World

ചൈനയുടെ സഹായങ്ങളെ പ്രകീർത്തിച്ച് ദിസനായകെ : ഇന്ത്യ സന്ദർശനത്തിന് ശേഷം ശ്രീലങ്കൻ പ്രസിഡന്റ് ചൈന സന്ദർശിച്ചേക്കും

ചൈനയുടെ ധനസഹായത്തോടെ നിർമിക്കുന്ന ഹമ്പൻടോട്ട തുറമുഖത്തിന് സമീപമുള്ള നിക്ഷേപ മേഖലയിൽ ചൈനീസ് കമ്പനികൾ ബിസിനസ് തുടങ്ങുമെന്നും ക്വിൻ കൂട്ടിച്ചേർത്തു. തുറമുഖത്തിന് ചുറ്റും ഒരു ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കുന്നതിനായി 2017-ൽ ഹമ്പൻടോട്ടയുടെ ദീർഘകാല പാട്ടത്തിന് ചൈന കരാർ ഉറപ്പിച്ചിരുന്നു

Published by

കൊളംബോ : ഇന്ത്യ സന്ദർശനത്തിന് ശേഷം ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ ചൈന സന്ദർശിച്ചേക്കാൻ സാധ്യത. അദ്ദേഹത്തെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ദിസനായകയെ ബുധനാഴ്ച സന്ദർശിച്ച ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്റെ (സിപിപിസിസി) നാഷണൽ കമ്മിറ്റി വൈസ് ചെയർമാൻ ക്വിൻ ബോയോങ് ചൈനാ സന്ദർശന വേളയിൽ ദിസനായകയെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് പറഞ്ഞു. കൂടാതെ ചൈനീസ് സഹായത്തെയും ശ്രീലങ്ക നേരിടുന്ന സാമ്പത്തിക വെല്ലുവിളികളിൽ അനുവദിച്ച വായ്പകളെയും ദിസനായകെ അഭിനന്ദിച്ചതായി ക്വിൻ പറഞ്ഞു.

താത്കാലികമായി നിർത്തിവച്ച സമുദ്ര ഗവേഷണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള പദ്ധതികളും അദ്ദേഹം ചർച്ച ചെയ്തതായി ക്വിൻ പറഞ്ഞു. അതേ സമയം സമീപ വർഷങ്ങളിൽ ചൈനീസ് ഗവേഷണ കപ്പലുകൾക്ക് സന്ദർശനം അനുവദിക്കുന്നതിൽ ഇന്ത്യ ശ്രീലങ്കയോട് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ചൈനയുടെ ധനസഹായത്തോടെ നിർമിക്കുന്ന ഹമ്പൻടോട്ട തുറമുഖത്തിന് സമീപമുള്ള നിക്ഷേപ മേഖലയിൽ ചൈനീസ് കമ്പനികൾ ബിസിനസ് തുടങ്ങുമെന്നും ക്വിൻ കൂട്ടിച്ചേർത്തു. തുറമുഖത്തിന് ചുറ്റും ഒരു ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കുന്നതിനായി 2017-ൽ ഹമ്പൻടോട്ടയുടെ ദീർഘകാല പാട്ടത്തിന് ചൈന കരാർ ഉറപ്പിച്ചിരുന്നു.

അതേ സമയം ചൈനീസ് പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ച് പ്രസിഡന്റിന്റെ ഓഫീസും പ്രതികരിച്ചു.

“ഇന്ന് സിപിപിസിസി വൈസ് ചെയർ മിസ് ക്വിൻ ബോയോങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ കടം പുനഃക്രമീകരിക്കുന്നതിലും സാമ്പത്തിക വീണ്ടെടുക്കലിലും ചൈനയുടെ അചഞ്ചലമായ പിന്തുണക്ക് പ്രസിഡൻ്റ് @ അനുരാദിസനായകെ നന്ദി പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ചും ശ്രീലങ്കയിലെ ഭാവി സഹകരണങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തു,” – പ്രസിഡൻ്റിന്റെ ഓഫീസ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

സെപ്റ്റംബറിൽ പ്രസിഡൻ്റായതിന് ശേഷമുള്ള തന്റെ ആദ്യ വിദേശ സന്ദർശനം ദിസനായകെ ഇന്ത്യയിലേക്കാണ് നടത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by