തൃശൂര്‍: ആനയെഴുന്നള്ളിപ്പില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ തൃശൂര്‍ പൂരം, ആറാട്ടുപുഴ പൂരം ഉള്‍പ്പെടെ ഉത്സവങ്ങളുടെ നടത്തിപ്പിലെ ആശങ്ക അകലുന്നു. ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതി, ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും സുപ്രീംകോടതി പുറത്തിറക്കിയ ചട്ടങ്ങള്‍ പാലിച്ച് ആനയെഴുന്നള്ളിപ്പ് നടത്താമെന്നുമാണ് ഉത്തരവിട്ടത്.
എഴുന്നള്ളിപ്പിന് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ ദൂരപരിധി, തീവെട്ടികളില്‍ നിന്ന് അഞ്ച് മീറ്റര്‍ ദൂരപരിധി, ആനകളുടെ എട്ട് മീറ്റര്‍ അകലെ മാത്രമേ ജനങ്ങളെ നിര്‍ത്താവൂ എന്നിവയുള്‍പ്പടെ ഹൈക്കോടതി ഒട്ടേറെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. നിലവിലെ ചട്ടങ്ങള്‍ പാലിച്ചുതന്നെ ദേവസ്വങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ ദേവസ്വങ്ങള്‍ക്കും പൂര പ്രേമികള്‍ക്കും ആശ്വാസമായി.
ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നവംബര്‍ 13 നും നവംബര്‍ 28 നും കേരള ഹൈക്കോടതി രണ്ട് ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം നിയന്ത്രണം നടപ്പാക്കിയാല്‍ തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വ്യക്തമാക്കിയിരുന്നു.
തൃശൂര്‍ പൂരത്തിന്റെയും മറ്റ് ഉത്സവങ്ങളുടെയും, പ്രത്യേകിച്ച് ആനകള്‍ ഉള്‍പ്പെടുന്ന ഉത്സവങ്ങളുടെ നടത്തിപ്പിനുള്ള ഹൈക്കോടതിയുടെ ഉത്സവ കേന്ദ്രീകൃത നിര്‍ദ്ദേശങ്ങളെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍, അത് രണ്ട് നൂറ്റാണ്ട് പഴക്കമുള്ള പൂരത്തെയും സംസ്ഥാനത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റെ ആഘോഷത്തേയും ഇല്ലാതാക്കുമെന്നും ക്ഷേത്രഭരണ സമിതികള്‍ പറയുന്നു. തൃശൂര്‍ ജില്ലയില്‍ മാത്രം 1600 ഉത്സവങ്ങള്‍ നടക്കുന്നുണ്ട്.
സുപ്രീംകോടതി ഉത്തരവിനെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സ്വാഗതം ചെയ്തു. പൂരനാളില്‍ പാറമേക്കാവിന്റെ മുന്നിലെ എഴുന്നള്ളിപ്പില്‍ 15 ആനകളാണ് അണിനിരക്കാറുള്ളത്. ആനകള്‍ക്കിടയില്‍ 3 മീറ്റര്‍ അകലം നിര്‍ബന്ധമാക്കിയാല്‍ ഇത്രയും ആനകളെ നിര്‍ത്താനാകില്ല. ഇലഞ്ഞിത്തറ മേളം നടക്കുന്നിടത്തും ഇതേ ബുദ്ധിമുട്ടുണ്ടാകും. തെക്കോട്ടിറക്കത്തില്‍ ആനകള്‍ക്കിടയില്‍ ഈ അകലം പാലിക്കാന്‍കഴിയില്ല. ആനകളെ അഞ്ചില്‍ താഴെയായി ചുരുക്കേണ്ടിവരും. 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിലുണ്ടായിരുന്നു. പൂരത്തിനു രാവിലെ പാറമേക്കാവിന്റെ മുന്നിലെ ചെമ്പടമേളത്തോടു കൂടിയ എഴുന്നള്ളിപ്പില്‍ തുടങ്ങി, ഇലഞ്ഞിത്തറ മേളവും തെക്കോട്ടിറക്കവും കുടമാറ്റവും കഴിഞ്ഞു പൂരച്ചടങ്ങുകള്‍ സമാപിക്കുമ്പോള്‍ സന്ധ്യ കഴിയും. ഇതിനിടെ ആനകളെ മാറ്റാന്‍ കഴിയില്ല. പകല്‍ സമയത്ത് ആനകളെ റോഡിലൂടെ എഴുന്നള്ളിക്കാന്‍ പാടില്ലെന്നു വന്നാല്‍ ഘടകപൂര എഴുന്നള്ളിപ്പുകള്‍ നടത്താനും കഴിയില്ല.
തിരുവമ്പാടി മഠത്തില്‍വരവ് ഇല്ലാതാകും. മഠത്തില്‍വരവ് എഴുന്നള്ളിപ്പിനു 3 ആനകളെയാണു തിരുവമ്പാടി അണിനിരത്തുന്നത്. ആനകള്‍ തമ്മിലെ അകലം 3 മീറ്ററാക്കിയാല് 9 മീറ്റര്‍ വീതി വേണ്ടിവരും. 200ല്‍പരം വര്‍ഷം മഠത്തില്‍വരവ് നടന്നത് ഇവിടെത്തന്നെയാണ്. അത് ആചാരപരവുമാണ്. നിയമം നടപ്പാക്കിയാല്‍ പിന്നെ മഠത്തില്‍വരവ് എഴുന്നള്ളിപ്പ് നടക്കില്ല. 1442 വര്‍ഷമായി തുടരുന്ന ആറാട്ടുപുഴ പൂരം ചടങ്ങുകളില്‍ പലതും ഒറ്റയടിക്കു പ്രതിസന്ധിയിലാക്കുന്നതായിരുന്നു ഹൈക്കോടതി ഉത്തരവ്. മകയിരം പുറപ്പാടു മുതല്‍ അത്തം കൊടികുത്ത് വരെയുള്ള ദിവസങ്ങളില്‍ ഓരോ ക്ഷേത്രത്തിലെയും എഴുന്നള്ളിപ്പിന്റെ ഘടന ആചാരനിഷ്ഠയോടെയാണ്. ആറാട്ടും ഇറക്കിയെഴുന്നള്ളിപ്പും പറയെടുപ്പുമായി ദേവീദേവന്മാര് പല പുണ്യസ്ഥലങ്ങളിലും സംഗമിക്കുന്ന രീതിയിലാണ് ചടങ്ങുകള്‍. ആറാട്ടുപുഴയില്‍ 24 ദേവീദേവന്മാരും പെരുവനത്ത് 18 ദേവീദേവന്മാരും എന്ന തോതില്‍ പിടിക്കപ്പറമ്പില്‍ 14, തൈക്കാട്ടുശേരിയില്‍ 9 എന്നിങ്ങനെയാണു സംഗമങ്ങളുടെ എണ്ണം. ഈ എണ്ണത്തിന് ആനുപാതികമായി ആനയെഴുന്നള്ളിപ്പും നടക്കും. കൂട്ടിയെഴുന്നള്ളിപ്പില്‍ അറുപതിലേറെ ആനകളാണു പങ്കെടുക്കുക. ഇവിടങ്ങളിലെല്ലാം ആനകള്‍ക്കിടയില്‍ 3 മീറ്റര്‍ അകലം പ്രായോഗികമല്ല. പല പൂരവും രാത്രിയിലാണ് നടക്കുക. കിലോമീറ്ററുകള്‍ താണ്ടിയുള്ള യാത്രക്കിടെ പുതിയ നിയന്ത്രണങ്ങളെല്ലാം നടപ്പാക്കുക അപ്രായോഗികമായിരുന്നു.
ആനകള്‍ക്കിടയില്‍ 3 മീറ്റര്‍ അകല നിയന്ത്രണം പറക്കോട്ടുകാവ് താലപ്പൊലി എഴുന്നള്ളിപ്പിനെ പ്രതികൂലമായി ബാധിക്കും. 3 ദേശങ്ങള്‍ എഴുന്നള്ളിപ്പുമായി എത്തുന്ന താലപ്പൊലിക്ക് ഓരോ ദേശവും 7 വീതം ആനകളെ പങ്കെടുപ്പിക്കുന്നുണ്ട്.
കാഴ്ചക്കാരും ആനകളും തമ്മില്‍ 8 മീറ്റര്‍ അകലം വേണമെന്നതടക്കമുള്ള വ്യവസ്ഥ നടപ്പായാല്‍ ഉത്രാളിക്കാവ് പൂരത്തില്‍ ആനയെഴുന്നള്ളിപ്പ് സാധ്യമല്ലാതയാകും. ഉത്രാളിക്കാവിനുള്ളിലെ എഴുന്നള്ളിപ്പുകളും വടക്കാഞ്ചേരി ദേശത്തിന്റെ ശിവക്ഷേത്രത്തിന്റെ നടപ്പുര പഞ്ചവാദ്യത്തോടെയുള്ള എഴുന്നള്ളിപ്പും തടസ്സപ്പെടും. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ആനകളെ റോഡിലൂടെ എഴുന്നള്ളിക്കരുത് എന്ന വ്യവസ്ഥ വടക്കാഞ്ചേരി ദേശത്തിന്റെ ഉത്രാളിക്കാവിലേക്കുള്ള എഴുന്നള്ളിപ്പിനു തടസമാകുമായിരുന്നു. പഞ്ചവാദ്യത്തോടെയുള്ള എഴുന്നള്ളിപ്പിനു തുടര്‍ച്ചയായി മേളത്തോടെയുള്ള എഴുന്നള്ളിപ്പുകളും കൂട്ടിയെഴുന്നള്ളിപ്പും ഉത്രാളിക്കാവ് പൂരത്തിന്റെ ചടങ്ങുകളാണ്. തുടര്‍ച്ചയായി 3 മണിക്കൂറിലേറെ എഴുന്നള്ളിക്കരുത് എന്ന നിബന്ധന നടപ്പായാല്‍ മേളത്തോടെയുള്ള എഴുന്നള്ളിപ്പും കൂട്ടിയെഴുന്നള്ളിപ്പും മുടങ്ങും. രാത്രി 10നും പുലര്‍ച്ചെ 4നും ഇടയില്‍ ആനകളെ വാഹനത്തില്‍ കൊണ്ടുവരുന്നതിനുള്ള വിലക്കും ബുദ്ധിമുട്ടുണ്ടാക്കും.
പെരുവനം പൂരനാളില്‍ വൈകിട്ടു 4 മുതല്‍ പിറ്റേന്ന് ഏഴുവരെ തുടര്‍ച്ചയായി എഴുന്നള്ളിപ്പുകളാണ്. പിഷാരിക്കല്‍ ഭഗവതിയും ആറാട്ടുപുഴ, ചാത്തക്കുടം ശാസ്താക്കളും ഊരകം, ചേര്‍പ്പ് ഭഗവതിമാരുമൊക്കെ നടവഴിയിലാണ് എഴുന്നള്ളാറുള്ളത്. രാത്രിയില്‍ പെരുവനം മഹാദേവ ക്ഷേത്ര മതില്‍ക്കകത്ത് 11 ദേവീദേവന്മാര് അണിനിരക്കുന്നതാണു പെരുവനം വിളക്ക്. ഈ ചടങ്ങുകളിലെല്ലാം അകല നിയന്ത്രണം ആചാരപ്പൊലിമയോടെയുളള പൂര നടത്തിപ്പ് അസാധ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: