്തിന്റെയാകെ അഭിമാനമായ ശക്തന്‍ തമ്പുരാന്‍ മ്യൂസിയത്തിന് രണ്ടു കോടി

Published by

തൃശൂര്‍: ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തിന്റേയും മ്യൂസിയത്തിന്റേയും നവീകരണത്തിനായി രണ്ട് കോടിരൂപ അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തന്‍ തമ്പുരാന്‍ തൃശൂരിന്റെ മാത്രമല്ല രാജ്യത്തിന്റെയാകെ അഭിമാനമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

പുരാതത്ത്വ പഠനങ്ങള്‍ക്കുവേണ്ടി പഴയ കൊച്ചി രാജ്യത്ത് ഒരു നൂറ്റാണ്ടു മുമ്പ് സ്ഥാപിക്കപ്പെട്ട കൊച്ചിന്‍ ആര്‍ക്കിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ 1938 ല്‍ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ സ്ഥാപിതമായ ശ്രീമൂലം ചിത്രശാലയാണ് പിന്നീട് തൃശ്ശൂര്‍ പുരാവസ്തു മ്യൂസിയമായി വികസിച്ചത്. ടൗണ്‍ഹാളില്‍ നിന്ന് കൊല്ലങ്കോട് പാലസിലേക്ക് മാറ്റിയ മ്യൂസിയം, അപൂര്‍വ്വ പുരാവസ്തുക്കള്‍ കൂടി ഉള്‍പ്പെടുത്തി 2005 ല്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തില്‍ പുനസ്സജ്ജീകരിച്ചു. ചരിത്രാതീത കാലം മുതല്‍ ഐക്യകേരളത്തിന്റെ രൂപീകരണ ഘട്ടം വരെയുള്ള പ്രദര്‍ശന വസ്തുക്കള്‍ ഉള്‍പ്പെടുത്തി നിലവില്‍ മ്യൂസിയം സമഗ്രമായി നവീകരിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെയാണ് ആധുനിക രീതിയില്‍ പുനസ്സജ്ജീകരിച്ചത്.

മ്യൂസിയം -രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രന്‍ എം.എല്‍.എ, മേയര്‍ എം. കെ. വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിന്‍സ് എന്നിവര്‍ മുഖ്യാതിഥികളായി. കേരള മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ നാംദേവ് ഖോബ്രഗഡെ, ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി, ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by