ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂര്‍-അജ്മീര്‍ ഹൈവേയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് വന്‍ പൊട്ടിത്തെറി. അപകടത്തില്‍ 11 പേര്‍ മരിച്ചു. 14 പേരെ കാണാനില്ല. 42 പേര്‍ക്ക് പരിക്കേറ്റു. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ 5.44ന് ഭാന്‍ക്രോട്ടയിലെ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. എല്‍പിജി ഗ്യാസ് നിറച്ച ടാങ്കര്‍ അജ്മീറില്‍ നിന്ന് ജയ്പൂരിലേക്ക് വരികെയായിരുന്നു. യു ടേണെടുക്കുന്നതിനിടെ ജയ്പൂരില്‍ നിന്ന് പാഞ്ഞുവന്ന ട്രക്ക് ടാങ്കറിലേക്ക് ഇടിച്ചുകയറുകയറി. തുടര്‍ന്നാണ് പൊട്ടിത്തെറിയുണ്ടായത്. പിന്നാലെ വന്ന വാഹനങ്ങളും ഒന്നിനു പിറകെ ഒന്നായി കൂട്ടിയിച്ചു. ഇതോടെ ടാങ്കറില്‍ നിന്ന് മറ്റ് വാനങ്ങളിലേക്കും തീ പടരുകയായിരുന്നു. അവിടെയുണ്ടായിരുന്ന നാല്പതോളം വാഹനങ്ങളും കത്തിക്കരിഞ്ഞു. 10 കിലോമീറ്റര്‍ പൊട്ടിത്തെറിയുടെ പ്രകമ്പനം ഉണ്ടായി.
അപകടത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചതാണ് മരണ സംഖ്യ ഉയരാന്‍ കാരണം. ബസിലുണ്ടായിരുന്ന 32 പേരുടെ വിവരങ്ങള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. 22 യാത്രക്കാരെ ഫോണിലൂടെ ബന്ധപ്പെട്ടു. 10 പേരുടെ മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പോലീസ് അറിയിച്ചു.
തീപ്പിടിത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക