Cricket

ഐസിസി ചാമ്പ്യന്‍സ് ട്രോഫി-2025: ഭാരതത്തിന്റെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍

Published by

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഭാരതത്തിന്റെ മത്സരങ്ങളെല്ലാം നിഷ്പക്ഷ വേദിയില്‍ നടത്താന്‍ ധാരണയായി. അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) ഇന്നലെയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയത്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയാണ് ഇതിനായി വേണ്ടിവന്നത്.

അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി നടക്കുക. പാകിസ്ഥാന്‍ ആണ് വേദി. പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി പോകേണ്ടതില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനില്‍ പോയി കളിക്കേണ്ടി വരുന്നത് ഭാരതത്തിന്റെ നിലപാടിന് വിരുദ്ധമാകും ഇതിനാല്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഭാരതത്തിന്റെ മത്സരങ്ങള്‍ ഹോം മാച്ചായി അനുവദിക്കണമെന്നായിരുന്നു ബിസിസിഐ ആവശ്യം. ഇതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) നിലപാടെടുത്തു. ഇതോടെയാണ് ആകെ ആശയക്കുഴപ്പമായത്. ഐസിസിഐ പലതവണ ചര്‍ച്ച നടത്തി അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. ചാമ്പ്യന്‍സ് ട്രോഫിയുടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കേണ്ട സമയം കഴിഞ്ഞിട്ടും ഭാരതത്തിന്റെ മത്സരങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നീളുകയായിരുന്നു. ഒടുവിലാണ് ഇന്നലെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്. പാകിസ്ഥാന്‍ പ്രധാന വേദിയായിരിക്കെ അയല്‍ രാജ്യങ്ങളായ ശ്രീലങ്കയിലോ യുഎഇയിലോ ആയിരിക്കാം ഭാരതത്തിന്റെ മത്സരങ്ങള്‍ എന്നാണ് ലഭിക്കുന്ന സൂചന. ഇക്കാര്യത്തില്‍ അടുത്ത ദിവസം ഐസിസി മത്സരങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതോടെ വ്യക്തമാകും.

രാഷ്‌ട്രീയ കാരണങ്ങളാല്‍ 2008 മുതല്‍ ഭാരതം പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി പോയിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക