New Release

വിഷ്ണു മഞ്ചു ചിത്രം “കണ്ണപ്പ”; മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Published by

പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ ‘കണ്ണപ്പ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. ചിത്രത്തിൽ “കിരാത” എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതൻ എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ മോഹൻലാൽ കഥാപാത്രം ഒരുക്കിയിരിക്കുന്നതെന്ന് പോസ്റ്ററും അതിലെ വാചകങ്ങളും സൂചിപ്പിക്കുന്നു. “പാശുപതാസ്ത്രത്തിൽ പ്രവീണൻ, വിജയികൾക്കും വിജയൻ, വനത്തിലെ കിരാത പ്രതിഭ” എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത ചിത്രം 2025 ഏപ്രിൽ 25 ന് ആഗോള റിലീസായെത്തും. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നി ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്‌ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിംഗ്, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം. മോഹൻലാൽ കൂടാതെ പ്രഭാസ്, അക്ഷയ് കുമാർ എന്നിവരും ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുന്നുണ്ട്. പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്‌ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം- സ്റ്റീഫൻ ദേവസി, എഡിറ്റർ- ആന്റണി ഗോൺസാൽവസ്, പ്രൊഡക്ഷൻ ഡിസൈനർ – ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനയ് മഹേശ്വർ, ആർ വിജയ് കുമാർ, പിആർഒ- ശബരി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by