Kerala

പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തി പോസ്റ്റ്; എന്‍ടിപിസി ഉദ്യോഗസ്ഥനെതിരെ അന്വേഷണം

Published by

ഹരിപ്പാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, ധനമന്ത്രി നിര്‍മല സീതാരാമനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ പങ്ക് വെച്ച എന്‍ടിപിസി ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം.

കാര്‍ത്തികപ്പള്ളി സ്വദേശി വിനേഷ് പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ച പരാതിയെ തുടര്‍ന്നാണ് നടപടി. എന്‍ടിപിസി കായംകുളം താപനിലയത്തിലെ ജൂനിയര്‍ എന്‍ജിനീയര്‍ ടി. രഹനകുമാറിനെതിരെയാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. കേന്ദ്ര സര്‍ക്കാരിനെയും പ്രധാന മന്ത്രിയെയും അവഹേളിക്കുന്ന തരത്തില്‍ രഹനകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്ക് വച്ചിരുന്നു. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ്. അന്വേഷണം ആരംഭിച്ചത് മുതല്‍ അത്തരത്തിലുള്ള മുഴുവന്‍ പോസ്റ്റുകളും രഹനകുമാറിന്റെ അക്കൗണ്ടില്‍ നിന്നും അപ്രത്യക്ഷമായി.

തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് രണ്ട് മൂന്ന് തവണ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അന്വേഷണ സംഘത്തിന് മുന്‍പാകെ മൊഴി നല്‍കിയെങ്കിലും അത് സംബന്ധിച്ച കൃത്യമായ തെളിവുകള്‍ നല്‍കാന്‍ രഹനകുമാറിന് സാധിച്ചില്ലയെന്ന് പരാതിക്കാരന് എന്‍ടിപിസി കേന്ദ്ര ഓഫീസില്‍ നിന്നും നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ അവ നീക്കം ചെയ്യുകയും അക്കൗണ്ട് നിര്‍ജീവമാക്കിയെന്നും രഹനകുമാര്‍ പറഞ്ഞെങ്കിലും അത് സംബന്ധിച്ചും വ്യക്തത വരുത്താനോ അന്വേഷണത്തില്‍ രഹനകുമാറിന്റെ ഫെയ്‌സ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്

സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും സ്ഥാപനത്തിനും രാജ്യത്തിനും അപമാനമുണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് രഹനകുമാറിന് നിര്‍ദേശം നല്‍കിയതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നെങ്കിലും മറുപടിയില്‍ തൃപ്തനല്ലെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരന്‍ പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by