India

കോൺഗ്രസ് ഓഫീസിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു ; കൊലപാതകമെന്ന് ബന്ധുക്കൾ ; അന്വേഷണം ആരംഭിച്ചു

Published by

ലക്നൗ : കോൺഗ്രസ് ഓഫീസിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഗോരഖ്പൂരിൽ നിന്ന് ലക്നൗവിലെത്തിയ പ്രഭാത് പാണ്ഡെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് . ഗോരഖ്പൂർ നിവാസിയായ പ്രഭാത് പാണ്ഡെയെ കോൺഗ്രസ് ഓഫീസിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. സിവിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

പ്രഭാത് പാണ്ഡെയുടെ മരണവാർത്തയറിഞ്ഞ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയും ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കും ആശുപത്രിയിലെത്തി. പ്രഭാതിന്റെ മരണത്തിന്റെ യഥാർത്ഥ കാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ബ്രജേഷ് പഥക് പറഞ്ഞു.

ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് കോൺഗ്രസ് ഓഫീസിൽ നിന്ന് അബോധാവസ്ഥയിൽ പ്രഭാത് പാണ്ഡെയെ സിവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത് . അതേസമയം പ്രഭാതിനെ കൊലപ്പെടുത്തിയതാണെന്നും , വീട്ടിൽ നിന്ന് വരുമ്പോൾ പൂർണ്ണ ആരോഗ്യവാനായിരുന്നുവെന്നും മാതൃസഹോദരൻ മനീഷ് പാണ്ഡെ ഹുസൈൻഗഞ്ച് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

കോൺഗ്രസ് ഓഫീസിൽ വച്ച് പ്രഭാതിന് ആപത്ത് സംഭവിച്ചതാണെന്നും മനീഷ് പരാതിയിൽ പറയുന്നു. പോസ്റ്റ്‌മോർട്ടം വീഡിയോയിൽ പകർത്തുമെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by