കൊച്ചി: കോതമംഗലത്തെ ആറ് വയസുകാരിയുടെ കൊലപാതകത്തിൽ രണ്ടാനമ്മ അറസ്റ്റിൽ. യുപി സ്വദേശി അനീഷയെ ആണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. നെല്ലിക്കുഴി കുറ്റിലഞ്ഞി പുതുപ്പാലത്ത് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ മകൾ മുസ്‌കാനെയാണ് (ആറ്) ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് രണ്ടാനമ്മ അനീഷ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
സ്വന്തം കുട്ടി അല്ലാത്തതിനാൽ ഒഴിവാക്കാൻ വേണ്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. പിതാവ് അജാസ് ഖാന് കൊലപാതകത്തെ കുറിച്ച് അറിയില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
തലേദിവസം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങിയ മുസ്‌കാന്‍ പിറ്റേന്ന് രാവിലെ എഴുന്നേറ്റില്ലെന്നാണ് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതക സാദ്ധ്യത ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് അനീഷ കുറ്റം സമ്മതിച്ചത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിൽ അന്വേഷണം തുടരുകയാണെന്നും എറണാകുളം റൂറൽ എസ്‍പി വൈഭവ് സക്സേന പറഞ്ഞു.
അതേസമയം അറസ്റ്റിലായ അനിഷ പലപ്പോഴായി പലതരത്തിലുള്ള മൊഴിയാണ് പൊലീസിന് നൽകുന്നത്. അനിഷയുടെ ഭര്‍ത്താവ് അജാസ് ഖാൻ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. വിശദമായ അന്വേഷണത്തിനു ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു. ദുർമന്ത്രവാദ സാധ്യതയെ കുറിച്ച് അവ്യക്തമായ സംശയം നിലനിൽക്കുന്നുണ്ടെന്നും നിലവിൽ കേസിൽ ഒരു പ്രതി മാത്രമെന്നാണ് നിഗമനമെന്നും പൊലീസ് പറഞ്ഞു.
പൊലീസിന്റെ സംശയം ബലപ്പെടുന്ന തരത്തിലാണ് പ്രദേശവാസികളുടെയും പ്രതികരണം. രാവിലെ കുട്ടി അനങ്ങുന്നില്ലെന്ന് പറഞ്ഞാണ് അയൽവീട്ടിൽ വന്ന് വിവരം പറയുന്നതെന്ന് വാര്‍ഡ് മെമ്പര്‍ ടിഒ അസീസ് പറഞ്ഞു. അവര്‍ വന്ന് നോക്കുമ്പോള്‍ കുട്ടി വിറങ്ങലിച്ച് നിലയിലായിരുന്നു. തുടര്‍ന്ന് അയൽക്കാര്‍ തന്നെ വിവരം അറിയിക്കുകയായിരുന്നു. അപ്പോ തന്നെ പൊലീസിനെ വിവരം അറിയിച്ചു.
ഭാര്യയ്‌ക്ക് എന്തൊക്കെയോ ബാധയുണ്ടെന്നാണ് അജാസ് പറഞ്ഞത്. രാത്രി തന്റെ കൂടെ ഭക്ഷണം കഴിച്ച് കുട്ടികള്‍ മറ്റൊരു മുറിയിൽ കിടന്നതാണ്. താനും ഭാര്യയും മറ്റൊരു മുറിയിലാണ് കിടന്നിരുന്നതെന്നും രാത്രി പത്തരയോടെ ജോലി സ്ഥലത്തേക്ക് പോയെന്നുമാണ് അജാസ് പറഞ്ഞത്. പിന്നീട് ഒരു മണിയോടെ തിരിച്ചെത്തിയതെന്നും ഭാര്യക്ക് ബാധയുണ്ടെന്നും അതുകൊണ്ട് പലരീതിയിൽ അവള്‍ പ്രതികരിക്കുമെന്നുമൊക്കെയാണ് അജാസ് പറഞ്ഞത്. മൂന്ന് വയസ് പ്രായമുള്ളപ്പോഴാണ് അജാസ് പിതാവിനൊപ്പം ഇവിടെ എത്തിയതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക