Cricket

മഴ കാത്തു മൂന്നാം ടെസ്റ്റിന് സമനില സമാപ്തി

Published by

ബ്രിസ്‌ബേന്‍: മഴ ഭാരതത്തെ കാത്തു. ഗബ്ബ ടെസ്റ്റ് സമനിലയില്‍ പര്യവസാനിച്ചു. പരമ്പര 1-1 സമനിലയില്‍ തുടരുന്നു.

സ്‌കോര്‍: ഓസ്‌ട്രേലിയ-445, 89/7 ഡിക്ലയേര്‍ഡ് (18 ഓവറുകള്‍); ഭാരതം- 260, 8/0(2.1 ഓവറുകള്‍)
അവസാന ദിവസവും ഗബ്ബ സ്‌റ്റേഡിയത്തിന് മീതെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. സൂര്യ പ്രകാശം തരിപോലും കടന്നുവരാത്ത വിധത്തലായപ്പോള്‍ മത്സരം ഉപേക്ഷിക്കുകയല്ലാതെ വേറെ വഴി ഉണ്ടായില്ല.

തേലന്ന് ഭാരതത്തിനായി അവസാന വിക്കറ്റില്‍ വിരോചിത പ്രകടനം കാഴ്‌ച്ചവച്ച ജസ്പ്രീത് ബുംറ-ആകാശ് ദീപ് സഖ്യം അവസാന ദിവസമായ ഇന്നലെ നാല് ഓവര്‍ കൂടി കളി ദീര്‍ഘിപ്പിച്ചു. ബുംറ(10) പുറത്താകാതെ നിന്നു. ആകാശ് ദീപ്(31) ട്രാവിസ് ഹെഡിന് വിക്കറ്റ് നല്‍കിയതോടെ ഭാരതത്തിന്റെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചു.

ഓസീസ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിക്കാന്‍ മോശം കാലാവസ്ഥ കാരണം വൈകി. 18 ഓവര്‍ ബാറ്റ് ചെയ്ത അവര്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 89 റണ്‍സെടുത്തു. ലീഡ് 275 ആയി ഉയര്‍ത്തിയ ശേഷം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതിനെതിരെ ഭാരതം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ കളി അവസാനിപ്പിച്ചു. ഓപ്പണര്‍ മാരായ കെ.എല്‍. രാഹുലും യശസ്വി ജയ്‌സ്വാളും നാല് വീതം റണ്‍സെടുത്തു നിന്നു. മത്സരം മൂന്നാം ഓവറിന്റെ ആദ്യ പന്ത് എറിയുമ്പോഴേക്കും വെളിച്ചക്കുറവും മഴയും കളി മുടക്കി.

രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ ബുംറ വീഴ്‌ത്തി. ആകാശ് ദീപും മുഹമ്മദ് സിറാജും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡി(17)നെ സിറാജ് പുറത്താക്കി. കഴിഞ്ഞ ഇന്നിങ്‌സിലെ സെഞ്ച്വറിക്കാരന്‍ സ്റ്റീവന്‍ സ്മിത്തി(നാല്)നെയും സിറാജ് ആണ് പുറത്താക്കിയത്. അലെക്‌സ് കാരി 20 റണ്‍സുമായി പുറത്താകാതെ നിന്നു. കമ്മിന്‍സ്(22) ബുംറയ്‌ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് റണ്‍സുമായി പുറത്തകാതെ നിന്നു. മറ്റ് ബാറ്റര്‍മാരില്‍ ഓപ്പണര്‍മാരായ മക്‌സ്വീനി(നാല്), ഉസ്മാന്‍ ഖവാജ(എട്ട്), മാര്‍നസ് ലഭൂഷെയ്ന്‍(ഒന്ന്). മിച്ചല്‍ മാര്‍ഷ്(രണ്ട്) എന്നിവര്‍ നേരത്തെ പുറത്തായി.

ഭാരതത്തിന്റെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യത

ഗബ്ബ ടെസ്റ്റ് സമനിലയിലായതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതം മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. പോയിന്റ് ശതമാനം 55.88 ആയി കുറഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ പോയിന്റ് ശതമാനം 58.89ലേക്കും താഴ്ന്നു. ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്‌ക്ക് 63.33 പോയിന്റുകളുണ്ട്. അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ഫൈനലിന് മുമ്പ് ഭാരതത്തിന് ഇനി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ മാത്രം.

രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ ഭാരതത്തിന് നേടാനാകുക 60.52 പോയിന്റുകളാണ്. ഈ പരമ്പരയ്‌ക്ക് ശേഷം ഓസ്‌ട്രേലിയക്ക് ശ്രീലങ്കയ്‌ക്കെതിരെ രണ്ട് മത്സര എവേ പരമ്പരയുണ്ട്. ഭാരതത്തിനെതിരെ അടുത്ത രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട ശേഷം ഓസീസ് ശ്രീലങ്കയ്‌ക്കെതിരെ രണ്ടെണ്ണത്തില്‍ ജയിച്ചിട്ടും കാര്യമില്ല. അടുത്ത മത്സരങ്ങളില്‍ ഒന്നില്‍ ജയിക്കുകയും മറ്റൊന്ന് സമനിലയിലുമായാല്‍ ശ്രീലങ്കയോട് ഓസ്‌ട്രേലിയ ഒരു മത്സരത്തില്‍ സമനിലയിലാകേണ്ടിവരും. അടുത്ത രണ്ട് മത്സരങ്ങളില്‍ ഒന്ന് ഭാരതം തോല്‍ക്കുകയാണെങ്കില്‍ ശ്രീലങ്ക 2-0ന് ഓസ്‌ട്രേലിയയെ തോല്‍പ്പിക്കണം എങ്കില്‍ മാത്രമേ ഭാരതത്തിന് സാധ്യതയുള്ളൂ.

ദക്ഷിണാഫ്രിക്കയ്‌ക്ക് സ്വന്തം നാട്ടില്‍ പാകിസ്ഥാനെതിരെയും രണ്ട് മത്സര ടെസ്റ്റ് പരമ്പര നടക്കാനുണ്ട്. അതില്‍ ഒരെണ്ണത്തില്‍ ജയിച്ചാല്‍ പോലും ദക്ഷിണാഫ്രക്ക ഫൈനലില്‍ പ്രവേശിക്കും. രണ്ട് ടെസ്റ്റും തോറ്റാല്‍ ഭാരതത്തിന് ഇനി ഓസ്‌ട്രേലിയക്കെതിരെ ഒരു മത്സരത്തില്‍ വിജയിച്ചാല്‍ മതിയാകും. അതിന് ശേഷം ശ്രീലങ്കയ്‌ക്കെതിരെ ഓസ്‌ട്രേലിയ ഒരു വിജയം നേടിയാല്‍ പോലും മൂന്നാം സ്ഥാനക്കാരായി പുറത്താകാന്‍ പോകുന്നത് ദക്ഷിണാഫ്രിക്ക ആയിരിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by