ന്യൂദൽഹി: കവിയും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന കെ. ജയകുമാറിന് 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. പ്രഭാവർമ്മ, ഡോ.കവടിയാർ രാമചന്ദ്രൻ, എം കൃഷ്ണൻ നമ്പൂതിരി എന്നിവർ അടങ്ങുന്ന ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
കേരള സർവകലാളാലയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാർ ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ കഴിവ് തെളിയിച്ചു. നിലവിൽ കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്റെ ഡയറക്‌ടറാണ്. കവിതാസമാഹാരങ്ങൾ, വിവർത്തനങ്ങൾ, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി നാൽപ്പതോളം കൃതികൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. അർധവൃത്തങ്ങൾ, രാത്രിയുടെ സാധ്യതകൾ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങൾ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പസിദ്ധീകരിച്ചു.
1952 ഒക്ടോബർ ആറിന് സിനിമാ സംവിധായകനായ എം.കൃഷ്ണൻ നായരുടെയും സുലോചനയുടെയും മകനായി തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. 1978ൽ ഐഎഎസ് നേടിയ അദ്ദേഹം കോഴിക്കോട് ജില്ല കളക്ടർ, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ, വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി തുടങ്ങിയ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: