പൂനെ: ഹിന്ദുത്വം സനാതനമായ ജീവിത ധര്‍മമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സേവനവും ത്യാഗവുമാണ് അതിന്റെ അടയാളങ്ങള്‍. സേവനം പരമമായ ധര്‍മമാണെന്നതാണ് ഋഷിദര്‍ശനം. സേവാധര്‍മമാകട്ടെ മാനവികതയുടെ ധര്‍മമാണ്, അദ്ദേഹം പറഞ്ഞു.
പൂനെ ഹിന്ദു ആദ്ധ്യാത്മിക സേവാ സന്‍സ്ഥാന്‍ സംഘടിപ്പിച്ച സേവാ മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്. ശിക്ഷണ്‍ പ്രസാരക് മണ്ഡലി കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സേവാ മഹോത്സവം 22ന് സമാപിക്കും. മഹാരാഷ്‌ട്രയിലെ നിരവധി ക്ഷേത്രങ്ങള്‍, സാമൂഹിക, അദ്ധ്യാത്മിക സംഘടനകള്‍, ആശ്രമങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവയുടെ സേവന പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം ഇതിന്റെ ഭാഗമായുണ്ടാകും.
സേവനം പ്രശസ്തിക്ക് വേണ്ടിയാകരുതെന്ന് സര്‍സംഘചാലക് പറഞ്ഞു. ദേശ, കാല, സാഹചര്യങ്ങള്‍ വിലയിരുത്തി സേവന സമീപനം രൂപീകരിക്കണം. എല്ലാവരെയും ഉള്‍ക്കൊണ്ട്, എല്ലാവര്‍ക്കും വേണ്ടി, എല്ലാവരോടും ചേര്‍ന്ന് എന്നതാണ് സ്വീകരിക്കേണ്ട മാര്‍ഗം. സേവനത്തിലൂടെ പ്രകടമാകേണ്ടത് മനുഷ്യത്വമാണ്. അത് തന്നെയാണ് ലോകത്തിന്റെ ധര്‍മം, സര്‍സംഘചാലക് പറഞ്ഞു. നമ്മള്‍ ലോകസമാധാനത്തിനുവേണ്ടി മുദ്രാവാക്യം വിളിക്കുമ്പോള്‍ ഇതര രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നതെന്താണെന്ന് മനസിലുണ്ടാവേണ്ടത് ആവശ്യമാണ്. അവരെയും മുന്നില്‍ കണ്ടുവേണം സേവനത്തിന്റെ തലം വിശാലമാകേണ്ടത്.
ലോകം നമുക്ക് ഉപഭോഗവസ്തുവല്ല, നമ്മള്‍ കൂടി ഉള്‍പ്പെടുന്നതാണ്. ഈ ബോധം നമുക്കുണ്ടെങ്കില്‍, കുടുംബം, സമൂഹം, ഗ്രാമം, രാജ്യം, രാഷ്‌ട്രം എന്നിവക്കായി സമര്‍പ്പിക്കാന്‍ നാം സജ്ജരാവും, മോഹന്‍ ഭാഗവത് പറഞ്ഞു.
ദേശവും സമൂഹവും പാരമ്പര്യവും ചേര്‍ന്നതാണ് രാഷ്‌ട്രമെന്ന് സ്വാമി ഗോവിന്ദ് ദേവ് ഗിരിജി മഹാരാജ് പറഞ്ഞു. ഛത്രപതി ശിവാജി സേവനം ആരാധനയാണെന്ന പാഠമാണ് പകര്‍ന്നത്. അത് സമാജത്തോടുള്ള കടപ്പാടല്ല, അദ്ദേഹം പറഞ്ഞു. ഇസ്‌കോണ്‍ മേധാവി ഗൗരംഗ് പ്രഭു, ആചാര്യ ലഭേഷ് മുനി മഹാരാജ്, ഗുണ്വന്ത് കോത്താരി, കൃഷ്ണകുമാര്‍ ഗോയല്‍, അശോക് ഗുണ്ടേച്ച, സുനന്ദ രതി, സഞ്ജയ് ഭോസ്ലെ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: