ബ്രാഹ്മണനായ ദത്തോപാന്ത് ഠേംഗ്ഡിയെ പട്ടികജാതി ഫെഡറേഷന്റെ സെക്രട്ടറിയായി നിയമിച്ചതിനെ വിമര്‍ശിക്കുന്ന തരത്തില്‍ ചില സഹപ്രവര്‍ത്തകര്‍ അഭിപ്രായപ്രകടനം നടത്തിയപ്പോള്‍, ചെയര്‍മാനായ ഡോ. ബി.ആര്‍. അംബേദ്കര്‍ പറഞ്ഞു: ‘നിങ്ങളില്‍ ആരെങ്കിലും ഠേംഗ്ഡിയേക്കാള്‍ വലിയ ദളിതനായി തെളിയുന്ന ദിവസം, നിങ്ങളെ ഫെഡറേഷന്റെ സെക്രട്ടറിയാക്കി നിയമിക്കാം.’ ആരാണ് ദത്തോപാന്ത് ഠേംഗ്ഡി എന്നറിയുമ്പോഴാണ് അംബേദ്കറിന്റെ മറുപടിയുടെ ആഴമേറുന്നത്.
ആര്‍എസ്എസ് രാജ്യത്തിന് നല്‍കിയ എക്കാലത്തേയും സമാനതകളില്ലാത്ത പ്രഗത്ഭനായ സംഘാടകനാണ് ദത്തോപാന്ത് ഠേംഗ്ഡി. ഉജ്ജ്വലനായ വാഗ്മി, ചിന്തകന്‍, ദാര്‍ശനികന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭ. എബിവിപി, ഭാരതീയ കിസാന്‍ സംഘം, ഭാരതീയ മസ്ദൂര്‍ സംഘം, സ്വദേശി ജാഗരണ്‍ മഞ്ച് തുടങ്ങിയ സംഘടനകള്‍ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തി.
ഠേംഗ്ഡി ആര്‍എസ്എസ് പ്രചാരകന്‍ ആണെന്നറിഞ്ഞു തന്നെയായിരുന്നു അംബേദ്കര്‍ അദ്ദേഹത്തെ പട്ടികജാതി ഫെഡറേഷന്‍ ഭാരവാഹിയാക്കിയത്. 1952 മുതല്‍ 1956 വരെ ഡോ. അംബേദ്കറുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഠേംഗ്ഡി തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പോളിങ് ഏജന്റായും പ്രവര്‍ത്തിച്ചു.
ആര്‍എസ്എസിനെ കുറിച്ച് അംബേദ്കറിന് സമഗ്രമായ ധാരണയുണ്ടായിരുന്നു. 1935ല്‍, അദ്ദേഹം പൂനെയില്‍ ആദ്യമായി ആര്‍എസ്എസ് ശിക്ഷാ വര്‍ഗ് സന്ദര്‍ശിച്ചു. പിന്നീട് സംഘ സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാറിനെയും കണ്ടു. 1939ല്‍, വീണ്ടും അദ്ദേഹം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കൊപ്പം ആശയവിനിമയം നടത്തി. ആര്‍എസ്എസ് ക്യാമ്പ് സന്ദര്‍ശിച്ചതിന് നന്ദി പ്രകടിപ്പിച്ചും ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍എസ്എസിനു മേല്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കുന്നതിന് നടത്തിയ പരിശ്രമങ്ങള്‍ക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ളതുമടക്കം ഗുരുജി ഗോള്‍വള്‍ക്കര്‍ അംബേദ്കറിനയച്ച കത്തുകളില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്.
‘ഡോ. അംബേദ്കര്‍ ഔര്‍ സാമാജിക് ക്രാന്തി കി യാത്ര’ എന്ന ഗ്രന്ഥത്തില്‍, ഠേംഗ്ഡി അംബേദ്കറുമായുളള തന്റെ അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1956ല്‍ ബുദ്ധമത ദീക്ഷ സ്വീകരിക്കാന്‍ അംബേദ്കര്‍ തീരുമാനിച്ചതു സംബന്ധിച്ച ചര്‍ച്ചകള്‍ പുസ്തകത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ‘പണ്ട് പല ക്രൂരതകളും നടന്നിട്ടുണ്ടാകാം, എന്നാല്‍ ഞങ്ങള്‍ യുവാക്കള്‍ തെറ്റുതിരുത്തി പുതിയ സാമൂഹിക ക്രമം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്ന് അറിയാമല്ലോ?’ എന്ന് ഠേംഗ്ഡി ചോദിച്ചപ്പോള്‍, അംബേദ്കര്‍ മറുപടിയായി ‘നിങ്ങള്‍ ആര്‍എസ്എസ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ലെന്ന് തോന്നുന്നുണ്ടോ?’ എന്നു ചോദിച്ചു.
മതം മാറാനുള്ള കാരണം എന്താണെന്ന് സൂദീര്‍ഘമായ ചര്‍ച്ചയില്‍ അംബേദ്കര്‍ വിശദീകരിച്ചതും ഠേംഗ്ഡി പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
‘ആര്‍എസ്എസ് രൂപീകരിച്ചത് 1925ലാണ്. ഏകദേശം 27-28 ലക്ഷം ആളുകളെ കൂട്ടിക്കൊണ്ടുവരാന്‍ 27-28 വര്‍ഷമെടുത്തു. സമൂഹത്തെ മുഴുവന്‍ ഒന്നിപ്പിക്കാന്‍ നിങ്ങള്‍ എത്ര സമയമെടുക്കും? അതിന് ഏറെ സമയമെടുക്കും.സ്വാതന്ത്രത്തോടെ ജനങ്ങള്‍ക്കിടയില്‍ ഉണര്‍വ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. പട്ടികജാതി സമൂഹം ഇതുവരെ ചൂഷണത്തിന് ഇരയായിരുന്നു.അങ്ങനെയുള്ള സമൂഹം കമ്മ്യൂണിസത്തിന് ഇരയായി മാറുന്നു. പട്ടികജാതി സമൂഹം കമ്മ്യൂണിസത്തിന് ഇരയായി മാറണമെന്നും അതിനിടെ ദേശീയ താല്‍പര്യം നഷ്ടപ്പെടണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍, അവര്‍ക്ക് ഒരു ദിശാബോധം നല്‍കേണ്ടത് അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നു.'(‘ഡോ. അംബേദ്കര്‍ ഔര്‍ സാമാജിക് ക്രാന്തി കി യാത്ര’)
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ പ്രസംഗം വളച്ചൊടിച്ച് സംഘപരിവാര്‍ അംബേദ്കര്‍ വിരുദ്ധരാണെന്ന് മൈക്ക് വയ്‌ക്കുന്നവര്‍ ഇതറിയണം. ആര്‍എസ്എസ് എന്നും അംബേദ്കറെ അംഗീകരിച്ചിരുന്നു, ആദരിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസോ?
ഡോ. ബി.ആര്‍. അംബേദ്കര്‍ ഭാരതീയ സമൂഹത്തിന്റെ സാമൂഹ്യവും നിയമപരവും സാംസ്‌കാരികവുമായ പുരോഗതിക്ക് മൗലിക സംഭാവന നല്‍കിയ പ്രമുഖ നേതാവാണ്. എന്നാല്‍ രാഷ്‌ട്രീയ ജീവിതത്തില്‍ അദ്ദേഹം നേരിട്ട സുപ്രധാന പരാജയങ്ങള്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടവയാണ്.
സ്വതന്ത്ര ഭാരതത്തിലെ ഭരണയന്ത്രം തിരിക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം അതിപ്രഗത്ഭരുടെ നിരയുണ്ടായിരുന്നു. എന്നാല്‍ നിയമവിദഗ്ധനായ ബി.ആര്‍. അംബേദ്കറെ ആദ്യ ക്യാബിനറ്റില്‍ ഉള്‍പ്പെടുത്താന്‍ മഹാത്മാ ഗാന്ധിക്ക് നേരിട്ട് ഇടപെടേണ്ടിവന്നു. 1946 ഡിസംബര്‍ ഒമ്പതിന് രൂപീകരിച്ച 296 അംഗ കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയിലും അംബേദ്കറിന് സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് വിമുഖത പ്രകടിപ്പിച്ചു. ഒടുവില്‍ പശ്ചിമബംഗാളില്‍ നിന്നുള്ള ഒരു ദളിത് നേതാവ് സ്വന്തം സ്ഥാനം അംബേദ്കര്‍ക്കായി ഒഴിഞ്ഞുകൊടുത്തു.
ഭരണഘടനാ നിര്‍മാണ സമിതി അധ്യക്ഷ സ്ഥാനമേറ്റെടുത്ത അംബേദ്കര്‍ നീണ്ടനാളത്തെ അക്ഷീണ പ്രയത്നത്തിനൊടുവില്‍ ഭരണഘടനയ്‌ക്ക് രൂപം നല്‍കി. എന്നാല്‍ അതേ ഭരണഘടനാ പ്രകാരം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അംബേദ്കറെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് നന്ദി പ്രകടിപ്പിച്ചത്!
പ്രധാനമന്ത്രിയുമായും ഹിന്ദു കോഡ് ബില്ലുമായും ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടെ അംബേദ്കര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അകന്നു. തുടര്‍ന്ന് ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ സ്ഥാനാര്‍ത്ഥിയായി സ്വതന്ത്ര ഭാരതത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടു. 1952ല്‍ സംവരണ മണ്ഡലമായ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ അംബേദ്കര്‍ ജനവിധി തേടി. എന്നാല്‍ പ്രാദേശിക ദളിത് നേതാവായ എന്‍.എസ്. കജ്രോല്‍ക്കറിനെ മത്സരത്തില്‍ ഇറക്കി കോണ്‍ഗ്രസ് അംബേദ്കറെ പരാജയപ്പെടുത്തി. 1954ല്‍ ബണ്ഡാര മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും കോണ്‍ഗ്രസ് അംബേദ്കറെ പരാജയപ്പെടുത്തി.
അംബേദ്കറോട് കോണ്‍ഗ്രസിനുണ്ടായിരുന്ന അയിത്തം അദ്ദേഹത്തിന്റെ മരണശേഷവും തുടര്‍ന്നു. ജന്മദിനാഘോഷങ്ങള്‍ ഒഴിവാക്കി, അംബേദ്കറെ എന്നും വിസ്മൃതിയിലേക്ക് മാറ്റാന്‍ പിന്‍മുറക്കാര്‍ ശ്രമിച്ചു.
1959ല്‍ അംബേദ്കറുടെ ജന്മസ്ഥലമായ മൗവില്‍ സ്മാരകം സ്ഥാപിക്കാനുള്ള അഭ്യര്‍ത്ഥന ജവഹര്‍ലാല്‍ നെഹ്‌റു തള്ളി. ‘സാധാരണയായി സര്‍ക്കാര്‍ സ്മാരകങ്ങള്‍ സ്ഥാപിക്കാറില്ല’ എന്ന് കുറിച്ച് അപേക്ഷ തള്ളുകയായിരുന്നു. സ്വാതന്ത്ര്യാനന്തരം നാലൂപതിറ്റാണ്ട് പിന്നിട്ടപ്പോഴാണ് അംബേദ്കര്‍ക്ക് ഭാരത രത്നം സമ്മാനിക്കുന്നത്. അതും ബിജെപി പിന്തുണയോടെയുള്ള വി.പി. സിങ് സര്‍ക്കാരും.
അംബേദ്കറുടെ ജന്മസ്ഥലമായ മൗവ്, വിദ്യാഭ്യാസ സ്ഥലമായ ലണ്ടണ്‍, ദീക്ഷാഭൂമിയായ നാഗ്പൂര്‍, അവസാന നാളുകളില്‍ കഴിഞ്ഞ ദല്‍ഹിയിലെ അലിപ്പൂര്‍ റോഡ്, അദ്ദേഹത്തെ സംസ്‌കരിച്ച മുംബൈയിലെ ചൈത്യഭൂമി എന്നിവ പ്രാധാന്യമുള്ള സ്ഥലങ്ങളായി പ്രധാനമന്ത്രിമാരായ വാജ്പേയിയും നരേന്ദ്ര മോദിയും വികസിപ്പിച്ചു. 2015ല്‍, ജനുവരി 26 ഭരണഘടനാ ദിനമായി പ്രഖ്യാപിക്കുകയും ഡോ. അംബേദ്കര്‍ അന്താരാഷ്‌ട്ര കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. 2018ല്‍ ഡോ. അംബേദ്കര്‍ ദേശീയ സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനവും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: