Samskriti

കൃഷ്ണനും കുചേലനും ചന്തമേറിയ സൗഹൃദകഥ

Published by

ക്കാലത്തെയും സതീര്‍ഥ്യ ബന്ധത്തന് ഏറ്റവും നല്ല ഉദാഹരണമാണ് കൃഷ്ണനും കുചേലനും തമ്മിലുള്ള സൗഹൃദം. കൃഷ്ണനും കുചേലനും തമ്മില്‍ സാമ്പത്തികമായി അന്തരം ഏറെ ഉണ്ടായിട്ടും കൃഷ്ണന്‍ ആ സൗഹൃദത്തിന് ഏറെ പ്രാധാന്യം നല്കിയിരുന്നു. ‘മാറത്തെ വിയര്‍പ്പു വെള്ളം കൊണ്ട് നാറും സതീര്‍ഥ്യനെ മാറത്തുണ്മയൊടു ചേര്‍ത്തു ഗാഢം പുണര്‍ന്നു’ എന്ന രാമപുരത്തുവാരിയരുടെ വരികള്‍ മാത്രം മതി ആ സൗഹൃദത്തിന്റെ വ്യാപ്തി അറിയാന്‍. സതീര്‍ഥ്യ സൗഹൃദം ഭാവി ജീവിതത്തില്‍ എപ്രകാരം പ്രതിഫലിക്കുമെന്നതിന് ശ്രീകൃഷ്ണന്‍ തന്നെയാണ് മാതൃക. ധനുമാസത്തിലെ ആദ്യ ബുധനാഴ്ചയാണ് കുചേലദിനമായി ആചരിക്കുന്നത്.

ഭാഗവതം ദശമസ്‌കന്ധത്തില്‍ 80, 81 ശ്ലോകങ്ങളിലാണ് ‘കുചേലഗതി’ വിന്യസിച്ചിരിക്കുന്നത്. ശ്രീകൃഷ്ണനും കുചേലനും, ആ രണ്ടുപേരും പ്രിയ സതീര്‍ഥ്യന്മാരായിരുന്നു. സാന്ദീപനിയായിരുന്നു അവരുടെ ആചാര്യ ശ്രേഷ്ഠന്‍. ഗുരുകുലവാസമായിരുന്നു അവരുടേത്. പഠനം കഴിഞ്ഞ് കൃഷ്ണന്‍ ദ്വാരകയിലേക്ക് പോയതോടെ കൂട്ടുകാര്‍ തമ്മില്‍ കാണാന്‍ സാധിക്കാതെയായി. കാലമേറെ കഴിഞ്ഞ്, പരമദാരിദ്ര്യത്തില്‍പെട്ടുഴലുന്ന ശ്രീകൃഷ്ണഭക്തനായ കുചേലന്‍ പത്‌നിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് സഹപാഠിയും ദ്വാരകാധിപതിയുമായ ശ്രീകൃഷ്ണനെ സന്ദര്‍ശിക്കാന്‍ യാത്രയാകുന്നു. രാത്രിയില്‍ പെട്ടെന്ന് തയാറാക്കിയതിനാല്‍ കല്ലും നെല്ലും കലര്‍ന്ന അവില്‍ (കുചിപിടകം) സതീര്‍ഥ്യന് കൊടുക്കുവാന്‍ കൈയില്‍ കരുതുന്നു.

കുചേലന്റെ തലവെട്ടം ദൂരെക്കണ്ട് കൃഷ്ണന്‍ മട്ടുപ്പാവില്‍ നിന്നോടിയ ആ ഓട്ടവും, കൃഷ്ണന്റെ വരവ് കണ്ടമ്പരന്നു നിന്ന കുചേലന് ലഭിച്ച സ്വീകരണവും, അവില്‍പ്പൊതി തട്ടിപ്പറിച്ചെടുത്ത് കൃഷ്ണന്‍ വാരിവാരിത്തിന്നതും, രുക്മിണി ‘മതിയെന്റെ കൃഷ്ണാ’യെന്ന് പറഞ്ഞതും, ഭക്ഷണ പുണ്യം പങ്കുവച്ചതോടെ കുചേലന്‍ സാമ്പത്തികപ്രാപ്തി കൈവരിച്ചതുമെല്ലാം ചന്തമേറിയ സൗഹൃദകഥയാണ്. എല്ലാവിധ സൗകര്യങ്ങളുമുള്ള ദ്വാരകയുടെ മുന്നിലെത്തി പരിഭ്രാന്തനായി നോക്കിനില്‍ക്കുന്ന ദാരിദ്രത്തിന്റെ പ്രതീകമായ കുചേലനെ കൃഷ്ണന്‍ ഓടിച്ചെന്ന് വാരിപ്പുണരുന്ന രംഗം, ദാരിദ്ര്യത്തിന് കൈത്താങ്ങാകാന്‍ സാധിക്കുന്നതാണ് യഥാര്‍ഥ സമ്പത്തെന്ന ആശയം മാനവസമൂഹത്തിനു പകര്‍ന്നുനല്‍കുന്നതാണ്. ഗുജറാത്തിലാണ് സുദാമാവിന്റെ ജന്മസ്ഥലമെന്നാണ് കരുതിപ്പോരുന്നത്.

സുദാമാപുരിയെന്നാണ് കുചേലന്റെ നാടിന്റെ പേര്. ഇവിടെനിന്നു കാല്‍നടയായാണത്രെ കൃഷ്ണനെത്തേടി കുചേലന്‍ ദ്വാരകയില്‍ എത്തിയത്. ഐതിഹ്യകഥയ്‌ക്ക് തെളിവെന്നോണം സുദാമ ക്ഷേത്രം ഇപ്പോഴും ഇവിടെയുണ്ട്. പോര്‍ബന്ദറിനോടു ചേര്‍ന്നുള്ള സുദാമാപുരി ചരിത്രാതീത കാലം മുതല്‍ക്കേ തീര്‍ഥാടന കേന്ദ്രമാണ്. ഗുരുവായൂര്‍ ഉള്‍പ്പെടെ എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും കുചേലദിനം ഭക്തപൂര്‍വം ആചരിച്ചുവരുന്നു. സര്‍വ്വ ദുഃഖങ്ങളുമകറ്റി മോക്ഷപ്രാപ്തിക്ക് ഭഗവാന്‍ ശ്രീകൃഷ്ണനെ ഭജിക്കുന്നു. അവിലാണ് പ്രധാന നിവേദ്യം.

അതിപ്രശസ്തമായ കുചേലവൃത്തം വഞ്ചിപ്പാട്ടില്‍ (1756) രാമപുരത്ത് ശങ്കരവാര്യര്‍ (1703- 1758) കുചേലോപാഖ്യാനം സഭ്യവും സാമാന്യവുമായിത്തീര്‍ത്തു.

വൈക്കത്ത് പെരുംതൃക്കോവിലപ്പനെ വന്ദിക്കാന്‍ എഴുന്നെള്ളിയ തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ്മ(1706 -1758) അരുളിച്ചെയ്തതനുസരിച്ച് രാമപുരത്ത് വാര്യര്‍ കുചേലവൃത്തം വഞ്ചിപ്പാട്ട് എഴുതിയത്. ക്ഷേത്രത്തില്‍ നിന്ന് തിരികെ പുറപ്പെട്ടപ്പോള്‍ മഹാരാജാവ് കവിയെ പള്ളിയോടത്തില്‍ കൂടെ കൂട്ടി. അതില്‍വച്ച് വാരിയര്‍ താന്‍ രചിച്ച കുചേലവൃത്തം വഞ്ചിപ്പാട്ട് പാടിക്കേള്‍പ്പിച്ചു. സമ്പ്രീതനായ രാജാവ് പാരിതോഷികങ്ങള്‍ നല്കി കവിയെ സമാദരിച്ചു. കോട്ടയം ജില്ലയിലെ മീനച്ചല്‍ താലൂക്കില്‍ രാമപുരത്താണ് വാരിയരുടെ ജനനം. പുനം പത്മനാഭന്‍ നമ്പൂതിരിയാണ് അച്ഛന്‍. അമ്മ പാര്‍വതി വാരസ്യാര്‍. സാഹിത്യലക്ഷ്മിയെ പൊട്ടിച്ചിരിപ്പിച്ച കുഞ്ചന്‍ നമ്പ്യാരും ആട്ടക്കഥാകൃത്തായ ഉണ്ണായിവാരിയരും സമകാലികരായിരുന്നു. ഭാഷാഷ്ടപദി (ഗീതഗോവിന്ദം പരിഭാഷ), ലഘുഭാഷ, നൈഷധം തിരുവാതിരപ്പാട്ട്, ഐരാണവധം തുള്ളല്‍ എന്നിവയും വാര്യരുടെ ഉപലബ്ധികളത്രേ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by