Kerala

സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ തട്ടിപ്പ്; 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ, പലിശ സഹിതം തിരിച്ചടയ്‌ക്കാൻ നിർദേശം

Published by

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ. കൃഷി വകുപ്പിലെ മണ്ണ് സംരക്ഷവിഭാഗത്തിലെ ആറ് ജീവനക്കാർക്കെതിരെയാണ് നടപടി. ഉദ്യോഗസ്ഥരില്‍നിന്ന് വാങ്ങിയ പണം 18 ശതമാനം പലിശ ഉൾപ്പടെ തിരികെ പിടിക്കാനുള്ള തീരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്.

കാസര്‍കോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് ഗ്രേഡ് -2 അറ്റന്‍ഡര്‍ സാജിത കെ.എ, പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ഷീജാകുമാരി ജി., വടകര മണ്ണ് സംരക്ഷണ ഓഫീസ് വര്‍ക്ക് സുപ്രണ്ട് നസീദ് മുബാറക്ക്, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ഭാര്‍ഗവി പി, മീനങ്ങാടി മണ്ണ് പര്യവേഷണ അസിസ്റ്റന്‍ഡ് ഡയറക്ടറുടെ കാര്യലായം പാര്‍ട്ട് ടൈം സ്വീപ്പര്‍ ലീല കെ, തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ അനലറ്റിക്കല്‍ ലാബ് പാര്‍ട്ട് ടൈം സ്വീപ്പര്‍ രജനി ജെ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

അനധികൃതമായി ക്ഷേമപെഷന്‍ വാങ്ങുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നേരത്തെ ധനവകുപ്പ് കൃഷി വകുപ്പിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷികവികസന കമ്മീഷന്‍ അടക്കമുള്ളവര്‍ യോഗം ചേരുകയും മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരാണ് കൃഷി വകുപ്പില്‍നിന്ന് അനധികൃതമായി പെന്‍ഷന്‍ വാങ്ങുന്നതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ജീവനക്കാർ ഇത് അബദ്ധത്തില്‍ ചെയ്തതാണെന്ന് കരുതുന്നില്ലെന്ന് കൃഷി മന്ത്രി പി. പ്രസാദ് പ്രതികരിച്ചു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ വളരെ ദുര്‍ബലരായ ജനതയ്‌ക്ക് വേണ്ടി നിശ്ചിയിച്ചിരിക്കുന്ന ഒന്നാണ്. അബദ്ധം പറ്റിയാൽ അത് മനസിലാക്കാം. പക്ഷേ, ഇത് അബദ്ധമാണെന്ന് തോന്നുന്നില്ല. ഇത് തിരിച്ചടയ്‌ക്കുകയും തുടര്‍നടപടികള്‍ നേരിടേണ്ടിവരികയും വേണം. എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കുമെന്നും ഗൗരവകരമായ അന്വേഷണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by