കോട്ടയം: ‘അമ്മായിയമ്മ ‘പരാമര്‍ശം വഴി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പാര്‍ട്ടിയിലെ ആരെയാണ് കുത്തിയത്? സോഷ്യല്‍ മീഡിയ ‘അമ്മായിയമ്മയെ കാണാന്‍ കാറില്‍ പോകുന്ന ആ മരുമകനെ’ തപ്പി നടക്കുകയാണ് ഇപ്പോള്‍ .സിപിഎം സമ്മേളനത്തിന്റെ ഭാഗമായി റോഡ് അടച്ചു കെട്ടുന്നതിന് എതിരായ കോടതിവിധിയെ പരിഹസിച്ച് സംസാരിക്കുന്നതിനിടെയാണ് ‘ചിലര്‍ അമ്മായിയമ്മയെ കാണാന്‍ കാറെടുത്തു കൊണ്ട് നടക്കുകയാണ്’ എന്ന പരാമര്‍ശം വിജയരാഘവന്‍ നടത്തിയത്. ‘ചിലര്‍ വലിയ കാറില്‍ പോകുമ്പോള്‍ അത്രയും സ്ഥലം പോകും, കാര്‍ എടുത്ത് അമ്മായിയമ്മയെ കാണാന്‍ പോവുകയാണ് ചിലര്‍. സല്ലപിച്ചു വര്‍ത്തമാനം പറഞ്ഞാണ് പോകുന്നത്’ എന്നൊക്കെയായിരുന്നു വിജയരാഘവന്‌റെ പരാമര്‍ശങ്ങള്‍. മന്ത്രി മുഹമ്മദ് റിയാസ് അടക്കം ഒട്ടേറെ പാര്‍ട്ടി നേതാക്കളെ അമ്മായിയമ്മയെ കാണാന്‍ പോകുന്ന മരുമക്കളുടെ ഗണത്തില്‍ പെടുത്തി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്.
അമ്മായിയമ്മയെ കാണാന്‍ കാറില്‍ പോയാല്‍ എന്താണ് കുഴപ്പം എന്ന് ആരായുന്നവരും ഇക്കൂട്ടത്തിലുണ്ട്. അമ്മായിയമ്മ എന്താ അത്ര മോശക്കാരിയാണോ, വിജയരാഘവന് അമ്മായിയമ്മ ഇല്ലേ തുടങ്ങിയ ചോദ്യങ്ങളും സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക